നിലവിലെ ചാമ്പ്യൻ ലിവർപൂളിനെ വീഴ്ത്തി കരബാവോ കപ്പിൽ (ഇഎഫ്എൽ കപ്പ്) മുത്തമിട്ട് ന്യൂകാസിൽ യുണൈറ്റഡ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ ജയം. ഡാൻ ബേൺ(45), അലക്‌സാണ്ടർ ഇസാക്(52) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ലിവർപൂളിനായി ഫെഡറികോ കിയേസ(90+4) ആശ്വാസഗോൾ നേടി.
56 വർഷത്തെ കിരീടവരൾച്ചക്ക് കൂടിയാണ് ന്യൂകാസിൽ വെംബ്ലിയിൽ അറുതി വരുത്തിയത്.
ആദ്യാവസാനം ആവേശംനിറഞ്ഞ മത്സരത്തിൽ ലിവർപൂൾ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ചും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റിയുമാണ് ന്യൂകാസിൽ കിരീടം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോട് തോറ്റ് പുറത്തായ ശേഷം മറ്റൊരു തോൽവിയാണ് ചെമ്പട നേരിട്ടത്.
ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ വന്നത്. കിരിയൻ ട്രിപ്പയറിന്റെ കോർണർ മികച്ചൊരു ഹെഡ്ഡറിലൂടെ ഡാൻ ബേൺ വലയിലെത്തിച്ചു. ഒരു ഗോൾ വഴങ്ങി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ചെമ്പട ആക്രമങ്ങളുമായി കളംനിറഞ്ഞു. എന്നാൽ 52-ാം മിനിറ്റിൽ ന്യൂകാസിൽ മറ്റൊരു പ്രഹരമേൽപ്പിച്ചു. ബോക്‌സിൽ നിന്ന് ജേക്കർ മർഫി നൽകിയ പന്ത് ക്ലിനിക്കൽ ഫിനിഷിലൂടെ സ്വീഡിഷ് സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക് വലയിലാക്കി.
രണ്ടാം പകുതിയിൽ ലിവർപൂളിന് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് വെംബ്ലി സ്റ്റേഡിയത്തിൽ കണ്ടത്. ഒടുവിൽ 90+4 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ അവസാന മിനിറ്റുകളിൽ പ്രതിരോധകോട്ടകെട്ടി ന്യൂകാസിൽ പിടിച്ചുനിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്