ടി20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ്. ടി20യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന നേട്ടമാണ് അർഷ്ദീപ് സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരത്തിൽ പുറത്തിരുന്ന അർഷ്ദീപ്, വിശ്രമം നൽകിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് ടീമിലെത്തിയത്. അവസാന ഓവറിൽ വിനായക് ശുക്ലയെ പുറത്താക്കിയാണ് അർഷ്ദീപ് 100 വിക്കറ്റ് തികച്ചത്. അറുപത്തിനാലാം മത്സരത്തിലാണ് അർഷ്ദീപിന്റെ 100 വിക്കറ്റ് നേട്ടം. ഒമാനെതിരെ ഒരു വിക്കറ്റാണ് അർഷ്ദീപ് വീഴ്ത്തിയിരുന്നത്.
96 വിക്കറ്റുള്ള യുസ്‌വേന്ദ്ര ചാഹലാണ് രണ്ടാം സ്ഥാനത്ത്. 80 മത്സരങ്ങളിൽ നിന്നാണ് ചാഹൽ ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. ദീർഘ കാലമായി ടി20 ഫോർമാറ്റ് കളിക്കാതിരുന്ന ചാഹലിന് ഇനി 100 വിക്കറ്റുകൾ വീഴ്ത്താനാകുമോ എന്നുള്ള കാര്യം കണ്ടറിയണം. 117 മത്സരങ്ങളിൽ 96 വിക്കറ്റുളള ഹാർദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്ത്. 72 മത്സരങ്ങളിൽ 92 വിക്കറ്റുള്ള ജസ്പ്രീത് ബുമ്രയാണ് നാലാം സ്ഥാനത്തുള്ളത്. ഹാർദിക്കിനും ബുമ്രയ്ക്കും ഏഷ്യാകപ്പിനിടെ തന്നെ 100 വിക്കറ്റുകൾ വീഴ്ത്താനുള്ള അവസരമുണ്ട്. 87 മത്സരങ്ങളിൽ 90 വിക്കറ്റുള്ള വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ നാലാം സ്ഥാനത്ത്. ഭുവിയുംനിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ല.
64 മത്സരങ്ങളിൽ, 1329 പന്തുകളാണ് അർഷ്ദീപിന് 100 വിക്കറ്റുകൾ പൂർത്തിയാക്കാൻ വേണ്ടി വന്നത്. ശരാശരി 18.49. സ്‌ട്രൈക്ക് റേറ്റ് 13.3. അതായത് ടി20യിൽ 13 പന്തെറിയുമ്പോൾ ഒരു വിക്കറ്റെടുക്കാൻ അർഷ്ദീപിന് സാധിക്കും. ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായി വാഴ്ത്തപ്പെടുന്ന സാക്ഷാൽ ജസ്പ്രിത് ബുമ്രയുടെ ടി20യിലെ ശരാശരി 17.6 ആണ്, സ്‌ട്രൈക്ക് റേറ്റ് 16.8.
ഏറ്റവും വേഗത്തിൽ നേട്ടം കൈവരിക്കുന്ന പേസ് ബൗളറുകൂടിയാണ് അർഷ്ദീപ്. 53 മത്സരങ്ങളിൽ നിന്ന് 1185 പന്തുകളെറിഞ്ഞ് സമാനനേട്ടത്തിലേക്ക് എത്തിയ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് പട്ടികയിൽ ഒന്നാമൻ. പിന്നിൽ നേപ്പാളിന്റെ സന്ദീപ് ലമിച്ചാനെ. സ്ഥിരതയോടെ വിക്കറ്റെടുക്കാനുള്ള മികവാണ് അർഷ്ദീപിനെ ട്വന്റി 20യിലെ ഇന്ത്യയുടെ പ്രധാന ബൗളറായി പരിഗണിക്കാനുള്ള കാരണങ്ങളിലൊന്ന്. പവർപ്ലേ ഓവറുകളിലും ഡെത്തിലും ഒരേപോലെ എഫക്ടീവാണ് ഇടം കയ്യൻ പേസർ.
പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തവരുടെ പട്ടികയെടുത്താൽ 43 വിക്കറ്റുമായി അർഷ്ദീപ് തന്നെയാണ് മുൻപന്തിയിൽ. 31 വിക്കറ്റുള്ള ഷഹീൻ ഷാ അഫ്രിദിയാണ് പിന്നിലുള്ള പ്രമുഖൻ. ഡെത്ത് ഓവറുകളിൽ 48 വിക്കറ്റ്. ഇക്കാലയളവിൽ 40ലധികം വിക്കറ്റ് അവസാന നാല് ഓവറുകളിൽ നേടിയ മറ്റൊരു ബൗളർ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
