ന്യൂഡെല്‍ഹി: ചൈന ഇന്ത്യക്ക് ഭീഷണിയല്ലെന്നും ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. പിത്രോഡയുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ബിജെപി എംപി സുധാംശു ത്രിവേദി ആരോപിച്ചു.
''ചൈനയില്‍ നിന്നുള്ള ഭീഷണി എനിക്ക് മനസ്സിലാകുന്നില്ല. എല്ലാ രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ സമീപനം തുടക്കം മുതലേ സംഘര്‍ഷഭരിതമാണ്, ഈ മനോഭാവം ശത്രുക്കളെ സൃഷ്ടിക്കുന്നു, അത് രാജ്യത്തിനുള്ളില്‍ പിന്തുണ നേടുന്നു. ഈ ചിന്താഗതി മാറ്റി ആദ്യ ദിവസം മുതല്‍ ചൈന ശത്രുവാണെന്ന് കരുതുന്നത് അവസാനിപ്പിക്കണം, ''സാം പിട്രോഡ ഇപ്രകാരമാണ് അഭിമുഖത്തില്‍ പറഞ്ഞത്.
സാം പിത്രോഡയുടെ നിര്‍ദ്ദേശം ഇന്ത്യയുടെ വ്യക്തിത്വത്തിനും നയതന്ത്രത്തിനും പരമാധികാരത്തിനും കനത്ത പ്രഹരമാണ് എന്ന് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി.
'എനിക്ക് കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹമുണ്ട് - ഇത് ഗാല്‍വാനിലെ രക്തസാക്ഷികളോടുള്ള അവഹേളനമല്ലേ? നമ്മുടെ 20 സൈനികര്‍ വീരമൃത്യു വരിച്ച ഗാല്‍വാനില്‍ എന്താണ് സംഭവിച്ചത്,' ത്രിവേദി ചോദിച്ചു. പിത്രോഡയുടെ പ്രസ്താവന അപലപനീയവും ഇന്ത്യന്‍ സൈന്യത്തെയും നമ്മുടെ സൈനികരുടെ ത്യാഗത്തെയും അപമാനിക്കുന്നതാണെന്നും ത്രിവേദി പറഞ്ഞു.
സാം പിത്രോഡയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. 'ചൈന നമ്മുടെ മുന്‍നിര വിദേശനയ, ബാഹ്യ സുരക്ഷ, സാമ്പത്തിക വെല്ലുവിളിയായി തുടരുന്നു. 2020 ജൂണ്‍ 19 ന് പ്രധാനമന്ത്രിയുടെ പരസ്യമായ ക്ലീന്‍ ചിറ്റ് ഉള്‍പ്പെടെ, ചൈനയോടുള്ള മോദി സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ച് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, ''രമേശ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്