വിസ്മയ നടനം - അധ്യായം 11 - സിനിമ വെല്ലുന്ന ലോഡ്ജ് ജീവിതം: ലാലും പ്രിയനും പിന്നെ ശങ്കരാടിയുടെ ദേഷ്യവും..!

NOVEMBER 4, 2026, 12:52 AM

അപ്പോഴാണ് പ്രിയൻ ഓർത്തത്, ലാലിനെ ലോഡ്ജിൽ പലരും അന്വേഷിച്ചിരുന്നു. അതെന്തിനായിരിക്കും?

''സത്യം പറയടാ... അത് എന്ത് പ്രശ്‌നമാണ്?''

''ങേ... എന്ത് പ്രശ്‌നം?'' ലാൽ നിഷ്‌കളങ്കതയോടെ ചോദിച്ചു.

vachakam
vachakam
vachakam

''പിന്നെ ജോസ് പ്രകാശ് സാറും ആലുമൂടൻ ചേട്ടനുമൊക്കെ നിന്നെ തിരക്കി വന്നതെന്തിനാണ്?''
''ഹേയ്... ചുമ്മാ...''

പക്ഷേ, ആ മറുപടിയൊന്നും പ്രിയനെ തൃപ്തിപ്പെടുത്താൻ പോന്നവയായിരുന്നില്ല. പ്രിയദർശൻ ഏറെ ഗൗരവത്തോടെ ജോസ് പ്രകാശിന്റെ മുറി ലക്ഷ്യമാക്കി നടന്നു. അതുകണ്ട് ലാൽ വീണ്ടും സ്വന്തം മുറിയിൽ കയറി കട്ടിലിനടിയിലേക്ക് ചുരുണ്ടുകൂടി.

പ്രിയൻ ജോസ് പ്രകാശിനെ കണ്ടപാടേ ചോദിച്ചു:

vachakam
vachakam
vachakam

''എന്താ സാർ... മോഹൻലാലുമായുള്ള പ്രശ്‌നം? അവനെ ഇതുവരെ കണ്ടില്ലല്ലോ?''

''ഹേയ്... ഞങ്ങൾ എല്ലാവരുമിരുന്ന് ചീട്ടുകളിച്ചു. ലാൽ കളിയിൽ തോറ്റു. വീണ്ടും കളിച്ചപ്പോഴും തോറ്റുതൊപ്പിയിട്ടു. കടം പറഞ്ഞ് കളിച്ചു. അതിലും തോറ്റമ്പി!!.. എനിക്കൊരു 28 രൂപ തരാനുണ്ട്. അത് സാരമില്ല.''

ചിരിച്ചുകൊണ്ടാണ് ജോസ് പ്രകാശ് ഇതു പറഞ്ഞത്. ഇതുകേട്ടുകൊണ്ട് പ്രിയൻ സ്വന്തം മുറിയിലേക്ക് പോയി. മുറിയിൽ കടന്ന പ്രിയൻ ലാലിനെ നാലുപാടും നോക്കി. അപ്പോഴതാ ലാൽ ചാടിയെഴുന്നേറ്റ് വാതിലടച്ച് കുറ്റിയിടുന്നു!

vachakam
vachakam
vachakam

''ഡേയ്... പ്രിയൻ, നമ്മൾ വിശാലമായി ഉറങ്ങാൻ പോകുന്നു. ഇനി ഇന്ന് നമ്മുടെ ഈ കൊട്ടാരത്തിലേക്ക് ആർക്കും പ്രവേശനമില്ല.'' ഇതുപറഞ്ഞ് ലാൽ മൂടിപ്പുതച്ചു കിടന്നു.

പക്ഷേ, ലാലിന് അങ്ങനെ ഉറങ്ങാൻ കഴിയില്ലല്ലോ. നാളെ ഹോട്ടലുടമയെ കരകയറ്റാൻ പറ്റിയ ഒരു ഉഗ്രൻ പദ്ധതി ആവിഷ്‌കരിക്കണമല്ലോ. ഏറെനേരം ആലോചിച്ചു. പക്ഷേ, ഒന്നിനും ഒരു രൂപമുണ്ടായില്ല. എങ്കിലും ചില വിദ്യകളൊക്കെ മനസ്സിൽ രൂപം കൊണ്ടു. പിന്നെ എപ്പോഴോ നിദ്രാദേവി കടാക്ഷിച്ചു. ലാൽ പൂർണ്ണമായും ഉറക്കത്തിലേക്ക് വഴുതിവീണു.

മോഹൻലാൽ അന്ന് പതിവിലും വൈകിയാണ് ഉറക്കമുണർന്നത്. അപ്പോൾ ആ ലോഡ്ജ് മുറിയിൽ പ്രിയദർശൻ ഉണ്ടായിരുന്നില്ല. കുളിയും കഴിഞ്ഞ് വന്നപ്പോഴേക്കും സ്വാമീസ് ലോഡ്ജിലെ റൂംബോയ് ആവിപറക്കുന്ന കട്ടൻകാപ്പിയുമായി എത്തി. അത് ഊതിപ്പൂതിക്കുടിച്ചുകൊണ്ട് മുറിക്ക് പുറത്തിറങ്ങുമ്പോൾ അതാ ജോസ് പ്രകാശ് മുന്നിൽ!

മോഹൻലാൽ ശരിക്കും ചമ്മുകയായിരുന്നു. എന്തായാലും ഇനി സത്യം പറയാം. അല്ലാതെന്തു വഴി?

''സാർ ക്ഷമിക്കണം. ചീട്ടുകളിക്കാൻ സാറിന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങി. കളിയിൽ ഞാൻ തുലഞ്ഞുപോയി എന്നുകരുതി ഞാൻ കാശ് തരാതിരിക്കില്ല. വീട്ടിൽ നിന്ന് മണിയോർഡർ വന്നാലുടനെ സാറിന് കാശ് തന്നേക്കാം.''

ജോസ് പ്രകാശ് ഒന്ന് ചിരിച്ചു. സിനിമകളിൽ കാണുന്ന ആ വില്ലൻ ചിരിയല്ല, ദയ കലർന്ന ചിരി. എന്നിട്ട് പറഞ്ഞു:

''വേണ്ട. നീ ഒരിക്കൽ വലിയ സ്റ്റാറൊക്കെയാവില്ലേ? അന്ന് ഞാൻ വാങ്ങിച്ചോളാം...''

അതൊരു ഐശ്വര്യം നിറഞ്ഞ ആശീർവാദമായിരുന്നു. ഇതുകണ്ടുകൊണ്ടാണ് പ്രിയദർശൻ അങ്ങോട്ടു വന്നത്. മോഹൻലാലിന്റെ കണ്ണ് നിറഞ്ഞു. അയാൾ അറിയാതെ കൈകൂപ്പി തലകുനിച്ചു നിന്നു. പിന്നെ ജോസ് പ്രകാശ് സ്വന്തം മുറിയിലേക്ക് പോയി. ലാലും പ്രിയനും അവരുടെ മുറിയിലേക്കും.

ചെന്നപാടേ കസേരയിൽ ഇരുന്നുകൊണ്ട് ലാൽ പറഞ്ഞു: 

''നമ്മുടെ സ്‌പെഷ്യൽ ദോശയുടെ പദ്ധതി ഞാൻ വിവരിക്കാം. നീ ശ്രദ്ധിച്ചു കേട്ടുകൊള്ളണം.

ആദ്യമായി നാം ആ കടയുടെ മുന്നിൽ മനോഹരമായൊരു ബോർഡ് വയ്ക്കും. ഏത്... ആരെയും ആകർഷിക്കാൻ പോന്ന മനോഹരമായ ബോർഡ്. ഇപ്പോൾത്തന്നെ പോയി നമുക്ക് ബോർഡിന്റെ കാര്യം ശരിയാക്കണം.''

''അപ്പോൾ നിന്റെ സ്‌പെഷ്യൽ ദോശ ആരുണ്ടാക്കും?'' പ്രിയദർശന് സംശയം!

''അതൊക്കെ നീ കണ്ടോ. പിന്നെ നമുക്ക് കുറച്ച് ഓയിൽ പേപ്പറും മറ്റ് അല്ലറചില്ലറ സാധനങ്ങളും വാങ്ങിപ്പിക്കണം ആ കടയുടമയെക്കൊണ്ട്.'' മോഹൻലാൽ വിജയഭാവത്തിൽ ചൂളമടിച്ചു നിൽക്കുന്നതിനിടയിൽ വീണ്ടും പറഞ്ഞു: 

''മ്.. നമുക്കുടനെ ആർ.കെ.യുടെ താവളത്തിലേക്ക് പോകണം.''

''ആർ.കെ.യോ? അതാരാ...?'' പ്രിയൻ അത്ഭുതത്തോടെ ചോദിച്ചു.

''ആർ.കെ..., ആർ.കെ. എന്നാൽ രാധാകൃഷ്ണൻ. രാധാകൃഷ്ണൻ എന്നാൽ സുപ്രസിദ്ധ കലാസംവിധായകൻ. സിനിമാ സംവിധായകൻ. സർവ്വോപരി തിരുവനന്തപുരംകാരൻ. മനസ്സിലായോ ഞാൻ പറഞ്ഞത്?'' ലാൽ മുഖം വക്രിച്ചുകൊണ്ട് പ്രിയനോട് ചോദിച്ചു.

''ഓ... നമ്മുടെ ഗുരുജിയുടെ ചങ്ങാതി.'' പ്രിയൻ ഇതു പറഞ്ഞപ്പോൾ ലാൽ മൊഴിഞ്ഞു: 

''ഓ.. തന്നെത്തന്നെ... മറ്റൊരു തിരോന്തോരംകാരൻ. ഉള്ളൂർ ഗോപിയെന്ന ഗോപാലകൃഷ്ണൻ. ഇതു വല്ലതും നടക്കുന്ന കാര്യമാണോ ലാലേ...?''

''നടത്തണം പ്രിയാ... നമ്മൾ നടത്തിയിരിക്കും. തിരനോട്ടത്തിന്റെ ഡബ്ബിംഗിന് വന്നപ്പോൾ ഗുരുജി നമ്മളെ രാധാകൃഷ്ണൻ ചേട്ടന്റെ താവളത്തിൽ കൊണ്ടുപോയെങ്കിലും ഇപ്പോൾ സംഗതി എവിടെയെന്ന് ഒരു പിടിയും കിട്ടുന്നില്ല.'

''അതിനാണോ വിഷമം? നമുക്ക് ജോസ് പ്രകാശ് സാറിനോടോ ആലുമൂടൻ ചേട്ടനോടോ ചോദിക്കാം.'' പ്രിയൻ ഉടനെ ജോസ് പ്രകാശിന്റെ മുറിയിലേക്ക് പോയി. ഒപ്പം ലാലും.

''സാർ... നമ്മുടെ സിനിമ പോസ്റ്ററും മറ്റും ഡിസൈൻ ചെയ്യുന്ന ആർട്ടിസ്റ്റ് രാധാകൃഷ്ണൻ ചേട്ടൻ താമസിക്കുന്ന സ്ഥലം ഒന്ന് പറഞ്ഞുതരാമോ?''

പ്രിയൻ തന്നെയാണ് അത് ചോദിച്ചത്.

''ഓ... നമ്മുടെ ആർ.കെ. അത് പിന്നെ ടി. നഗറിൽ, രാഘവയ്യാ റോഡിലാണ്. ആദ്യം നിങ്ങൾ മഞ്ഞിലാസിന്റെ ഓഫീസ് ചോദിക്കുക. അതിനടുത്തായി ഒരു മൂന്നുനില കെട്ടിടം. താഴെ ഡി.എം.കെ. പാർട്ടിയുടെ ഒരു നേതാവ് ചന്ദ്രജയപാൽ എം.എൽ.എ. ആണ് താമസിക്കുന്നത്. ആരോട് ചോദിച്ചാലും കാണിച്ചുതരും. പിന്നെ നമ്മുടെ ത്യാഗരാജ ഭാഗവതരും താമസിച്ചിരുന്നത് അതിനടുത്തുതന്നെയാണ്.''  ജോസ് പ്രകാശ് തന്റെ വിജ്ഞാനം മുഴുവൻ വിളമ്പി.

ഒട്ടും സമയം കളയാതെ പ്രിയനും ലാലും കൂടി ആർട്ടിസ്റ്റ് രാധാകൃഷ്ണന്റെ സങ്കേതം ലക്ഷ്യമാക്കി യാത്രതിരിച്ചു.

മഞ്ഞിലാസിന്റെ ഓഫീസിലേക്കാണ് ആദ്യം പോയത്. അവിടെനിന്നും കൃത്യമായി വഴി മനസ്സിലാക്കി അവർ ആർ.കെ.യുടെ താവളത്തിലെത്തി. ആ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വിശാലമായ ടെറസ്. അതിനടുത്ത് പാതിതുറന്നു കിടന്ന മുറി. അവിടെയൊരു കട്ടിലിൽ പൊക്കം കുറഞ്ഞൊരു മനുഷ്യൻ കമിഴ്ന്നു കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു. ആർ.കെ.യെ എങ്ങും കാണുന്നില്ല. രണ്ടു മൂന്നു പ്രാവശ്യം ലാൽ വിളിച്ചനോക്കി. രക്ഷയില്ല. ഒടുവിൽ പ്രിയൻ ഉറങ്ങിക്കിടന്നിരുന്ന ആളെ തട്ടിയുണർത്തി. അയാൾ ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എഴുന്നേറ്റ് പുളിച്ച തെറിവിളിക്കുകയാണ്. പ്രിയനും ലാലും പകച്ചുനിന്നു. തല ചൊറിഞ്ഞ് കോട്ടുവാ ഇട്ടശേഷം അയാൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു.

''അയ്യെടാ... ഇതു നമ്മുടെ ശങ്കരാടി ചേട്ടനല്ലേ?'' ഇരുകയ്യും കൂപ്പിക്കൊണ്ട് ലാൽ ഭവ്യതയോടെ പറഞ്ഞു.

''ശങ്കരാടി ചേട്ടൻ ക്ഷമിക്കണം. ഞങ്ങൾ രാധാകൃഷ്ണൻ ചേട്ടനെ അത്യാവശ്യമായി ഒന്ന് കാണാൻ വന്നതാ...''

പ്രിയദർശൻ അത്ര വലിയ ആദരവൊന്നും പ്രകടിപ്പിക്കാൻ പോയില്ല. ഉടനെ ശങ്കരാടിയുടെ ചോദ്യം:
''ഒരു മര്യാദയുമില്ലാത്ത ഈ നിഷേധി ഏതാ...?''

''യ്യോ... ഇതു പ്രിയൻ, പ്രിയദർശൻ. എന്റെ ചങ്ങാതിയാ...!''

''സൂക്ഷിക്കണം... ഇവനേയും കൊണ്ട് നടന്നാൽ കുഞ്ഞിന്റെ തടി കേടാകും.''

(തുടരും)

ജോഷി ജോർജ്

കഥ ഇതുവരെ

വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ

https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal

വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്‌
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments

വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും

https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop

വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്‌
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema

വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam

വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer

വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്‌സ് വിപ്ലവവും
https://vachakam.com/article/vismayanadanam-chapter-7-the-treachery-of-the-second-year-exam-and-the-commerce-revolution-at-muttada-college

വിസ്മയ നടനം - അധ്യായം 8 - കോവളത്തെ 'കൃഷ്ണചന്ദ്രനും' കാപട്യം പൊളിഞ്ഞ ഓട്ടോഗ്രാഫും
https://vachakam.com/article/vismayanatanam-chapter-8-the-krishnachandran-of-kovalam-and-the-autograph-exposed-as-a-sham

വിസ്മയ നടനം - അധ്യായം 9 - സ്വാമീസ് ലോഡ്ജിലെ 'ലാലേട്ടൻ' തന്ത്രവും പ്രിയന്റെ പെരുവഴി പേടിയും!
https://vachakam.com/article/vismayanatanam-chapter-9-the-lalettan-ruse-at-swamis-lodge-and-priyans-fear-of-being-left-stranded

വിസ്മയ നടനം - അധ്യായം 10 - മോഹൻ ലാലിന്റെ 'തകർപ്പൻ' ഐഡിയയും പ്രിയന്റെ നെഞ്ചിടിപ്പും!
https://vachakam.com/article/vismayanatanam-chapter-10-mohanlals-brilliant-idea-and-priyans-racing-heart


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam