ജയ്പൂർ: ക്യാപ്ടൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള രാജസ്ഥാൻ റോയൽസ് ബാറ്റർമാർ വിഷമിച്ച ജയ്പൂരിലെ പിച്ചിൽ അതിമനോഹരമായി ബാറ്റ് ചെയ്ത് അനായാസ ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.
മറുപടിക്കിറങ്ങിയ ആർ.സി.ബി 17.3 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (175/1). ആറ് മത്സരങ്ങളിൽ നിന്ന് 4-ാം ജയം നേടിയ ആർ.സി.ബി 8 പോയിന്റുമായി മൂന്നാമതായി. രാജസ്ഥാൻ 7ാമതാണ്.
അർദ്ധ സെഞ്ച്വറിയുമായി ഓപ്പണർമാരായ ഫിൽ സാൾട്ടും (33 പന്തിൽ 65), വിരാട് കോഹ്ലിയും (പുറത്താകാതെ 45 പന്തിൽ 62) മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ആർ.സി.ബിക്ക് വിജയത്തിലേക്ക് വഴിവെട്ടി. തുടക്കം മുതൽ ടച്ചിലായ സാൾട്ടും കോഹ്ലിയും 52 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സാൾട്ടിനെ യശ്വസി ജയ്‌സ്വാളിന്റെ കൈയിൽ എത്തിച്ച് കുമാർ കാർത്തികേയയാണ് കൂട്ടുകെട്ട് പൊളിച്ചത്. 6 സിക്‌സും 5 ഫോറും ഉൾപ്പെട്ടതാണ് സാൾട്ടിന്റെ ഇന്നിംഗ്‌സ്. തുടർന്നെത്തിയ ഇംപാക്ട് പ്ലെയർ ദേവ്ദത്ത് പടിക്കലും (പുറത്താകാതെ 28 പന്തിൽ 40) കോഹ്ലിക്കൊപ്പം ഈസിയായി ബാറ്റ് ചെയ്തതോടെ ആർ.സി.ബി 15 പന്തിൽ വിജയതീരത്തെത്തി. തകർക്കപ്പെടാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും 53 പന്തിൽ 83 റൺസ് കൂട്ടിച്ചേർത്തു. ആർ.സി.ബി ബാറ്റർമാർ നൽകിയ ക്യാച്ചുകൾ കൈവിട്ടതും രാജസ്ഥാന് തിരിച്ചടിയായി.
തുടക്കത്തിൽ ബാറ്റിംഗ് ദുഷ്‌കരമായ പിച്ച് പിന്നീട് അനുകൂലമായി വരുമെന്ന വിലയിരുത്തൽ കണക്കിലെടുത്ത് ടോസ് നേടിയ ബംഗളൂരു ക്യാപ്ടൻ രജത് പട്ടീദാർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ആർ.സി.ബി ബൗളർമാർ നടത്തിയത്. യശ്വസി ജയ്‌സ്വാളാണ് (47 പന്തിൽ 75) അർദ്ധ സെഞ്ച്വറിയുമായി രാജസ്ഥാന്റെ ടോപ് സ്‌കോററായത്. തുടക്കം മുതൽ ബുദ്ധിമുട്ടിയ ക്യാപ്ടൻ സഞ്ജുവിന് 19 പന്തിൽ 15 റൺസേ നേടാനായുള്ളൂ. സഞ്ജുവിനെ ക്രുനാലിന്റെ പന്തിൽ ഇറങ്ങിയടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ആർ.സി.ബിയുടെ വിക്കറ്റ് കീപ്പർ ജിതേഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
റിയൻ പരാഗ് (30), ധ്രുവ് ജുറൽ (പുറത്താകാതെ 35) എന്നിവരും ഭേദപ്പെട്ട പ്രകനം പുറത്തെടുത്തു. ആർ.സി.ബി ഫീൽഡർമാരും നിരാശപ്പെടുത്തി. ധ്രുവ് ജുറൽ നൽകിയ അനായാസ ക്യാച്ച് കോഹ്ലി നിലത്തിട്ടിരുന്നു. ഈലൈഫ് മുതലാക്കിയാണ് ധ്രുവ് ജുറൽ അവസാന ഓവറുകളിൽ റൺസുയർത്തിയത്. ഭുവനേശ്വർ, യഷ് ദയാൽ, ഹാസൽവുഡ്, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്