ന്യൂഡെല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപി നെയ്ത ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും വല തകര്‍ന്നെന്ന് വ്യക്തമാക്കുന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
''കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍, വ്യവസായികള്‍, തൊഴിലുടമകള്‍ എന്നിവരുള്‍പ്പെടെ എല്ലാ വിഭാഗവും സ്വേച്ഛാധിപത്യത്തെ പൂര്‍ണ്ണമായും നശിപ്പിക്കാനും നീതിയുടെ ഭരണം സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. പൊതുജനങ്ങള്‍ അവരുടെ ജീവിത പുരോഗതിക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയാണ്,' രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ബിജെപിയുടെ മോശം പ്രകടനത്തിന് അതിന്റെ അഹങ്കാരവും ദുര്‍ഭരണവും നിഷേധാത്മക രാഷ്ട്രീയവും കാരണമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാഷ്ട്രീയ വിശ്വാസ്യത തകരുന്നതിന്റെ ശക്തമായ തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പല്‍ ഇന്ത്യ ബ്ലോക്ക് പാര്‍ട്ടികള്‍ 10 സീറ്റുകള്‍ നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. ബിജെപിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.
അതേസമയം ഫലത്തെ അമിതമായി വ്യാഖ്യാനിക്കുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം മുന്നറിയിപ്പ് നല്‍കി. എങ്കിലും ബിജെപിക്ക് തള്ളിക്കളയാന്‍ കഴിയാത്ത പാഠങ്ങള്‍ ഇതില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും വിദ്വേഷം പരത്തുന്നതുമാണ് ബിജെപിയെ ജനങ്ങളുടെ അപ്രീതിക്ക് പാത്രമാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്