അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വനിതാ മുന്നേറ്റം; ഗവർണർ പദവികളിലും സെനറ്റിലും ഡെമോക്രാറ്റിക് വനിതകൾക്ക് ചരിത്രവിജയം

NOVEMBER 5, 2026, 1:58 AM

വാഷിംഗ്ടൺ ഡി.സി.: 2026 നവംബർ മൂന്നിന് നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ വനിതാ സ്ഥാനാർത്ഥികൾ കൈവരിച്ച വിജയങ്ങൾ അമേരിക്കൻ രാഷ്ട്രീയചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്നു. ജോർജിയ, ടെക്‌സസ്, ന്യൂ മെക്‌സിക്കോ, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ച വനിതകൾ രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കുന്നു.

ജോർജിയയിൽ മുൻ അറ്റ്‌ലാന്റ മേയർ കീഷ ലാൻസ് ബോട്ടംസ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ ചരിത്രത്തിൽ ഒരു സംസ്ഥാനത്തിന്റെ ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയെന്ന നേട്ടം സ്വന്തമാക്കി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റിക്ക് ജാക്‌സണെയാണ് അവർ പരാജയപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട റിപ്പബ്ലിക്കൻ ഭരണത്തിന് ഇതോടെ ജോർജിയയിൽ വിരാമമായി.

ടെക്‌സസിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജീന ഹിനോഹോസ നിലവിലെ റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് അബോട്ടിനെ പരാജയപ്പെടുത്തി ചരിത്രവിജയം നേടി. ടെക്‌സസിന്റെ ചരിത്രത്തിലെ ആദ്യ ലാറ്റിന വംശജയായ വനിതാ ഗവർണറാകുന്ന ഹിനോഹോസയുടെ വിജയം, മൂന്ന് പതിറ്റാണ്ടിലേറെയായി റിപ്പബ്ലിക്കൻ പാർട്ടി കൈവശംവച്ചിരുന്ന ഗവർണർ പദവി ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുന്നതിനും കാരണമായി.

vachakam
vachakam
vachakam

ന്യൂ മെക്‌സിക്കോയിൽ മുൻ അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ഡെബ് ഹാലൻഡ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ ഗവർണർ പദവിയിലെത്തുന്ന ആദ്യ തദ്ദേശീയ അമേരിക്കൻ വനിതയെന്ന ചരിത്രനേട്ടമാണ് അവർ സ്വന്തമാക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രെഗ് ഹള്ളിനെ പരാജയപ്പെടുത്തിയ ഹാലൻഡിന് ഏകദേശം 57 ശതമാനം വോട്ടുകൾ ലഭിച്ചു.

ഒഹായോയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ. ഏമി ആക്ടൺ, ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമിയെ പരാജയപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ആക്ടണിന്റെ വിജയം ഡെമോക്രാറ്റുകൾക്ക് നിർണായക രാഷ്ട്രീയ നേട്ടമായി. ഏകദേശം 52.3 ശതമാനം വോട്ടുകൾ ആക്ടണിന് ലഭിച്ചപ്പോൾ രാമസ്വാമിക്ക് 44.4 ശതമാനമാണ് ലഭിച്ചത്.

അരിസോണയിൽ ഡെമോക്രാറ്റിക് ഗവർണർ കെയ്റ്റി ഹോബ്‌സ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മസാച്യുസെറ്റ്‌സിൽ മൗറ ഹീലിയും ന്യൂയോർക്കിൽ കാത്തി ഹോക്കലും ഗവർണർ പദവികൾ നിലനിർത്തി. ഭരണത്തുടർച്ച ഉറപ്പാക്കിയ ഈ വിജയങ്ങളും ഡെമോക്രാറ്റിക് വനിതാ നേതൃത്വത്തിന്റെ പ്രധാന നേട്ടങ്ങളായി.

vachakam
vachakam
vachakam

അമേരിക്കൻ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് വനിതകൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. മിനസോട്ടയിൽ നിലവിലെ ലെഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്‌ളാനഗൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മിഷേൽ ടഫോയയെ പരാജയപ്പെടുത്തി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തദ്ദേശീയ അമേരിക്കൻ സമൂഹത്തിൽനിന്നുള്ള ഫ്‌ളാനഗന്റെ വിജയം രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ ചരിത്രപരമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

സൗത്ത് കരോലിനയിൽ ശിശുരോഗ വിദഗ്ധയായ ആനി ആൻഡ്രൂസ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡാർലൈൻ ഗ്രഹാമിനെ പരാജയപ്പെടുത്തി അട്ടിമറിവിജയം നേടി. സംസ്ഥാനത്ത് 1998നുശേഷം ആദ്യമായാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സൗത്ത് കരോലിനയിൽനിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയെന്ന നേട്ടവും ആൻഡ്രൂസ് സ്വന്തമാക്കി.

ഇല്ലിനോയിയിൽ നിലവിലെ ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോൺ ട്രേസിയെ പരാജയപ്പെടുത്തി അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിരമിക്കുന്ന ഡിക്ക് ഡർബിന്റെ സീറ്റാണ് സ്ട്രാറ്റൺ നിലനിർത്തിയത്. ഇല്ലിനോയിയിൽനിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയാണ് സ്ട്രാറ്റൺ. ഇതോടെ രണ്ട് വ്യത്യസ്ത വംശീയ ന്യൂനപക്ഷ പശ്ചാത്തലങ്ങളിലുള്ള വനിതകൾ ഒരേസമയം സെനറ്റിൽ പ്രതിനിധീകരിക്കുന്ന ആദ്യ സംസ്ഥാനമായി ഇല്ലിനോയി മാറും.

vachakam
vachakam
vachakam

2026ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾ കൈവരിച്ച ഈ വിജയങ്ങൾ കേവലം പാർട്ടികളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം അമേരിക്കയിലെ ഭരണനേതൃത്വത്തിലും ജനപ്രാതിനിധ്യത്തിലും സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്. ആഫ്രിക്കൻ അമേരിക്കൻ, ലാറ്റിന, തദ്ദേശീയ അമേരിക്കൻ സമൂഹങ്ങളിൽനിന്നുള്ള വനിതകൾ നിർണായക പദവികളിലേക്ക് ഉയർന്നുവരുന്നത് അമേരിക്കൻ ജനാധിപത്യത്തിന്റെ വൈവിധ്യത്തിനും പുതിയ രാഷ്ട്രീയ നേതൃത്വത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു.

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam