ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെതിരെ വിജയിച്ചതിന് ശേഷം അമേരിക്കൻ താരം കൊക്കോ ഗൗഫിന് കരച്ചിലടക്കാനായില്ല. മത്സരത്തിന്റെ ആദ്യ സെറ്റിൽ തന്റെ സർവുകൾ തുടർച്ചയായി പിഴച്ചതും കഷ്ടപ്പെട്ട് പിഴവുകൾ തിരുത്തി ജയത്തിലേക്ക് തിരിച്ചുവന്നതുമാണ് കൊക്കോയെ കണ്ണീരിലാക്കിയത്.
7-6(7/5), 6-2 എന്ന സ്‌കോറിനാണ് കൊക്കോ വെകിച്ചിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ തന്റെ സർവുകൾ തുടർച്ചയായി പിഴച്ചപ്പോൾ കൊക്കോ സമ്മർദ്ദത്തിലായി. 4-4എന്ന സ്‌കോറിൽ നിൽക്കവേ വെകിച്ച് പരിക്കേറ്റ് വൈദ്യസഹായം തേടിയ സമയത്ത് കോർട്ടിൽ സർവ് ചെയ്ത് പരിശീലിക്കുകയായിരുന്നു കൊക്കോ. കളിതുടങ്ങിയപ്പോൾ വർവിന്റെ പതിവ് വേഗം കുറഞ്ഞെങ്കിലും കൃത്യത കണ്ടെത്താൻ അമേരിക്കൻ താരത്തിന് കഴിഞ്ഞു.
ടൈബ്രേക്കർവരെ പോയെങ്കിലും ആദ്യ സെറ്റ് നേടിയ കൊക്കോ രണ്ടാം സെറ്റും ജയവും പെട്ടെന്ന് തന്നെ നേടിയെടുത്തു. മത്സരശേഷം കോർട്ടിൽ നടന്ന അഭിമുഖത്തിൽ ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് കൊക്കോ കരഞ്ഞുപോയത്. തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് കൊക്കോ പറഞ്ഞു.
മറ്റ് രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിജയം നേടി വനിതാവിഭാഗം ടോപ് സീഡ് ഇഗ ഷ്വാംടെക്കും പുരുഷ വിഭാഗം ടോപ് സീഡ് യാന്നിക് സിന്നറും മൂന്നാം റൗണ്ടിലെത്തി. ഇഗ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് ഡച്ചുകാരി സൂസൻ ലെമേൻസിനെ മറികടന്നത്. സ്‌കോർ 6-1, 4-6, 6-4. രണ്ടാം സെറ്റിൽ ഇഗയുടെ സർവ് ബ്രേക്ക് ചെയ്ത് ഞെട്ടിച്ച സൂസന് മൂന്നാം സെറ്റിൽ ആ മികവ് നിലനിർത്താനായില്ല. സിന്നർ രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഓസ്‌ട്രേലിയൻ താരം അലക്‌സി പോപ്പിറിനെയാണ് കീഴടക്കിയത്.
മുൻ ലോക ഒന്നാം നമ്പർ താരവും നിലവിൽ 23-ാം സീഡുമായ ജപ്പാന്റെ നവോമി ഒസാക്ക 6-3, 6-1ന് അമേരിക്കൻ താരം ബാപ്പിസ്‌റ്റെയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലേക്കെത്തി. ചെക്ക് താരം കരോളിന മുച്ചോവയും രണ്ടാം റൗണ്ടിൽ വിജയം നേടി. പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് അലക്‌സിസ് സ്വരേവ് 6-4, 6-4, 6-4 എന്ന സ്‌കോറിന് ബ്രിട്ടീഷ് താരം ഫേൺലിയെ തോൽപ്പിച്ചു.
45-ാം വയസിൽ യു.എസ് ഓപ്പണിൽ കളിക്കാനെത്തി സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ പുറത്തായ വീനസ് വില്യംസ് ഡബിൾസിൽ ലെയ്‌ല ഫെർണാണ്ടസിനൊപ്പം രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ കിച്ച്‌നോക്ക് - പെരെസ് സഖ്യത്തെ 7-6(7/4), 6-3നാണ് വീനസ് സഖ്യം കീഴടക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്