കൊച്ചി: തകഴിയുടെ 'ചെമ്മീൻ' ഉൾപ്പെടെ ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റിയ, മലയാളത്തിന്റെ മരുമകളായി കൊച്ചിയിൽ ജീവിച്ച ജപ്പാൻ സ്വദേശിയായ സാഹിത്യകാരി തക്കാക്കോ (79) അന്തരിച്ചു. പറവൂർ കൂനമ്മാവ് ചിത്രാകവലയിൽ മുല്ലൂർവീട്ടിൽ തോമസ് മുല്ലൂരിന്റെ ഭാര്യയാണ്. 2013 മാർച്ചിൽ ബസ് യാത്രയ്ക്കിടെ തല കമ്പിയിലിടിച്ച് പരിക്കേറ്റ തക്കാക്കോയ്ക്ക് പക്ഷാഘാതമുണ്ടായി. തുടർന്ന് വീൽചെയറിലായിരുന്നു ജീവിതം. ഇടയ്ക്ക് നഷ്ടമായ സംസാരശേഷി നീണ്ട ചികിത്സയ്ക്കുശേഷം വീണ്ടെടുത്തിരുന്നു.
മക്കൾ: മേരി കാർമൽ, ആന്റണി ജോസഫ് (ക്യാപ്ടൻ, ഇന്ത്യൻ മർച്ചന്റ് നേവി), ലൂസി ക്രിസ്റ്റീന (കാനഡ).
മരുമക്കൾ: ഡാമിയൻ, ജസ്റ്റിൻ, അനില. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മക്കൾ എത്തിയശേഷം സംസ്‌കാരം നടക്കും.
തോമസ് മുല്ലൂർ ജപ്പാനിൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നപ്പോഴാണ് പ്രണയിച്ച് 1967ൽ വിവാഹിതരായത്. കൂനമ്മാവിൽ സ്ഥിര താമസമാക്കി. 23 -ാം വയസിൽ കേരളത്തിലെത്തി. കേരളീയ ശൈലിയിലായിരുന്നു ജീവിതം.
തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' അടക്കം 12 കഥകൾ തക്കാക്കോ ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തു. തകഴിയെക്കുറിച്ച് രണ്ട് ഡോക്യുമെന്ററികളും തയ്യാറാക്കി. ചെമ്മീന്റെ പരിഭാഷയ്ക്കായി തകഴിയുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. 1976ൽ എബി എന്ന പേരിൽ പരിഭാഷ പൂർത്തിയാക്കിയെങ്കിലും പ്രസിദ്ധീകരിക്കാനായില്ല. അപ്പോഴേക്കും വേറെ പ്രസാധകർ ജാപ്പനീസിൽ ചെമ്മീൻ ഇറക്കിയിരുന്നു.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചററായി 12 വർഷത്തോളം ജാപ്പനീസ് ഭാഷ പഠിപ്പിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിൽ മൂന്നുവർഷം ദ്വിഭാഷിയായി. ജാപ്പനീസ് കോൺസുലേറ്റിലെ ലെയ്‌സൺ ഓഫീസറായും ജപ്പാൻ റേഡിയോയിൽ ട്രാൻസ്ലേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക സേവനങ്ങളിലും ഏർപ്പെട്ടു. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ സിനിമയുടെ ചിത്രീകരണവേളയിൽ സഹ നിർമ്മാതാക്കളായ ജപ്പാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പ്രതിനിധികൾക്കുവേണ്ടി പരിഭാഷകയായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1