ഇതാ കടുവയെ കിടുവയല്ല, കിക്കിടുവ തന്നെ പിടിച്ചിരിക്കുന്നു. പറഞ്ഞുവരുന്നത് ആധാർ കാർഡിന്റെ കാര്യമാണ്. അതിനുമുമ്പ് അധാറിന്റെ ഉൽപ്പത്തിപ്പുസ്തകം ഒന്നു പരതി നോക്കാം.
ആധാർ എന്നത് ഒരാളുടെ ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക് ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ മേൽജാതിക്കാർക്കും കീഴ്ജാതിക്കാർക്കും ഇടജാതിക്കാർക്കും സ്വമേധയാ നേടാനാകുന്ന പന്ത്രണ്ടക്ക തിരിച്ചറിയൽ അക്കമാണ്. അല്ലാ, അക്കങ്ങളുടെ ഒരു കളിയേ..!
2016 ജനുവരിയിൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിതമായ നിയമപരമായ അതോറിറ്റിയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. നാനാജാതി മതസ്ഥരുടെ വിവരങ്ങൾ അത്രയും ശേഖരിക്കുന്ന ചുമതല ഇക്കൂട്ടരുടെ തലയിലാണ്. സാമ്പത്തികവും മറ്റ് സബ്‌സിഡികളും ആനുകൂല്യങ്ങളും സേവനങ്ങളും... എന്നുവേണ്ട എല്ലാ തക്കിട തരികിട പരിപാടികൾക്കും ചുക്കില്ലാത്ത കഷായമില്ലെന്നതുപോലെ അധാറില്ലാതെ നടക്കില്ലൊന്നും.
സംഗതി ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡി സംവിധാനമാണത്രെ. ആധാർ..! ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പോൾ റോമർ വരെ ആധാറിനെ 'ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഐഡി പ്രോഗ്രാം' എന്നു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടുപോലും..! പറഞ്ഞിട്ടെന്താ കാര്യം..?
ഇപ്പറയുന്ന ആധാറിനെ വ്യജനാക്കുന്ന കുതന്ത്രം അങ്ങ് രാജസ്ഥാനിൽ ഇപ്പോൾ പരസ്യമായിരിക്കുന്നു. അല്ലാതെ ഈ അരമനരഹസ്യം എവിടെയൊക്ക അങ്ങാടിക്കടവത്ത് പാട്ടും ആട്ടവും ആയിക്കഴിഞ്ഞെന്ന് ആർക്കറിയാം..!
മൃഗീയമായ ഈ ഏർപ്പാട് പാവം പിടിച്ച മൃഗങ്ങളുടെ പേരിലാണെന്നതാണ് മറ്റൊരു വിശേഷം. മൃഗങ്ങളെ പാട്ടിലാക്കി, അല്ലെങ്കിൽ ചാക്കിലാക്കി അവയുടെ കണ്ണും വിരലും ഉപയോഗിച്ച് വ്യാജ ആധാർവിദഗ്ദ്ധമായി നിർമ്മിച്ചെടുത്താണ് ഈ വമ്പൻ തട്ടിപ്പ്.രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് എം.എൽ.എ രത്തൻ ദേവസിയാണ് മൃഗങ്ങളെ വ്യാജ ആധാർ കാർഡ് നിർമിക്കാൻ ഉപയോഗിക്കുന്ന വിഷയം ഉന്നയിച്ചത്. അദ്ദേഹം കുറ്റാന്വേഷണവിദ്യയുടെ ആൾരൂപമായ, മുഖവുര ആവശ്യമില്ലാത്ത ഷെർലക്‌ഹോംസ് സറ്റൈയിലിലാണ് പയറ്റിയതെന്നറിയുന്നു.
എന്തിനേറെ അങ്ങ് ലാറിസ്റ്റൻ ഗാർഡനിലെ ഒരു വസതിയിൽ ഒഴുകിയ ചോരപ്പാടിന്റെ അർത്ഥം തേടി ഷെർലക്‌ഹോംസും സഹായി ഡോ. വാട്‌സണും നടത്തിയ സാഹസികമായ യാത്രയേക്കാൾ ഗംഭീരമായൊരു അന്വേഷണ യാത്ര നടത്തി കണ്ടെത്തിയതാണീ രഹസ്യം. രാജസ്ഥാനിലെ സഞ്ചോരയിൽ വ്യാജ ആധാർ കാർഡ് നിർമാണത്തിനായി മനുഷ്യരുടെ ബയോമെട്രിക്‌സിന് പകരം മൃഗങ്ങളുടെ കൃഷ്ണമണികളും വിരലടയാളങ്ങളും ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഇനി സി.ബി.ഐയെക്കൊണ്ടുതന്നെ വേണം എന്ന ഉറച്ച നിലപാടിലായിരുന്നു കക്ഷി.
അത് രാജസ്ഥാൻ സർക്കാർ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായ നടപടികളുണ്ടാകുമെന്ന് പാർലമെന്ററി കാര്യമന്ത്രി ജോഗരം പട്ടേൽ താഴ്മയോടെ അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഏതെല്ലാം സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം കുത്സിതപ്പണികളുമായി ആരൊക്കെ ഇറങ്ങിയിട്ടുണ്ടെന്ന് കിന്റൻബർഗ് കണ്ടുപിടിക്കുമായിരിക്കും..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്