കൊച്ചി: കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തെരുവില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു. ഇത്തരം പ്രവൃത്തികളില്‍ നിന്ന് പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിപ്പിക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
വി.ഡി സതീശന് അനുകൂലമായ പ്രകടനങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പട നയിച്ചവന്‍ സര്‍ക്കാരിനെ നയിക്കട്ടേ എന്ന വി.ഡി സതീശന്‍ പക്ഷത്തിന്റെ മുദ്രാവാക്യത്തിനെതിരെയും അലോഷ്യസ് വിമര്‍ശനം ഉന്നയിച്ചു. പട നയിക്കാന്‍ ആരുമൊരു സായുധ വിപ്ലവം നടത്തിയിട്ടില്ലെന്നായിരുന്നു കുറിപ്പിലെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാവണം...!
ഈ പാര്‍ട്ടിയില്‍ എല്ലാതവണയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ബോധ്യമില്ലാത്ത ആളുകള്‍ അല്ലല്ലോ ഉന്നത നേതൃത്വം. കൃത്യമായ നടപടിക്രമങ്ങളുമായ് പാര്‍ട്ടി മുന്നോട്ട് പോവുമ്പോള്‍ കണ്ണടച്ചു ഇരുട്ടാക്കാന്‍ ശ്രമിച്ച് ഈ പാര്‍ട്ടിയേയും അതിന്റെ നേതാക്കന്മാരെയും തെരുവ് വിചാരണയ്ക്ക് വിധേയമാക്കിയാല്‍ എത്ര ഉന്നത നേതാക്കന്മാര്‍ ആയാലും പരസ്യമായി പേരെടുത്ത് വിമര്‍ശിക്കേണ്ടി വരും.
പൊതു സമൂഹത്തിന് മുന്നില്‍ ഈ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാന്‍ ആവില്ല....!
പട നയിക്കാന്‍ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല...! താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോള്‍ മരം വീണു...!
ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്ന നിലപാട് തിരുത്തപ്പെടണം....! കോണ്‍ഗ്രസ് നേതാക്കന്മാരുടെ യോഗ്യതയും അയോഗ്യതയും തെരുവ് വിസ്താരത്തിന് വിധേയമാകണമെന്ന ധാരണ നേതൃത്വത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഈ പ്രതിഭാസത്തിന് ശേഷം അതിനെല്ലാം മറുപടി പറയേണ്ടി വരും.
മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാര്‍ട്ടി തീരുമാനിക്കും.
പരിധി വിട്ടാല്‍ എല്ലാ പരിധിയും വിടും...!
ഓര്‍മ്മ പുസ്തകത്തിന്റെ താളുകള്‍ തുറപ്പിക്കരുത്.
Give respect and take respect...!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
