ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തിയ യഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്‌സ്' എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുന്നതിനിടയിൽ, ചിത്രത്തിനും യഷിനും പൂർണ്ണ പിന്തുണയുമായി കാന്താര താരം ഋഷഭ് ഷെട്ടി.
ചിത്രം ഒരു 'ധീരമായ പരീക്ഷണം' ആണെന്ന് വിശേഷിപ്പിച്ച ഋഷഭ്, കഥ വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു എന്നത് അത് തെറ്റായ വഴിയാണെന്ന് അർത്ഥമാക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമയിലെ യാഷിന്റെ പ്രകടനത്തെയും കഥാപാത്രത്തോടുള്ള പ്രതിബദ്ധതയെയും ഋഷഭ് അഭിനന്ദിച്ചു. "ഒരു കലാകാരൻ എന്ന നിലയിൽ ഒരു കഥാപാത്രത്തെ ചെയ്യുമ്പോൾ, അത് തികഞ്ഞ ആത്മാർത്ഥതയോടെ ജീവസ്സുറ്റതാക്കാനാണ് ശ്രമിക്കുന്നത്. ഈ ചിത്രത്തിൽ ശക്തനായ ഒരു കഥാപാത്രത്തിന്റെ പോരാട്ടങ്ങൾ അവതരിപ്പിച്ചിരിക്കുന്ന നിശ്ചയദാർഢ്യം എന്നെ ഏറെ ആകർഷിച്ചു.
സാധാരണ സിനിമകൾ സഞ്ചരിക്കുന്ന വഴിയേ ആയിരിക്കില്ല ഇതിന്റെ ഇതിവൃത്തവും കഥാപാത്രങ്ങളും പോയിരിക്കുന്നത്, എന്നാൽ അതിനർത്ഥം ആ വഴി തെറ്റാണെന്നല്ല. ഒരു ആശയം മനസ്സിൽ ഉടലെടുക്കുന്നത് മുതൽ അത് വെള്ളിത്തിരയിൽ എത്തുന്നത് വരെയുള്ള പരിശ്രമം വളരെ വലുതാണ്," ഋഷഭ് ഷെട്ടി കുറിച്ചു.
കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താൻ യഷ് നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസിനും നിർമ്മാതാക്കൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. കെ.ജി.എഫ് (KGF) പരമ്പരയ്ക്ക് ശേഷം യഷ് നായകനായെത്തിയ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് 'ടോക്സിക്' എത്തിയത്.
എന്നാൽ മാസ് ആക്ഷൻ ചിത്രങ്ങൾ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകർക്ക് മുന്നിൽ വേറിട്ട മേക്കിംഗ് രീതിയും പ്രമേയവും അവതരിപ്പിച്ചതാണ് സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായത്. നേരത്തെ ഉപേന്ദ്ര, കിച്ച സുദീപ് തുടങ്ങിയ പ്രമുഖ കന്നഡ താരങ്ങളും ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
