കോട്ടയം: കേരള കോൺഗ്രസ് എമ്മിന്‍റെ സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കാൻ ധാരണ.
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് എൻ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ, അഞ്ച് എംഎൽഎമാരും രണ്ടില ചിഹ്നത്തിൽ വീണ്ടും ഇറങ്ങുമെന്ന് ഉറപ്പിച്ചു.
പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ മണ്ഡലത്തിൽ എന്ത് നടക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാലാ വിട്ട് പോയാൽ രാഷ്ട്രീയ ഒളിച്ചോട്ടമെന്ന വിമർശനം നേരിടേണ്ടി വരുമെന്നാണ് ജോസ് കെ. മാണിയുടെ വിലയിരുത്തൽ. അതിനാൽ പാലായിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട ജോസ് കെ.മാണി തന്നെ വീണ്ടും മത്സരിച്ചേക്കും.
പാലാ അല്ലെങ്കിൽ കടുത്തുരുത്തിയിൽ ജോസ് കെ മാണി ഇറങ്ങണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മത്സരിച്ച സ്റ്റീഫൻ ജോർജ് ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മിയേയും കടുത്തുരുത്തിയിൽ പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ തവണ 13 സീറ്റാണ് കേരള കോൺഗ്രസ് എമ്മിന് കൊടുത്തത്. എന്നാൽ കുറ്റ്യാടി സീറ്റ് കൊടുത്തതിനെതിരെ സിപിഎം തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ 12 ഇടത്ത് മാത്രമാണ് കേരള കോൺഗ്രസ് എമ്മിന് മത്സരിക്കാൻ കഴിഞ്ഞത്. ഇത്തവണ കുറ്റ്യാടി ഇല്ലെങ്കിൽ മറ്റൊരു സീറ്റ് വേണമെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. കോഴിക്കോട് ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ടി എം ജോസഫ് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
