ന്യൂഡെല്‍ഹി: ലോക്സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ ഓടിപ്പോയി എന്ന് രാഹുല്‍ ആരോപിച്ചു. ലോക്സഭയില്‍ അടിയന്തര വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മൈക്രോഫോണ്‍ ഓഫാക്കിയതായി കോണ്‍ഗ്രസ് എംപി നേരത്തെയും ആരോപിച്ചിരുന്നു.
'പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്നത് പാരമ്പര്യമാണ്. എന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കര്‍) ഓടിപ്പോയി. സഭ നടത്താനുള്ള വഴിയല്ല ഇത്. എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല... അദ്ദേഹം എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു... അദ്ദേഹം സഭ പിരിച്ചുവിട്ടു,' രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമുച്ചയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്പീക്കര്‍ ഓം ബിര്‍ല ജനാധിപത്യവിരുദ്ധമായ രീതിയില്‍ സഭാ നടപടികള്‍ നടത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാനുള്ള തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
'കഴിഞ്ഞ 7-8 ദിവസമായി എനിക്ക് സംസാരിക്കാന്‍ അനുവാദമില്ല. പ്രതിപക്ഷത്തിന് സ്ഥാനമില്ല... സര്‍ക്കാരിന് മാത്രമേ സ്ഥാനമുള്ളൂ. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എനിക്ക് അനുവാദം ലഭിച്ചില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു.
നടപടികള്‍ക്കിടെ ഒരു വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി നിയമങ്ങള്‍ പാലിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.
'ഈ സഭയില്‍, അച്ഛനും മകളും, അമ്മയും മകളും, ഭര്‍ത്താവും ഭാര്യയും അംഗങ്ങളായിരുന്നു. ഈ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് അംഗങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന ചട്ടം 349 അനുസരിച്ച് പെരുമാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' സ്പീക്കര്‍ പറഞ്ഞു.
സംഭവത്തിനുശേഷം, ഗൗരവ് ഗൊഗോയ്, കെ.സി. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ 70 കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭാ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്