ടി20 വനിതാലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം

OCTOBER 5, 2024, 10:50 AM

ദുബായ്: ട്വന്റി20 വനിതാ  ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് 58 റൺസിന് തോറ്റു.  ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 160/4 എന്ന മികച്ച ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 19 ഓവറിൽ 102 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

ഇന്ത്യൻ ബാറ്റർമാർക്കാർക്കും തിളങ്ങാനായില്ല. 15 റൺെസെടുത്ത ക്യാപ്ടൻ ഹർമ്മൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സമൃതി മന്ഥന (12), ഷഫാലി വെർമ്മ (2),ജമീമ റോഡ്രിഗസ് (13), റിച്ച ഘോഷ് (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. കിവീസിനായി റോസ്‌മേരി നാലും തഹുഹു മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്ടൻ സോഫി ഡിവൈൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ന്യൂസിലൻഡ് ഓപ്പണർമാരായ സൂസി ബേറ്റ്‌സും ( 24പന്തിൽ 27), ജോർജിയ പ്ലിമ്മറും (23 പന്തിൽ 34) കാഴ്ചവച്ചത്. പൂജ വസ്ട്രാക്കർ എറിഞ്ഞ ആദ്യ ഓവറിൽ കിവികളുടെ അക്കൗണ്ടിൽ എത്തിയത് 9 റൺസാണ്. മൂന്നാം ഓവർ എറിയാനെത്തിയ സ്പിന്നർ ദീപ്തി ശർമ്മ വഴങ്ങിയത് ഒരു സിക്‌സ് ഉൾപ്പെടെ 16 റൺസ്. പവർപ്ലേയിൽ ന്യൂസിലൻഡ് 55 റൺസാണ് നേടിയത്. സൂസിയെ ഡീപ് മിഡ് വിക്കറ്റിൽ ശ്രേയങ്ക പാട്ടീലിന്റെ കൈയിൽ എത്തിച്ച് അരുന്ധതി റൈഡ്ഡിയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്.

vachakam
vachakam
vachakam

ഒന്നാം വിക്കറ്റിൽ സൂസിയും ജോർജിയയും 46 പന്തിൽ 67 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. അടുത്ത ഓവറിൽ മലയാളി താരം ആശ ശോഭന ജോർജിയയെ മിഡ് ഓണിൽ സ്മൃതിയുടെ കൈയിൽ എത്തിച്ച് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. രണ്ട് വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടപ്പോൾ കിവീസിന്റെ സ്‌കോറിംഗ് വേഗം കുറഞ്ഞു. എന്നാൽ പിന്നീട് ക്യാപ്ടന്റെ ഇന്നിഗ്സുമായി കളം നിറഞ്ഞ സോഫി  അർദ്ധ സെഞ്ച്വറി നേടി ന്യൂസിലൻഡിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 36 പന്ത് നേരിട്ട് 7 ഫോറുൾപ്പെടെ സോഫി പുറത്താകാതെ 57 റൺസാണ് നേടിയത്.

ഇതിനിടെ 14ാം ഓവറിന്റെ അവസാനം ഹർമ്മൻപ്രീത് കൗർ അമേലിയ കറിനെ റണ്ണൗട്ടാക്കിയെങ്കിലും ബാൾ ഡെഡ്ഡായിക്കഴിഞ്ഞായിരുന്നു റണ്ണൗട്ട് ശ്രമം എന്ന് ചൂണ്ടിക്കാട്ടി അമ്പയർമാർ അമേലിയയെ തിരിച്ചു വിളിച്ചു.  14ാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. ഹർമ്മന്റെ ത്രോയ്ക്ക് മുൻപ് ആ ഓവർ എറിഞ്ഞ ദീപ്തി ശർമ്മ അമ്പയറുടെ കൈയിൽ നിന്ന് തൊപ്പി വാങ്ങിയിരുന്നു. ഹർമ്മൻ ഓവർ ചെയ്ഞ്ചിനായി പന്തുമായി ഓടിവരുന്നതിനിടെയാണ് സോഫിയും അമേലിയയും രണ്ടാം റൺസിനായി ഓടിയത്. ഔട്ട് നിഷേധിച്ചതിന് പിന്നാലെ ഹർമ്മൻ അമ്പയർമാരുമായി തർക്കിച്ചു. ബൗണ്ടറിക്കരികിലെത്തി ഫോർത്തമ്പയറുമായി ഹർമ്മൻ സംസാരിച്ചു.

കോച്ച് അമോൽ മജൂംദാറുമുണ്ടായിരുന്നു. ഇതിനെതുടർന്ന് മത്സരം അല്പനേരം നിറുത്തിവയ്‌ക്കേണ്ടിവന്നു. എന്നാൽ അമ്പയർമാർ തീരുമാനത്തിൽ ഉറച്ചു നിന്നു. അധികം വൈകാതെ മത്സരം പുനരാരംഭിച്ചു. എന്നാൽ അടുത്തഓവറിൽ അമേലിയയെ (13) രേണുക പുറത്താക്കി. പിന്നീടെത്തിയ ബ്രൂക്കിനെയും (16) രേണുകയാണ് മടക്കിയത്. മാഡി (5) സോഫിക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രേണുക രണ്ടും ആശ,അരുന്ധതി എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്ത്തി.

vachakam
vachakam
vachakam


റെക്കോർഡുമായി ആശ ശോഭ

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കാഡ് സ്വന്തമാക്കി തിരവനന്തപുരം സ്വദേശി ആശ ശോഭന. ട്വന്റി20 വനിതാ ലോകകപ്പിൽ ഇന്നലെ ന്യൂസിലൻഡിനെ നേരിടാനിറങ്ങിയഇന്ത്യൻ ടീമിൽ സ്പിന്നറായ ആശയേയും ഉൾപ്പെടുത്തി.

vachakam
vachakam
vachakam

പ്രതീക്ഷ കാത്ത ആശ 4 ഓവറിൽ 22 റൺസ് നൽകി 1 വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ വനിതാ പ്രിമിയർ ലീഗിൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി പുറത്തെടുത്ത പ്രകടനമാണ് ആശയെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്.

പിന്നാലെ 33ാം വയസിൽ ഇന്ത്യൻ ടീമിലേക്കും വിളിയെത്തുകയായിരുന്നു. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഏറ്റവും പ്രായമേറിയ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കാഡും ആശയുടെ പേരിലാണ്.

തുടർന്ന് അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനമാണ് ആശ ഇന്ത്യൻ ജേഴ്‌സയിൽ പുറത്തെടുത്തത്. മറ്റൊരു മലയാളി താരം സജന സജീവനും ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉണ്ടെങ്കിലും ഇന്നലെ അവസാന ഇലവനിൽ ഇടം നേടാനായില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam