സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്ന സെബിക്കുതന്നെ സെക്യൂരിറ്റി കൊടുക്കേണ്ട ഗതികേടിലാക്കാൻ ആരാണിവിടെ മുന്നിട്ടിറങ്ങുന്നത്. ആരെവിടെ..? നിക്ഷേപകരുടെ സമ്പത്ത് രക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സെബിയുടെ ചെയർപേഴ്‌സൺ വളരെ തങ്കപ്പെട്ട മാധബി പുരി ബച്ചിനുവിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാൻ ഒരുകൊലകൊമ്പനേയും ഞങ്ങൾ അനുവധിക്കല്ല. ഹിൻഡൻബർഗ് പോലും ഹിൻഡൻബർഗ്..! ഇങ്ങനെ ആക്രോശിക്കുന്നതാരെന്നോ..? രാജ്യസ്‌നേഹികളാണ്. ഹിൻഡൻബർഗിനെ കേവലം ബർഗർ പോലെ കൈകാര്യം ചെയ്യാനറിയാവുന്ന രാജ്യസനേഹികൾ..!
പാവം അദാനി. എങ്ങിനേയും ഭാരതീയരായവരെയൊക്കെ അതേ, ('ഇന്ത്യാ'ക്കാരുടെ പിന്നിലണിനിരക്കുന്നവരെയല്ല) രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആ പഞ്ചപാവം മനുഷ്യനെതിരെ ഇങ്ങനെയൊക്കെ പറയാൻ കൊള്ളാമോ..? കണ്ണിലും കാതിലും കഴുത്തിലും ചോരയില്ലാത്ത കുറെ ഏഭ്യന്മാർ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇപ്പോതന്നെ നോക്കൂ സെബി ചെയർപേഴ്‌സണിനെതിരായ ഹിൻഡബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ ഇടിവ് സംഭവിച്ചത് രാജ്യത്തിനു തന്നെ വൻ നഷ്ടമല്ലേ ഉണ്ടാക്കി വച്ചിരിക്കുന്നത്. മാധബി ബുച്ചിനും അവരുടെ മാധവൻ ബുച്ചിനും അല്ല ജീവിതപങ്കാളി ധാവൽ ബുച്ചിനും ബെർമുഡയിലും മൗറീഷ്യസിലുമുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടന്നൊയിരുന്നു കുബുദ്ധികളുടെ ആരോപണം.
ഈ പണം ഉപയോഗിച്ചാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, പലവിധ കളികളും കള്ളക്കളികളും നടത്തുന്നതെന്നും അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുരപ്പുറത്തുകയറിനിന്നു കൊട്ടിഘോഷിക്കുന്നു. ഇവിടെ ഏറ്റവും വലിയ കള്ളന്മാർ കോൺഗ്രസുകാരാണെന്നു രാജ്യസ്‌നേഹികൾ ആവുന്നത്ര ഉച്ചത്തിൽ പറഞ്ഞിട്ടും ഈ മുടിഞ്ഞ ഹിൻഡൻബർഗ് കേൾക്കുന്നുണ്ടോ..? അതുപറയുമ്പോൾ പൊട്ടനും ബധിരനും മൂകനുമായി ചട്ടിച്ചട്ടിനടക്കുന്നതു കാണുമ്പോൽ കയ്യെത്തും ദൂരത്തിലായിരുന്നെങ്കിൽ കരണം നോത്തി രണ്ട് പൊട്ടിക്കാമായിരുന്നു.
രാജ്യത്തുടനീളമുള്ള സത്യസന്ധരായ നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നൊക്കെ രാഹുൽ ഗാന്ധി പറയുന്നത് ബാലബുദ്ധിയായി കണ്ടാമതിയെന്നേ..! മാധബി ബുച്ചിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ടിനെ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാൻ വന്നാലൊന്നും ദൈവത്തിന്റെ അംശം പേറുന്ന ഭരണത്തലവൻ കുലുങ്ങില്ല. ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നിട്ടും സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് രാജി വെയ്ക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് രാഹുൽ ഗാന്ധി പ്രധാനമായും ഉന്നയിക്കുന്നത്.
നിക്ഷേപകരുടെ പണം നഷ്ടപ്പെടുകയാണെങ്കിൽ, ആരാണ് ഉത്തരവാദി, പ്രധാനമന്ത്രി മോദിയോ, സെബി ചെയർപേഴ്‌സനോ, ഗൗതം അദാനിയോ? എന്നും രാഹുൽ ചോദിക്കുന്നു. പുതിയ റിപ്പോർട്ട് വളരെ ഗുരുതരമാണ്, ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഇടപെടുമോ എന്നൊക്കെ ആ ബാലബുദ്ധി വീണ്ടും വീണ്ടും ബാലിശമായി ചോദിച്ചുകൊണ്ടിരിക്കുന്നു. പിന്നേ, കോടതിക്കതല്ലേ പണി. വേലി തന്നെ വിളവുതിന്നുന്നു എന്നു കണ്ടുപിടിച്ചവർ ദുർബലമായ ആ വേലിയങ്ങ് പൊളിച്ച് മതിലുകെട്ടാൻ നോക്കണം. അതല്ലപിന്നെ..!
അതേസമയം, അദാനി ഗ്രൂപ്പിന് എതിരെ നേരത്തെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ട ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തിന് സർക്കാരും നരേന്ദ്രമോദിയും തയ്യാറാകാതിരുന്നതിന്റെ കാരണം കൂടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് എന്നു പറയാനും ചിലർ കണ്ടേക്കാം. ഇതൊന്നും യഥാർത്ഥ രാജ്യസേനഹികളെ ഒരുതരത്തിലും ബാധിക്കില്ലെന്നറിയുക. സംശയമുണ്ടെങ്കിൽ രാജീവ് ചന്ദ്രശേഖരനോട് അല്പം കഴിഞ്ഞ് ചോദിക്കുക. കാരണം അദ്ദേഹമിപ്പോൾ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസിനെ സ്വയം വിശ്വസിപ്പിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞാലുടൻ മണിമണിയായി മാലോകരോട് കാര്യങ്ങൾ മുറപോലെ പറയാമെന്നേറ്റിട്ടുണ്ട്. അതുവരെ ഒന്നു ക്ഷമിക്കു...പ്ലീസ്..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്