കേരളത്തിലെ ഒരു നാട്ടുരാജാവ് പണ്ടൊരിക്കൽ ഭാര്യയുമായി ശീമ (ലണ്ടൻ) കാണാൻ പോയി. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ കെട്ടിലമ്മയെ കാണാതായി. 27 ദിവസം കഴിഞ്ഞ് രാജാവ് തിരിച്ചുപോരുമ്പോഴേ അവരെ ആരോ കൊണ്ടുവന്നു കപ്പലിൽ തിരികെ കയറ്റിയുള്ളൂ. ഒരു ബാരിസ്റ്ററെ വിളിച്ച് കേസ് കൊടുക്കാൻ രാജാവ് തയ്യാറായി. തട്ടിക്കൊണ്ടുപോയത് ആരാണ് എന്ന് വക്കീൽ കെട്ടിലമ്മയോട് ചോദിച്ചു. നിശ്ചയമില്ല എന്ന് കെട്ടിലമ്മ. എണ്ണം പറയാമോ എന്ന് വക്കീൽ. എണ്ണിയെണ്ണി മതിയായി എന്ന് കെട്ടിലമ്മ.
അപ്പോഴാണ് വക്കീൽ നിർദ്ദേശിച്ചത്: 'എങ്കിൽ ഒരു 'അന്യായം' എഴുതി കടലിൽ ഇട്ടാൽ മതി!' കേരളത്തിലെ സ്ഥിതി ഇപ്പോൾ ഇതാണ്. കട്ടും കവർന്നും ദുബായിൽ ഇട്ട മഹാ മനീഷികളുടെ കണക്കിന് കണക്കില്ല! അവിടന്നും പോയി ബ്രിട്ടനിലും അമേരിക്കയിലും ഒക്കെ നിക്ഷേപിച്ചവരും ഉണ്ട് എന്ന് കേൾക്കുന്നു. എവിടെയൊക്കെ ഒരു മട കണ്ടോ അവിടെയൊക്കെ നമ്മുടെ പ്രഗത്ഭമതികളായ നേതാക്കന്മാർ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടത്രെ.
ഇതിൽ ഓരോന്നും നാം അറിയുന്നത് മറ്റുള്ളവർ പറയുമ്പോഴാണ്. പത്രത്തിൽ വലിയ വാർത്ത. ഉടൻ അറസ്റ്റ് എന്നൊക്കെ കേൾക്കാം. അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പിന്നത്തെ വാർത്ത. എഫ്.ഐ.ആർ ആയില്ല എന്നും കേൾക്കാം. അന്വേഷണം മുറക്ക് നടക്കുന്നു എന്നും കേൾക്കാം. ആഴത്തിൽ പഠിക്കാൻ ഒരു കമ്മീഷനെ വെച്ചു എന്നും ആ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ സമയം എടുക്കുമല്ലോ എന്നും കൂടി.
വർഷങ്ങൾ കഴിയുമ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നു എന്ന് ഒരു ചെറിയ വാർത്തയും കൂടി കാണാം. അന്വേഷണത്തിന്റെ ശവമടക്കം ആരും അറിയാതെയാണ് നടക്കുക. അധികാരം മാറിയാൽ മറുപുറത്തുള്ളവരെപ്പറ്റി അന്വേഷിച്ചു നടക്കുകയായി. മുറ ഇതുതന്നെ. ഇന്നേവരെ ഭരണാധികാരം കയ്യാളിയവരിൽ മുക്കാൽ ഓഹരിയുടെയും പേരിൽ ആരോപണങ്ങളും ചാർജ് ഷീറ്റുകളും കമ്മീഷനുകളും നിലവിലുണ്ട്.
കണ്ടിരിക്കാൻ രസമുള്ള നാടകം. അടിവസ്ത്രം അഴിച്ചു വാങ്ങി എന്തോ ചെയ്തതിന്റെ ആരോപണം പോലും ഉണ്ട്. പാലം വിഴുങ്ങിയവരും ദ്വാരപാലകരെ കട്ടുകൊണ്ടു പോയവരും അരിമുതൽ വൈദ്യുതി വരെ വാങ്ങിയതിൽ കമ്മീഷൻ പറ്റിയവരും മയക്കുമരുന്ന് കള്ളക്കടത്തിൽ സംരക്ഷകരായവരും കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് കൊണ്ട് കോടതി വെറുതെ വിട്ടവരും അന്വേഷണം അവസാനിക്കാത്തത് കൊണ്ട് പ്രതികൾ മരിച്ചുപോയതിനാൽ കേസ് ഇല്ലാതായ സംഭവങ്ങളും കുറവല്ല.
ചുരുക്കത്തിൽ പാർട്ടി ഏതായാലും ഈ നാടകം കളിച്ചാൽ മതി. അഭിനയം നന്നാവണം. ചാട്ടുളി പോലെയുള്ള ഡയലോഗുകൾ വേണം. വാചകമടി നന്നായാൽ കയ്യടി ഉണ്ട്. അപ്പോഴല്ലേ പോക്കറ്റടി നടക്കു?
ഭരണഘടനയും മതഗ്രന്ഥങ്ങളും മാറിമാറി ഉദ്ധരിക്കണം. സംഭാഷണങ്ങൾ കേട്ടാൽ ഇപ്പോൾ അടി വീഴും എന്ന് തോന്നണം. ആംബുലൻസുകൾ തയ്യാറാക്കി നിർത്തണം. ആരോപണ പ്രത്യാരോപണങ്ങൾ ഏറ്റുപിടിക്കുന്ന അണികളെ അടിച്ചു തല പൊട്ടിച്ച് ആ ആംബുലൻസുകളിൽ കയറ്റാം. അവരിൽ ആരെങ്കിലും മരിച്ചുകിട്ടിയാൽ ഫണ്ട് ആയി, മുദ്രാവാക്യവും.
കറണ്ട് മുന്നറിയിപ്പില്ലാതെയേ ഓഫാക്കാവൂ എന്ന് നിർദ്ദേശമുണ്ടത്രെ! കുടിവെള്ള പൈപ്പ് പൊട്ടിയിരിക്കുന്നു എന്ന് ഏറ്റവും പുതിയ വാർത്ത. ഇനിയും ജില്ലകൾ വേണോ മണ്ഡലങ്ങൾ വേണോ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വേണോ പുതിയ കടം വാങ്ങണോ അതോ ഇനിയും നികുതി കൂട്ടിയാൽ മതിയോ അല്ല നോട്ട് വെറുതെ അടിച്ചാൽ പോരെ എന്നൊക്കെയാണുപോൽ ഇപ്പോൾ അകത്തും പുറത്തും കാര്യമായ ചർച്ച.
പണ്ടത്തെ ബാരിസ്റ്റർ നാട്ടുരാജാവിനോട് നിർദ്ദേശിച്ചതിന്റെ ചുവടു പിടിച്ച് ഏതൊക്കെയോ ചില പൊതു താൽപര്യക്കാർ കടലവകാശ നിയമം അനുസരിച്ച് എഴുതി അറബിക്കടലിലിട്ട പരാതികൾ മത്സ്യത്തിന് പകരം മീൻപിടുത്തക്കാർക്ക് കിട്ടി ബോട്ടുകളും വഞ്ചികളും നിറയെ തിരികെ എത്തിയിരിക്കുന്നു എന്നുമുണ്ട് ഒരു വാർത്ത.
ഒരു കാര്യമേ ഇപ്പോൾ തീർച്ചയായി ഉള്ളൂ: കുരു പാണ്ഡവരിൽ അമ്പു കൊള്ളാത്തവർ ആരും ഇല്ല! ഈ യുദ്ധത്തിൽ ഇവർ ആരും ഒരുകാലത്തും ജയിക്കുകയോ തോൽക്കുകയോ ഇല്ല കടലിൽ പോകുന്നവരും കരയിൽ കഴിയുന്നവരും അല്ലാതെ. ആകാശചാരികൾക്ക് ഏതു വഴിയിൽ എത്ര കുഴി എത്ര ആഴത്തിൽ ഉണ്ടായാൽ എന്ത്!
ഒരു കഥ കൂടി പറയാം: ചെമ്മീൻ കറി വേവുമ്പോൾ അമ്മായി തന്നെ വരും വേവ് നോക്കാൻ. കുത്തി കുത്തി എടുത്ത് ഓരോന്നായി തിന്നും. അമ്മായി എവിടെ എന്ന് അറിയാതെ പരിഭ്രമിച്ച് അന്വേഷിച്ചു വരുന്ന വലിയ അമ്മാവൻ അമ്മായിയെ ശാസിക്കും: 'വായും നാക്കും കുടലും പൊള്ളാതെ നോക്കണം, കേട്ടോ!'
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
