ബിജെപിക്കും ആര്‍എസ്എസിനും ഭരണഘടന നശിപ്പിക്കണമെന്ന കുടില അജണ്ട: രാഹുല്‍ ഗാന്ധി

MARCH 10, 2024, 11:17 PM

ന്യൂഡല്‍ഹി: ഭരണഘടന തിരുത്തുമെന്ന ബിജെപി എംപി അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപിക്കും ആര്‍എസ്എസിനും ഭരണഘടന തകര്‍ക്കണമെന്നും തിരുത്തണമെന്നുമുള്ള കുടില അജണ്ടയാണ് ഉള്ളതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശനം.

തന്റെ കക്ഷിക്ക് ഭരണഘടന തിരുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ഹെഗ്‌ഡെ കര്‍ണാടകയിലെ കാര്‍വാറില്‍ നടന്ന ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അനാവശ്യമായി ഭരണഘടനയില്‍ പലതും ചേര്‍ത്തിട്ടുണ്ടെന്നും അതെല്ലാം ഒഴിവാക്കേണ്ടതുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സംഘ പരിവാരത്തിനുമുള്ള കുടില തന്ത്രങ്ങളും മറച്ച് വച്ചിരിക്കുന്ന താത്പര്യങ്ങളുമാണ് ബിജെപി എംപിയുടെ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഏകാധിപത്യം കൊണ്ടുവരാനുള്ള മോഡിയുടെയും ആര്‍എസ്എസിന്റെയും കുടില നീക്കങ്ങളാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത് എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

മോദി സര്‍ക്കാരിനും ബിജെപിക്കും ആര്‍എസ്എസിനും ഏകാധിപത്യം കൊണ്ടുവരണമെന്ന രഹസ്യ താത്പര്യം ഉണ്ട്. അവിടെ അവര്‍ക്ക് അവരുടെ മനുവാദി മനോഭാവം ഇന്ത്യന്‍ ജനതയുടെ മേല്‍ നടപ്പാക്കി പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും മറ്റ് പിന്നാക്കവിഭാഗങ്ങളുടെയും അവകാശങ്ങള്‍ കവരേണ്ടതുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

അവരുടെ പുതിയ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളുണ്ടാകില്ല. അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം കാട്ടും. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ തകര്‍ത്തെറിയും. നമ്മുടെ നാനാത്വത്തില്‍ ഏകത്വത്തെയും മതേതരത്വത്തെയും ആര്‍എസ്എസു ബിജെപിയും നശിപ്പിക്കും. എന്നാല്‍ സംഘപരിവാറിന്റെ ഈ താത്പര്യങ്ങളൊന്നും നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കാര്‍ഗെ പറഞ്ഞു.

ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നുമുണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ഇത്തരം ആഹ്വാനങ്ങള്‍ ഭരണഘടന സ്രഷ്ടാക്കളുടെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ആശയങ്ങളോടുള്ള ചോദ്യം െചയ്യാനാകാത്ത കടപ്പാടിന് നേര്‍ക്കുള്ള കടന്ന് കയറ്റമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നീതിയും സമത്വവും സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടനയുടെ ശക്തമായ തൂണുകളാണ്. ഈ തത്വങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് ബാബാ സാഹേബ് ഡോ അംബേദ്ക്കറിനോടും നമ്മുടെ രാഷ്ട്രശില്‍പ്പികളോടും നാം കാട്ടുന്ന അനാദരവാകും. നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യാക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. സംവിധാന്‍ ബച്ചാവോ ബിജെപി ഹഠാവോ എന്ന ഹാഷ് ടാഗോടെ ആയിരുന്നു അദ്ദേഹത്തിന്റെ എക്സിലെ പോസ്റ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam