കൊച്ചി: കൂറുമാറുമെന്ന് ഭയന്ന് കൂത്താട്ടുകുളം സിപിഎം കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയതായി പരാതി. സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കാറില്‍ കടത്തിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നത്. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും എതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെയായിരുന്നു സംഭവം.
പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് കൗണ്‍സിലറെ തട്ടികൊണ്ടുപോയതെന്നാണ് ആരോപണം. ഇരുപതോളം ആളുകള്‍ ചേര്‍ന്നാണ് കലയെ വാഹനത്തിലേക്ക് കയറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മൂന്നു കാറുകളിലായി എത്തിയ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കൊപ്പമായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍ കലാരാജു ഉണ്ടായിരുന്നത്. യുഡിഎഫിന്റെ കൗണ്‍സിലറെ മൂക്കിന് ഇടിച്ചു വീഴ്ത്തിയ ശേഷം കലാരാജുവിനെ 20 അംഗ സംഘം കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് പ്രതിപക്ഷം പറയുന്നത്.
യുഡിഎഫിലെ 11 കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. ചെയര്‍പേഴ്സണെതിരേയുള്ള അവിശ്വാസപ്രമേയം രാവിലെ 11-നും വൈസ് ചെയര്‍മാനെതിരേയുള്ള അവിശ്വാസപ്രമേയ ചര്‍ച്ച ഉച്ച കഴിഞ്ഞ് മൂന്നിനുമാണ് തീരുമാനിച്ചിരുന്നത്.
ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ 25 കൗണ്‍സിലര്‍മാരാണ് ആകെ ഉള്ളത്. ഇതില്‍ 13 പേര്‍ എല്‍ഡിഎഫും 11 പേര്‍ യുഡിഎഫും ഒരു സ്വതന്ത്രനുമാണുള്ളത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിന് ഉത്തരവായിട്ടുണ്ട്. അവിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുന്നതിന് തൊട്ടുമുന്‍പ് വ്യാഴാഴ്ച അടിയന്തര കമ്മിറ്റി ചേര്‍ന്നതു സംബന്ധിച്ച് യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്