2007-ൽ പരിചയസമ്പന്നരായ മുതിർന്ന താരങ്ങളെ തഴഞ്ഞ് എം.എസ്. ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായി തിരഞ്ഞെടുത്തതിന് പിന്നിൽ വലിയ ചർച്ചകളും അഭ്യൂഹങ്ങളും നടന്നിരുന്നു. യുവരാജ് സിംഗ്, വീരേന്ദർ സേവാഗ്, ഹർഭജൻ സിംഗ് തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് ധോണിയുടെ ക്യാപ്റ്റൻസിയിൽ അതൃപ്തിയുണ്ടായിരുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് അക്കാലത്ത് പ്രചരിച്ചിരുന്നത്. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ധോണിക്ക് കീഴിൽ കളിക്കുന്നതിൽ മുതിർന്ന താരങ്ങൾക്ക് യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ലെന്ന് ഹർഭജൻ വ്യക്തമാക്കി. "ധോണി വളരെ ചെറുപ്പമാണെങ്കിലും അദ്ദേഹം ക്യാപ്റ്റനായതിൽ ഞങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്നവും തോന്നിയിരുന്നില്ല. ക്യാപ്റ്റൻ മാത്രമല്ല പ്രധാനം, ധോണി ഒരു നല്ല ക്യാപ്റ്റനായി അറിയപ്പെടണമെങ്കിൽ 11 കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ധോണിയുടെ വിജയത്തിന് പിന്നിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണുണ്ടായിരുന്നത്," ഹർഭജൻ പറഞ്ഞു.
സൗരവ് ഗാംഗുലിയാണ് തങ്ങൾ ഉൾപ്പെടെയുള്ള താരങ്ങളെ വളർത്തിക്കൊണ്ടുവന്നതെന്നും, ധോണി ക്യാപ്റ്റനാകുമ്പോൾ ഏഴെട്ടു വർഷത്തോളം ഒരുമിച്ച് കളിച്ച് പരിചയസമ്പന്നരായ ഒരു ടീമിനെയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ഹർഭജൻ ചൂണ്ടിക്കാണിച്ചു. കളിക്കാർക്ക് മേൽ തന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ധോണി ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർമിച്ചു.
മുതിർന്ന താരങ്ങൾ വർഷങ്ങളായി കളിച്ചുവരുന്നവരാണെന്നും വിവിധ സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് അവർക്കറിയാമെന്നും ധോണിക്ക് ബോധമുണ്ടായിരുന്നു. ഓരോ കളിക്കാരനിൽ നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതിൽ മാത്രമാണ് ധോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
എം.എസ്. ധോണിയുടെ നേതൃത്വത്തിൽ പ്രഥമ ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യൻസ് ട്രോഫി (2013) എന്നിങ്ങനെ മൂന്ന് ഐ.സി.സി കിരീടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
