ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് തോറ്റ് അർജന്റീന കിരീടം കൈവിട്ടെങ്കിലും, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കായികലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പിംഗ് പ്രകടനത്തിന്.
തിരമാലകൾ പോലെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച സ്പാനിഷ് പടയുടെ ആക്രമണങ്ങൾക്ക് മുന്നിൽ 120 മിനിറ്റോളം ഒരു മനുഷ്യമതിലായി നിലകൊണ്ട അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ 'ഡിബു' മാർട്ടിനസ് ചരിത്ര റെക്കോർഡ് സ്വന്തമാക്കി. മത്സരത്തിൽ അവിശ്വസനീയമായ 11 സേവുകളാണ് മാർട്ടിനെസ് നടത്തിയത്.
ഫിഫ 1966ൽ ഔദ്യോഗികമായി മത്സര റെക്കോർഡുൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ടൂർണമെന്റിലാകെ 10 സേവുകൾ മാത്രം നടത്തിയ സ്‌പെയിനിന്റെ ഉനായ് സിമോൺ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ ഫൈനലിൽ മാത്രം എമിലിയാനോ നടത്തിയത് 11 സേവുകളായിരുന്നു.
ഫൈനലിൽ അർജന്റീനയുടെ കളി പൂർണ്ണമായും പാളിയപ്പോൾ സ്‌പെയിൻ കളം നിറഞ്ഞു കളിച്ചു. നിശ്ചിത സമയത്ത് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞിരുന്നില്ല. അർജന്റീനൻ പ്രതിരോധക്കോട്ട തകർത്ത് സ്പാനിഷ് താരങ്ങൾ ബോക്‌സിലേക്ക് നിരന്തരം വെടിയുണ്ടകൾ പായിച്ചുകൊണ്ടിരുന്നു.
എന്നാൽ ഓരോ തവണയും അർജന്റീനയുടെ രക്ഷകനായി എമി മാർട്ടിനസ് അവതരിച്ചു. പൗ ക്യൂബാർസി, നികോ വില്യംസ് എന്നിവരുടെ ലോങ് റേഞ്ച് ഫ്രീകിക്കുകളും ഷോട്ടുകളും മാർട്ടിനസ് പറന്നുതടഞ്ഞു. വണ്ടർ കിഡ് ലാമിൻ യമാലിന്റെ ഡിഫ്‌ളെ്ര്രക് ചെയ്ത അപകടകരമായ ഷോട്ട് അസാധ്യമായ ഡൈവിംഗിലൂടെയാണ് എമി പുറത്തേക്ക് തട്ടിയത്.
ക്ലോസ് റേഞ്ചിൽ നിന്നുള്ള സ്പാനിഷ് താരങ്ങളുടെ പവർഫുൾ ഹെഡ്ഡറുകൾ പോലും മാർട്ടിനസിന്റെ കൈകളിൽ ഒതുങ്ങി. മത്സരത്തിന്റെ നിശ്ചിത സമയത്തെ ഇഞ്ചുറി ടൈമിൽ അർജന്റെന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു ആ മാന്ത്രിക നിമിഷം പിറന്നത്.
22 വാര അകലെ നിന്നും സ്പാനിഷ് താരം ലാമിൻ യമാൽ എടുത്ത മനോഹരമായ ഫ്രീകിക്ക് അർജന്റീനൻ വലയുടെ ടോപ്പ് കോർണറിലേക്ക് വളഞ്ഞിറങ്ങി. സ്റ്റേഡിയം ഒന്നടങ്കം ഗോൾ എന്ന് ഉറപ്പിച്ച നിമിഷം, വായുവിൽ ഉയർന്ന ചാടിയ മാർട്ടിനസ് വിരൽത്തുമ്പുകൾ കൊണ്ട് പന്ത് തട്ടിയകറ്റി മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടുകയായിരുന്നു. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രക്ഷപെടുത്തലുകളിൽ ഒന്നായി ഇത് മാറി.
മത്സരത്തിന്റെ 106-ാം മിനിറ്റിൽ പകരക്കാരനായി വന്ന ഫെറാൻ ടോറസിന് മാത്രമാണ് മാർട്ടിനസിന്റെ പ്രതിരോധക്കോട്ട തകർത്ത് പന്ത് വലയിലെത്തിക്കാൻ സാധിച്ചത്. ആ ഒരൊറ്റ ഗോളിൽ സ്‌പെയിൻ 1-0 ന് വിജയിച്ച് തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ചൂടിയെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മാസ്മരിക വ്യക്തിഗത പ്രകടനവുമായി തലയുയർത്തിപ്പിടിച്ചാണ് 'ഡിബു' മൈതാനം വിട്ടത്.
തോറ്റെങ്കിലും കായികലോകത്തിന്റെ മുഴുവൻ കയ്യടിയും അർജന്റീനൻ കോട്ട കാത്ത ഈ കാവൽക്കാരനാണ്. ലോകകപ്പിന് തൊട്ടുമുമ്പ് കൈവിരലിൽ പൊട്ടലുണ്ടായിട്ടും ശസ്ത്രക്രിയക്ക് വിധേയനാകാതെ വേദനസംഹാരികൾ കഴിച്ചാണ് ഡിബും ലോകകപ്പിൽ ഗോൾവല കാത്തത്. കഴിഞ്ഞ ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം എമിലിയാനോ മാർട്ടിനെസിനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
