സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രൊജക്റ്റിനെതിരെയുള്ള ജനകീയ പ്രതിഷേധം ശക്തമാകുന്നു. കുടിയൊഴിപ്പിക്കൽ ഭീതി, പൂർവ്വികരുടെ മണ്ണും സാംസ്‌കാരിക പൈതൃകവും നഷ്ടപ്പെടുമെന്ന ആശങ്ക എന്നിവയാണ് ജനങ്ങളെ സമരത്തിലേക്ക് നയിക്കുന്നത്. ഇത് ബി.ജെ.പിയിലും സഖ്യകക്ഷികളിലും വലിയ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടയിലേക്കാണ് പ്രതിഷേധക്കാർക്ക് പിന്തുണയുമായി സോനം വാങ്ചുക് എത്തിയത്.
ഇന്ത്യയുടെ കിഴക്കൻ അതിർത്തിയായ അരുണാചൽ പ്രദേശിലെ സിയാങ് താഴ്‌വര ഇന്ന് വൻ ജനകീയ പ്രക്ഷോഭങ്ങളാൽ പ്രകമ്പനം കൊള്ളുകയാണ്. കേന്ദ്ര സർക്കാരിന്റെ 11,200 മെഗാവാട്ട് ശേഷിയുള്ള സിയാങ് അപ്പർ മൾട്ടിപർപ്പസ് ജലവൈദ്യുത പദ്ധതിക്കെതിരെ (എസ്.യു.എം.പി) അവിടുത്തെ ഭൂമിയുടെ അവകാശികളായ ആദി ഗോത്രവിഭാഗങ്ങൾ നടത്തുന്ന പോരാട്ടം കേവലം ഒരു സമരമല്ല, മറിച്ച് തങ്ങളുടെ നിലനിൽപ്പിനും സംസ്‌കാരത്തിനും വേണ്ടിയുള്ള അതിജീവന ശ്രമമാണ്. ചൈനയുടെ അതിർത്തിയിലെ വെള്ളത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ എന്ന പേരിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന ഈ മെഗാ പ്രൊജക്റ്റ്, സിയാങ് താഴ്‌വരയെ ഒരു വലിയ ദുരന്തമുഖത്തേക്കാണ് തള്ളിവിടുന്നത്.
എന്താണ് സിയാങ് താഴ്‌വരയിലെ ആശങ്ക?
ഈ കൂറ്റൻ അണക്കെട്ട് യാഥാർത്ഥ്യമായാൽ 25ലധികം തദ്ദേശീയ ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാകും. ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പൂർവ്വികരുടെ മണ്ണും ഉപജീവനമാർഗ്ഗമായ കൃഷിഭൂമികളും നഷ്ടപ്പെടും. ഹിമാലയൻ മേഖലയിലെ അതീവ ഭൂകമ്പ സാധ്യതയുള്ള ഈ പ്രദേശത്ത് ഇത്രയും വലിയൊരു അണക്കെട്ട് നിർമ്മിക്കുന്നത് വൻ പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. 2023ൽ സിക്കിമിലെ തീസ്ത നദിയിലുണ്ടായ അണക്കെട്ട് ദുരന്തം നമ്മുടെ മുന്നിൽ ഒരു വലിയ പാഠമായി അവശേഷിക്കുമ്പോഴാണ് സിയാങ് നദിയെ കെട്ടിയിടാൻ ശ്രമം നടക്കുന്നത്.
അണക്കെട്ടിന്റെ പ്രീഫീസിബിലിറ്റി സർവേയുമായി ബന്ധപ്പെട്ട് വൻതോതിൽ കേന്ദ്ര സായുധ സേനയെ പ്രദേശത്ത് വിന്യസിച്ചതും സമാധാനപരമായി പ്രതിഷേധിച്ച ഗോത്രനേതാക്കളെയും യുവാക്കളെയും തടവിലാക്കിയതും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സിയാങ് താഴ്‌വരയിലെ തദ്ദേശീയ ജനതയുടെ ദുരിതങ്ങൾക്കും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനും ശക്തമായ പിന്തുണയുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ലഡാക്കിലെ പ്രക്ഷോഭങ്ങളുടെ മുൻനിര നേതാവുമായ സോനം വാങ്ചുക് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു.
ലഡാക്കിന്റെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നിരന്തരം പോരാടുന്ന വാങ്ചുക്, സിയാങ് താഴ്‌വരയിൽ നടക്കുന്ന സംഭവങ്ങളിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു.
സിയാങ് താഴ്‌വരയിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു.
'തദ്ദേശീയ ഗോത്രവിഭാഗത്തിൽ നിന്നും ഉയർന്നുവന്ന ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് പ്രകൃതി എന്നത് ചൂഷണം ചെയ്യാനുള്ള ഒരു വിഭവം മാത്രമല്ല, മറിച്ച് സംരക്ഷിക്കപ്പെടേണ്ട അമ്മയാണെന്ന ഗോത്ര ജനതയുടെ വികാരം ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കും. സിയാങ് നദി അവിടുത്തെ ജനങ്ങൾക്ക് 'ആനെ സിയാങ്' (അതായത് അമ്മയെപ്പോലെയാണ് ആ നദി എന്നാണ്.) സോനം വാങ്ചുക് തന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ 'രാജ്യവിരുദ്ധർ' എന്ന് മുദ്രകുത്താൻ ചില കോണുകളിൽ നിന്ന് നടക്കുന്ന ശ്രമങ്ങളെ വാങ്ചുക് ശക്തമായി അപലപിച്ചു. യുദ്ധകാലങ്ങളിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം തോളോടുതോൾ ചേർന്നുനിന്ന ചരിത്രമാണ് ലഡാക്കിലെയും അരുണാചലിലെയും ജനങ്ങൾക്കുള്ളതെന്നും, സ്വന്തം മണ്ണ് സംരക്ഷിക്കാൻ പോരാടുന്നവരെ സംശയദൃഷ്ടിയോടെ കാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാങ്ചുക് രാഷ്ട്രപതിക്ക് മുന്നിൽ വെച്ച പ്രധാന ആവശ്യങ്ങൾ:
ഒരു രാജ്യത്തിന്റെ വികസനം എന്നത് അവിടുത്തെ ജനങ്ങളുടെ കണ്ണീരിലും
കുടിയൊഴിപ്പിക്കലിലും പടുത്തുയർത്തേണ്ട ഒന്നല്ല. ഹിമാലയൻ മലനിരകൾ ഇന്ത്യയുടെ ജലസംഭരണികൾ മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷാ കവചം കൂടിയാണ്. അതിർത്തിയിലെ കാവൽക്കാരായ മനുഷ്യരെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ട് മാത്രമേ സുസ്ഥിരമായ വികസനം സാധ്യമാകൂ.
സിയാങ് താഴ് വരയിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനായുള്ള ഈ പോരാട്ടത്തിൽ സോനം വാങ്ചുക്കിനെപ്പോലുള്ളവരുടെ പിന്തുണ അവിടുത്തെ മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കേന്ദ്രസംസ്ഥാന സർക്കാരുകൾ ധാർഷ്ട്യം വെടിഞ്ഞ് പ്രാദേശിക ജനതയുമായി തുറന്ന ചർച്ചകൾക്ക് തയ്യാറാകണം. അല്ലാത്തപക്ഷം, വരുംതലമുറകൾക്ക് നമ്മൾ നൽകേണ്ടി വരുന്നത് വലിയൊരു പാരിസ്ഥിതിക ദുരന്തമായിരിക്കും.
വികസന രാഷ്ട്രീയവും ചേരിതിരിവുകളും
സിയാങ് അണക്കെട്ട് പദ്ധതിയെച്ചൊല്ലി അരുണാചൽ പ്രദേശിലെ രാഷ്ട്രീയ രംഗം വൻ ചേരിതിരിവിലാണ്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും അവരുടെ സഖ്യകക്ഷികളായ നാഷണൽ പീപ്പിൾസ് പാർട്ടിയും, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലും ദേശീയ സുരക്ഷയും തന്ത്രപ്രധാനമായ ആവശ്യങ്ങളും മുൻനിർത്തി ഈ പദ്ധതിയെ അനുകൂലിക്കുന്നു. ചൈന അതിർത്തിയിൽ നടത്തുന്ന ജലസംഭരണ നീക്കങ്ങളെ പ്രതിരോധിക്കാൻ ഈ അണക്കെട്ട് അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ വാദം.
എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ ബോസിറാം സിറാമിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രക്ഷോഭകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. പ്രാദേശിക ജനങ്ങളുടെ അനുമതിയില്ലാതെയും ഗോത്ര നിയമങ്ങൾ ലംഘിച്ചും നടത്തുന്ന ഈ ബലപ്രയോഗം ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സമര മേഖലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഭരണകക്ഷിയുടെ കൈവശമാണെങ്കിലും, അവിടുത്തെ പ്രാദേശിക ബി.ജെ.പി നേതാക്കളിലും അണികളിലും വലിയൊരു വിഭാഗം സ്വന്തം മണ്ണ് സംരക്ഷിക്കാനായി പാർട്ടി നിലപാടിനെതിരെ സമരക്കാർക്കൊപ്പം നിൽക്കുന്നു എന്നത് ഈ ജനകീയ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ആഴം വ്യക്തമാക്കുന്നു.
അണക്കെട്ട് പദ്ധതിക്കെതിരെ വളർന്നുവരുന്ന ജനകീയ പ്രക്ഷോഭം കിഴക്കൻ അരുണാചൽ പ്രദേശിലെ ബി.ജെ.പിയുടെ രാഷ്ട്രീയ നിലനിൽപ്പിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സമരത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇത് വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് വഴിതുറന്നിരിക്കുകയാണ്.
ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി സിയാങ്ങിൽ ഒരു അണക്കെട്ടും നിർമ്മിക്കില്ലെന്ന് 2024ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പേമ ഖണ്ഡു ഉറപ്പുനൽകിയിരുന്നു. എന്നാൽ പ്രാദേശിക ഗോത്രവിഭാഗത്തിന്റെ സ്വതന്ത്രവും മുൻകൂട്ടിയുള്ളതുമായ അനുമതിയില്ലാതെ സർക്കാർ പദ്ധതിയുടെ പ്രീഫീസിബിലിറ്റി റിപ്പോർട്ട് നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.
2026 സെപ്തംബർ മുതൽ ഈ നടപടികൾക്കെതിരെയുള്ള പ്രതിഷേധം ശക്തമായി. ജനങ്ങളുമായി സമാധാനപരമായ ചർച്ച നടത്തുന്നതിന് പകരം സർക്കാർ ഭീഷണിയും, സമരക്കാരെ തടവിലാക്കലും, വൻതോതിൽ സുരക്ഷാ സേനയെ വിന്യസിക്കലുമാണ് ചെയ്യുന്നതെന്ന് തദ്ദേശീയ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സിയാങ് താഴ്‌വരയിലെ ജനവികാരം വലിയൊരു വെല്ലുവിളിയാണ്. ഈ ജനകീയ സമരം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെങ്കിലും, 2024ൽ തങ്ങളെ പൂർണ്ണമായും പിന്തുണച്ച തദ്ദേശീയ ജനവിഭാഗങ്ങളുമായി ഭരണമുന്നണിക്കുള്ള ബന്ധത്തിൽ വലിയൊരു വിള്ളൽ വീഴ്ത്താൻ ഈ വിവാദം കാരണമായിട്ടുണ്ട്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
