കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ സംഘടനാ അഴിച്ചുപണി. പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയും ആഭ്യന്തര തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത വിമത നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് മമത ബാനര്‍ജിയുടെ നിര്‍ണായക നീക്കം. പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രാദേശിക ഘടകങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യുവനേതാവ് അര്‍ണബ് ബാനര്‍ജിയെ സംസ്ഥാന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും, പ്രമുഖ നേതാവ് കുനാല്‍ ഘോഷിനെ വടക്കന്‍ കൊല്‍ക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു. കൂടാതെ ന്യൂനപക്ഷ സെല്‍ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും, മഹിളാ വിംഗ് പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു. മുതിര്‍ന്ന നേതാക്കളായ സൗഗത റോയ്, ജ്യോതിപ്രിയ മല്ലിക് എന്നിവരെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിമതരെ വെട്ടിമാറ്റി നേതൃത്വം
പാര്‍ട്ടി വിട്ടവരെയും നേതൃത്വത്തോട് അകലം പാലിച്ചവരെയും പുതിയ കമ്മിറ്റികളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയതായി ടിഎംസി എംപി സൗഗത റോയ് മാധ്യമങ്ങളോട് പറഞ്ഞു. മഹുവ മൊയ്ത്ര, ബിമന്‍ ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സൂം വഴി വിര്‍ച്വലായി ഈ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 20 ഓളം ലോക്‌സഭാ എംപിമാര്‍ പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ അടിയന്തര നീക്കം.
സുദീപ് ബന്ദോപാധ്യായ, കാകൊലി ഘോഷ് ദസ്തിദാര്‍, ശതാബ്ദി റോയ്, പ്രസൂണ്‍ ബാനര്‍ജി, രചന ബാനര്‍ജി, സയോനി ഘോഷ്, ദേവ്, യൂസഫ് പഠാന്‍ തുടങ്ങിയ പ്രമുഖര്‍ വിമത സ്വരമുയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കര്‍ശന അച്ചടക്കം ഉറപ്പാക്കാനും അണികള്‍ക്കിടയില്‍ ഐക്യത്തിന്റെ സന്ദേശം നല്‍കാനുമാണ് മമത ബാനര്‍ജിയും സംഘവും ലക്ഷ്യമിടുന്നത്.
ഇവിഎം കത്തിയതില്‍ പ്രതിഷേധം
അടുത്തിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളെയും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതിനെയും യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെ ടിഎംസി ശക്തമായി അപലപിച്ചു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 4,000 ത്തോളം ഇവിഎമ്മുകള്‍ കത്തിയ സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ വ്യക്തത വരുത്തണമെന്നും പാര്‍ട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
