പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി ആര്‍ജെഡിയും കോണ്‍ഗ്രസും. മുസാഫര്‍പൂര്‍ ഉള്‍പ്പടെയുള്ള പല ജില്ലകളിലെയും സ്‌ട്രോങ് റൂമുകളിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് ആര്‍ജെഡി നേതാവും ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവും കോണ്‍ഗ്രസും ആരോപിച്ചിരിക്കുന്നത്.
പല ജില്ലകളിലും സ്ട്രോങ് റൂമുകളിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് ബിഹാറില്‍ വോട്ട് മോഷ്ടിക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു. പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. പുറത്തുവിട്ട വീഡിയോയില്‍ പ്രവര്‍ത്തന രഹിതമായ സിസിടിവി ദൃശ്യങ്ങള്‍ കാണാം.
നേരത്തെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഒരു സ്ട്രോങ് റൂമില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ആര്‍ജെഡി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ കാമറകള്‍ ഓരോന്നായി ഓഫ് ചെയ്തതായും രാത്രി വൈകി ഒരു പിക്കപ്പ് വാന്‍ പരിസരത്ത് പ്രവേശിക്കുന്നതും പോകുന്നതും കണ്ടതായും അവകാശപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പാര്‍ട്ടി ഔദ്യോഗിക ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വോട്ട് കള്ളന്‍ പ്രചാരണത്തിന്റെ മറവില്‍ ദിവസങ്ങളായി ബിഹാറില്‍ തമ്പടിച്ചിരിക്കുകയാണെന്നും വോട്ടെടുപ്പില്‍ കൃത്രിമം നടന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കുകയാണെന്നും ആര്‍ജെഡി പോസ്റ്റില്‍ ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തള്ളി ജില്ലാ ഭരണകൂടവും സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പും രംഗത്തെത്തി. കാമറ ഒരു നിമിഷം പോലും ഓഫ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ഭരണകൂടം ഔദ്യോഗിക പോസ്റ്റില്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
