മാഞ്ചസ്റ്റർ: നിർണായകമായ നാലാം ടെസ്റ്റിൽ ഒരു ഘട്ടത്തിൽ ഇന്നിംഗ്‌സ് തോൽവി മുന്നിൽക്കണ്ട ഇന്ത്യയെ ക്യാപ്ടൻ ശുഭ്മാൻ ഗില്ലും കെ.എൽ രാഹുലും പ്രതിരോധ കോട്ട കെട്ടി നാലാം ദിനം കടത്തി. 311 റൺസിന്റെ വമ്പൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കുന്നതിന് മുൻപ് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഗില്ലും (പുറത്താകാതെ 167 പന്തിൽ 78) കെ.എൽ. രാഹുലും (പുറത്താകാതെ 210 പന്തിൽ 87) രക്ഷകരായെത്തി.ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 63 ഓവറിൽ 174/2 എന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് 137 റൺസ് കൂടി വേണം.
ഇതോടെ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ക്ലാസിക്ക് ക്ലൈമാക്‌സിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നാലാം ദിനം നേരത്തേ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 669 റൺസിന് ഓൾഔട്ടായി. ക്യാപ്ടൻ ബെൻ സ്റ്റോക്‌സ് (141) സെഞ്ച്വറി നേടി. 544/7 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് മുന്നോട്ട് കൊണ്ടു പോയി, ലിയാം ഡ്വോസന്റെ (24) വിക്കറ്റാണ് ഇംഗ്ലണ്ടിന് ഇന്നലെ ആദ്യം നഷ്ടമായത്. ഡ്വോസനെ ബുംറ ക്ലീൻബൗൾഡാക്കി. പിന്നീട് ബ്രൈഡൻ കാർസിനൊപ്പം (47) സ്റ്റോക്‌സ് 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
198 പന്ത് നേരിട്ട് 11 ഫോറും 3 സിക്‌സും ഉൾപ്പെട്ടതാണ് സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ്. ജഡേജയാണ് സ്റ്റോക്‌സിനെ പുറത്താക്കിയത്. സായി സുദർശനാണ് ക്യാച്ചെടുത്തത്. പിന്നാലെ കാർസിനേയും ജഡേജ തന്നെ മടക്കി ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീലയിട്ടു. സിറാജാണ് ക്യാച്ചെടുത്തത്. ജഡേജ 4 വിക്കറ്റ് വീഴ്ത്തി. സുന്ദറും ബുംറയും 2 വിക്കറ്റ് വീതം വീഴ്ത്തി. ര
ണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ യശ്വസി ജയ്‌സ്വാളിനേയും (0), സായി സുദർശനേയും (ഗോഡൻ ഡക്ക്) അക്കൗണ്ട് തുറക്കുന്നതിന് മുന്നേ നഷ്ടമായിരുന്നു. ക്രിസ് വോക്‌സാണ് രണ്ട് പേരേയും മടക്കിയത്. തുടർന്നാണ് ഗില്ലിന്റെയും രാഹുലിന്റെയും രക്ഷാ പ്രവർത്തനം. തകർക്കപ്പെടാത്ത മൂന്നാം വിക്കറ്റിൽ 377 പന്തിൽ നിന്നാണ് ഇരുവരും 174 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്.
നാലു പതിറ്റാണ്ടിനിടെ ഒരു ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടവും സെഞ്ച്വറിയും സ്വന്തമാക്കുന്ന ആദ്യ ക്യാപ്ടനെന്ന റെക്കാഡ് സ്റ്റോക്‌സ് സ്വന്തമാക്കി.
ടെസ്റ്റിൽ 7000 റൺസും 200 വിക്കറ്റും തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കാഡും സ്റ്റോക്‌സ് കുറിച്ചു.
ബുംറ ആദ്യമായാണ് ടെസ്റ്റിൽ ഒരിന്നിംഗ്‌സിൽ 100 റൺസിലേറെ വഴങ്ങുന്നത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 33 ഓവർ എറിഞ്ഞ ബുംറ 112 റൺസ് വഴങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്