ശിവ, ശിവാ... വരാനുള്ളത് വയനാട്ടിൽ നിന്നാണെങ്കിലും വന്നുകയറും..! ഒളിപ്പോരിന് പുകൾപെറ്റ കുറിച്യർ വിഭാഗത്തിൽപ്പെട്ട മഹാശയനാണ് ശ്രീ. ഒ.ആർ. കേളു അവറുകൾ. രാജയോഗമുള്ള ദിക്കിൽ നിന്നും വരുന്ന എം.എൽ.എക്ക് മന്ത്രിയാകാനാകുമെന്നു ആർക്കാണറിയാത്തത്. എങ്കിലും തിരുവനന്തപുരം മേയർ ആര്യ സ്വന്തം ആര്യപുത്രനായ എം.എൽ.എയെ മന്ത്രിക്കസേരയിലേക്ക് ആനയിക്കാനാകുമെന്നു കരുതിപ്പോയി. നിയമം മകുടം ചാർത്തിയ ബന്ധുബലമുള്ള ശ്രീനിജൻ എം.എൽ.എയും കരുക്കൾ നീക്കി. എങ്കിലും മന്ത്രിമോഹം കരക്കണഞ്ഞില്ല.
കുറിച്യർ അഥവാ മലബ്രാഹ്മണർ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്തിയ ഇനം ജനുസിൽ പെട്ടവരാണ് തങ്ങളെന്ന് സ്വയം അങ്ങ് വിശ്വസിക്കുന്നവരാണ് കേളുവിന്റെ കൂട്ടം. എന്തിനേറെ ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച സാക്ഷാൽ പഴശ്ശിരാജാവിനെ ഒളിപ്പോരു പഠിപ്പിച്ച വില്ലാളിവീരന്മാരുടെ പിൻമുറക്കാരനാണ് ഈ കേളുവാശാൻ. അന്നും ഇന്നും എന്നും വേട്ടയാടൻ വിരുതുള്ളവർ.
ഇങ്ങനെയൊക്കെയാണെങ്കിലും മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിക്കുന്നു എന്നൊരു ശ്രുതിയുണ്ട്. മലകാരി, കരമ്പിൽ ഭഗവതി, അതിരാളൻ തെയ്യം മുത്തപ്പൻ, ഭദ്രകാളി തുടങ്ങിയവരെ വച്ചാരാധിക്കുന്ന കേളുവിന്റെ വംശാവലിയെ അങ്ങിനെയൊന്നും ആർക്കും കീഴ്‌പ്പെടുത്താനും കുഴിയിലാക്കാനും കഴിയുകയില്ല. മനുഷ്യമൃഗ സംഘർഷങ്ങളിൽ നാട് കലുഷിതമാകുമ്പോൾ മണ്ണറിയുന്നൊരു മന്ത്രിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായിക്കും സഹമന്ത്രിമാർക്കും അല്പം ആശ്വസിക്കാം.
എന്നെന്നും ഇടതിന് ഒപ്പമുണ്ടായിരുന്ന കുറിച്യ വോട്ടുകൾ ഇത്തവണ കുറച്ചെങ്കിലും ബി.ജെ.പിക്കാർ ഒളിപ്പോരിലൂടെ നേടിയെടുത്തിട്ടുണ്ട്. എന്നാൽ കേളുവാശാനെ മന്ത്രിയാക്കുന്നതിലൂടെ അവരെ തിരിച്ചുപിടിക്കാനും കഴിയും. കേൾവികേട്ട നിയുക്ത മന്തിക്കാകാട്ടെ ഭരണതലത്തിൽ വെല്ലുവിളികൾ പലതാണ്. സ്വന്തം മണ്ഡലമായ മക്കിയാട്ടെ ഭൂമി പ്രശ്‌നത്തിൽ സ്ഥിരം പരിഹാരം ഉറപ്പാക്കേണ്ടിവരും.
മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾക്ക് ഉത്തരവാദിയാകും. യാത്രാപ്രശ്‌നങ്ങൾക്ക് പരിഹാരം ചൊല്ലേണ്ടിവരും. മനുഷ്യ മൃഗ സംഘർഷങ്ങളുള്ളിടത്ത് ജനരോഷം തണുപ്പിക്കാനും കഴിയണം..! ഗുളികനും കുട്ടിച്ചാത്തനും പോലെയല്ലേ, മനുഷ്യരും വന്യമൃഗങ്ങളും. ഇരുകൂട്ടർക്കും മദവും മാത്സര്യവും മാത്രമേയുള്ളു. അതുകൊണ്ടും വേറെ പലതുകൊണ്ടും 27 രസായനമുറകൾ കൊണ്ടും പേരെടുത്ത കേളുവിനതൊന്നും ഒരു പ്രശ്‌നമാവുകയില്ലെന്നു പ്രത്യാശിക്കാം.
ഗ്രാമപഞ്ചായത്ത് അംഗമായിട്ടാണ് ഒ.ആർ. കേളു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ തിമിർത്താടി.
ഇനിയപ്പോൾ, പട്ടികജാതിവർഗ ക്ഷേമവകുപ്പിന്റെ ചുമതല മാത്രമാണ് കേളുവിനുണ്ടാകുക. ഇതോടെ വയനാട്ടിൽനിന്നുള്ള സി.പി.എമ്മിന്റെ ആദ്യത്തെ മന്ത്രിയായി ഒ.ആർ. കേളു മാറുകയായി. അതെ, ഇനിയിപ്പോ കേളുവിന്റെ ഒളിപ്പോർ യുദ്ധത്തിന്റെ കേളികൊട്ടിനായി നമുക്ക് കാത്തിരിക്കാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്