ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ഒരു അപൂർവ്വ റെക്കോർഡിൽ ഇടംനേടി പരാഗ്വേ മിഡ്ഫീൽഡർ മിഗ്വൽ അൽമിറോൺ. വെള്ളിയാഴ്ച രാത്രി തുർക്കിക്കെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ വായ പൊത്തി സംസാരിച്ചതിനാണ് അൽമിറോണിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈ കുറ്റത്തിന് ഒരു താരത്തിന് ചുവപ്പ് കാർഡ് ലഭിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. ഈ സമയം പരാഗ്വേ 1-0 ന് മുന്നിലായിരുന്നു. തുർക്കി താരം മെർട്ട് മൾഡറിനോട് മൈതാനത്ത് വെച്ച് എന്തോ സംസാരിക്കുന്നതിനിടെ അൽമിറോൺ തന്റെ വായ കൈകൊണ്ട് മറച്ചുപിടിക്കുകയായിരുന്നു.
പരാഗ്വേ താരം ഫിഫയുടെ പുതിയ നിയമം ലംഘിച്ചതായി മൾഡർ ഉടൻ തന്നെ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഗ്രൗണ്ടിലെ വി.എ.ആർ (VAR) മോണിറ്ററിലൂടെ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് റഫറി അൽമിറോണിന് നേരെ ചുവപ്പ് കാർഡ് ഉയർത്തിയത്.
കളിക്കളത്തിലെ തർക്കങ്ങൾക്കിടയിൽ വായ പൊത്തി സംസാരിക്കുന്ന കളിക്കാർക്കെതിരെ കർശന നടപടിയെടുക്കാനുള്ള നിയമം ഈ ലോകകപ്പിലാണ് ഫിഫ ആദ്യമായി നടപ്പിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരമാണ് ഈ കടുത്ത നിയമത്തിലേക്ക് ഫിഫയെ നയിച്ചത്.
അന്ന് ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി തന്റെ ജേഴ്സി ഉപയോഗിച്ച് വായ പൊത്തിക്കൊണ്ട് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. താരം വായ മറച്ചുപിടിച്ചതിനാൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കണ്ടെത്താൻ ലിപ് റീഡിംഗിലൂടെയോ മറ്റ് സാങ്കേതിക വിദ്യകളിലൂടെയോ അധികൃതർക്ക് സാധിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
