കാസര്‍കോട്: മകനെതിരായ ഇ.ഡി നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ പ്രതിപക്ഷം പ്രതികരിച്ചതാണ് മുഖ്യമന്ത്രിക്ക് പ്രശ്‌നം. മുഖ്യമന്ത്രിയുടെ മകന് വേണ്ടി ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് കൊടുത്തെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം പ്രതികരിക്കരുതെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ വൈകാരിക മറുപടി കേള്‍ക്കാനല്ല കേരളത്തിന് താല്‍പര്യം. വാര്‍ത്ത വന്നതില്‍ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒന്നും വേണ്ട. അത് എം.എ. ബേബിയുടെ അടുത്ത് മതി. തന്റേ അടുത്ത് വേണ്ട. ഇ.ഡി. നോട്ടീസ് നല്‍കുന്നത് ഒരു നടപടിക്രമമുണ്ട്. എവിടെ വെച്ച്, ഏത് അന്തര്‍ധാര പ്രകാരമാണ് നടപടി ക്രമങ്ങള്‍ നിന്നു പോയതെന്ന് ഇ.ഡിയാണ് വ്യക്തമാക്കേണ്ടത്. മുകളില്‍ നിന്ന് ഇ.ഡിക്ക് നിര്‍ദേശം ലഭിച്ചെന്നാണ് താന്‍ അറിഞ്ഞത്. ഇ.ഡി ഉദ്യോഗസ്ഥരാണോ രാഷ്ട്രീയ നേതൃത്വമാണോ വിഷയത്തില്‍ ഇടപെട്ടതെന്ന് ദുരൂഹതയുണ്ടെന്നും അദേഹം പറഞ്ഞു.
സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി വരെ പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. ലൈഫ് മിഷന്‍ കേസിലാണോ ലാവലിന്‍ കേസിലാണോ നോട്ടീസ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് അഡ്രസില്‍ നോട്ടീസ് നല്‍കിയതായി കേന്ദ്ര ഏജന്‍സിയായ ഇ.ഡിയാണ് സ്ഥിരീകരിച്ചത്. അതിന് വൈകാരികമായല്ല മറുപടി പറയേണ്ടത്.
2023 ല്‍ മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് അയച്ച വിവരം ഇ.ഡിയുടെ വെബ്‌സൈറ്റിലാണ് ഉള്ളത്. അത് ഇപ്പോഴാണ് സാധാരണക്കാര്‍ അറിഞ്ഞത്. അതില്‍ എന്ത് ഗൂഢാലോചനയാണ് ഉള്ളത്. സി.പി.എം സൂക്ഷിച്ചിരുന്നോ എന്ന് താനാണ് പറഞ്ഞത്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റതടക്കം ഇപ്പോള്‍ പുറത്തുവന്നില്ലേ. ഇനിയും കുറേ കാര്യങ്ങള്‍ വരും. പിണറായി വിജയനെ രക്ഷിക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തിന് ആക്ഷേപമുണ്ട്. ലാവലിന്‍ കേസ് 35 തവണയാണ് മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
