കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജിയെ ഉയര്‍ത്തിയത് നന്ദിഗ്രാമിലെ ഭൂസമരമാണ്. നന്ദിഗ്രാമിലും സിംഗൂരിലും സിപിഎം സര്‍ക്കാരിനെതിരെ മമത കടുത്ത പോരാട്ടങ്ങള്‍ നടത്തുകയും പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇതേ നന്ദിഗ്രാമില്‍ മമതയെ വെല്ലുവിളിക്കുകയാണ് ഒരുകാലത്ത് മമതയുടെ ലെഫ്റ്റനന്റും ഇപ്പോള്‍ ഏറ്റവും കടുത്ത ശത്രുവുമായ ബിജെപി എംഎല്‍എ സുവേന്ദു അധികാരി. ഏപ്രില്‍ 6 ന് രാമനവമി ദിവസം കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ നന്ദിഗാമില്‍ അയോധ്യ ശൈലിയിലുള്ള രാമക്ഷേത്രത്തിന് തറക്കല്ലിടുകയാണ് അധികാരി.
നന്ദിഗ്രാം മമതയുടെ രാഷ്ട്രീയ നഴ്‌സറിയാണെങ്കിലും, അധികാരികളുടെ അധികാര കേന്ദ്രമാണ്. നന്ദിഗ്രാം നിയമസഭാ മണ്ഡലമുള്ള തംലുക്കില്‍ നിന്നുള്ള എംപിയായിരുന്നു സുവേന്ദു അധികാരി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരി മമത ബാനര്‍ജിയെ 2000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് നന്ദിഗ്രാമിലായിരുന്നു.
കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ ദിഘയില്‍ പണികഴിപ്പിച്ച ജഗന്നാഥ ക്ഷേത്രം മമത ബാനര്‍ജി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ബംഗാളിന്റെ സാംസ്‌കാരിക നാഴികക്കല്ലായി മമത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പദ്ധതിയാണിത്. ഇതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നന്ദിഗ്രാമിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.
നന്ദിഗ്രാം രാമക്ഷേത്രം ഏകദേശം 1.5 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നിര്‍മിക്കുന്നതെന്ന് സുവേന്ദു അധികാരി വെളിപ്പെടുത്തി.
'അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന് ഉണ്ടായിരിക്കും. നന്ദിഗ്രാമിലെ രാമക്ഷേത്രം പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രാമക്ഷേത്രമായിരിക്കും, കൂടാതെ സംസ്ഥാനത്തെ കോടിക്കണക്കിന് ഭക്തരായ ഹിന്ദുക്കളുടെ രാമനോടുള്ള ഭക്തിയെ പ്രതിഫലിപ്പിക്കുകയും ചെയ്യും,' അധികാരി പറഞ്ഞു.
രാമക്ഷേത്രത്തിന് പുറമേ, സമുച്ചയത്തില്‍ ഒരു ഗോശാല, ഒരു ആയുഷ് (ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ആരോഗ്യ സംരക്ഷണ കേന്ദ്രം, ഒരു ഗസ്റ്റ് ഹൗസ് എന്നിവയും ഉണ്ടായിരിക്കും.
ദിഘയിലെ ജഗന്നാഥ ക്ഷേത്രത്തിന് മറുപടിയായാണ് രാമക്ഷേത്രം ബിജെപി കൊണ്ടുവരുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. 2007-ല്‍ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രസ്ഥാനത്തിനിടെ നന്ദിഗ്രാമില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 14 പേരുടെ സ്മരണയ്ക്കായി ഒരു ആശുപത്രി പണിയുന്നതിനായി നിശ്ചയിച്ച ഭൂമിയിലാണ് ക്ഷേത്രം പണിയുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്