ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ചാവേര്‍ ബോംബറായി മാറാനും പാകിസ്ഥാനെതിരെ യുദ്ധത്തിന് പോകാനും താന്‍ തയ്യാറാണെന്ന് കര്‍ണാടക ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി സെഡ് സമീര്‍ അഹമ്മദ് ഖാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചാല്‍ ചാവേര്‍ ബോംബറായി പാകിസ്ഥാനിലേക്ക് പോകാമെന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. ഒരു പത്രസമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
'പാകിസ്ഥാന്‍ എപ്പോഴും ഇന്ത്യയുടെ ശത്രുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്നെ അനുവദിച്ചാല്‍, ഒരു ബോംബ് എന്റെ ശരീരത്തില്‍ കെട്ടിവച്ച് പാകിസ്ഥാനിലേക്ക് പോയി ആക്രമണം നടത്താന്‍ ഞാന്‍ തയ്യാറാണ്.' രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്നും നിര്‍ണായക നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാവരും പൊട്ടിച്ചിരിച്ചപ്പോള്‍ താന്‍ തമാശ പറയുകയല്ലെന്നും ഗൗരവമായാണ് ആവശ്യമുന്നയിക്കുന്നതെന്നും ഖാന്‍ പറഞ്ഞു. ഭീകരതയെ നേരിടാന്‍ ഓരോ ഇന്ത്യക്കാരനും ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ശക്തമായ ദേശീയ സുരക്ഷാ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാനെതിരെ സായുധ പ്രതികാരം ചെയ്യാതെ സംയമനവും നയതന്ത്രവും പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സ്വീകരിച്ച നിലപാടും വിവാദമായിരുന്നു. 'യുദ്ധം പരിഹാരമല്ല. അത് ഇരുവശത്തും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാന്‍ മാത്രമേ ഇടയാക്കൂ. വൈകാരിക പൊട്ടിത്തെറികളിലല്ല, മറിച്ച് ദേശീയ താല്‍പ്പര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിവേകത്തോടെ പ്രവര്‍ത്തിക്കുകയും വേണം.' എന്നാണ് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേതാക്കളില്‍ നിന്നുള്ള വിവാദ പ്രസ്താവനകള്‍ വിലക്കി കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തക സമിതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പ്രതികരണങ്ങള്‍ പാര്‍ട്ടി നിലപാടിനനുസരിച്ചാവണമെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രത്യേക ഉത്തരവില്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്