ആറ് വര്‍ഷത്തെ ഇടവേള! ട്രംപും ഷിയും നേര്‍ക്ക് നേര്‍ 

OCTOBER 29, 2025, 6:25 PM

നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുന്നു- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി ബുസാനില്‍ വെച്ചാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. വ്യാപാര തര്‍ക്കങ്ങളുടേയും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടേയും പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്.

ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് കണ്ടത്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയില്‍ അടുത്ത കാലത്ത് വഷളായ വ്യാപാര രംഗത്തെ സമാധാനം പുനസ്ഥാപിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു ചട്ടക്കൂട് നിര്‍മ്മിക്കുക എന്നതാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ജാഗ്രതയോടെയും അതേസമയം പ്രതീക്ഷയോടെയുമാണ് ചര്‍ച്ചകളെ സമീപിക്കുന്നത്.

ചൈനയുടെ അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് മേലുള്ള നിയന്ത്രണങ്ങള്‍ താമസിപ്പിക്കാനുളള ശ്രമം നടക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ സാരമായി ബാധിക്കുമായിരുന്നു. അതിന് പകരമായി യുഎസ് സോയാബീന്‍ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഹൈടെക് ഉല്‍പ്പന്നങ്ങള്‍ക്കും പ്രതിരോധ ആവശ്യങ്ങള്‍ക്കും നിര്‍ണായകമായ അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ചൈന നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര യുദ്ധം ഈ മാസം ആദ്യം വീണ്ടും ആളിക്കത്തിയത്. ഇതിന് മറുപടിയായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100% താരിഫ് ചുമത്തുമെന്നും യുഎസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചൈനയിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നിരോധനം സംബന്ധിച്ചും ട്രംപ്-ഷിജിന്‍ പിംഗ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നേക്കാം. ഈ വിഷയത്തില്‍ ഷിയുമായി നേരിട്ട് അന്തിമ കരാറില്‍ ഒപ്പുവെക്കാന്‍ കഴിയുമെന്ന് ട്രംപ് സൂചന നല്‍കുന്നു. ഈ കൂടിക്കാഴ്ച അടുത്ത വര്‍ഷം നിരവധി തവണ ആവര്‍ത്തിക്കാമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. പരസ്പര സന്ദര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടാം. ഒറ്റത്തവണയുളള കൂടിക്കാഴ്ചയ്ക്ക് പകരം ദീര്‍ഘകാല ചര്‍ച്ചാ പ്രക്രിയയാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നത് എന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള പല മുന്‍കാല താരിഫ്, അപൂര്‍വ ധാതു കരാറുകളും നവംബര്‍ 10 ന് അവസാനിക്കും. ഇത് ഈ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഈ കരാറുകള്‍ മുന്‍പ് യുഎസ് ഭാഗത്ത് താരിഫുകള്‍ 55% ആയും ചൈനയുടെ ഭാഗത്ത് 10% ആയും കുറച്ചിരുന്നു. കൂടാതെ, വാഹനങ്ങള്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ വരെയുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ അപൂര്‍വ ധാതുക്കളുടെ ഒഴുക്ക് പുനരാരംഭിക്കുകയും ചെയ്തു.

താരിഫ് ഒഴിവാക്കാനും യുഎസ് സാങ്കേതിക വിദ്യയുടെ കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ചൈനീസ് കപ്പലുകള്‍ക്ക് ചുമത്തിയ പുതിയ പോര്‍ട്ട് ഫീസ് പിന്‍വലിക്കാനും ചൈന ആവശ്യപ്പെടുന്നു. അപൂര്‍വ ധാതുക്കളുടെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കുന്നതിനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ജപ്പാനുമായും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായും കരാറുകളില്‍ അമേരിക്ക ഒപ്പുവെച്ചിരുന്നു. ബുസാനിലെ കൂടിക്കാഴ്ചയോടെ ട്രംപിന്റെ അഞ്ച് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിന് സമാപനമാകും.

വ്യാപാര കരാറില്‍ ധാരണ

ഡൊണാള്‍ഡ് ട്രംപും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അറിയിച്ചു.

ചൈനയുടെ അപൂര്‍വ ധാതുക്കളിലെ നിയന്ത്രണങ്ങള്‍ കുറയ്ക്കുക, യു.എസില്‍ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചള്ള അന്തിമ കരാര്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

യു.എസ് ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ 100 % താരിഫുകള്‍ നീക്കം ചെയ്യുമെന്നും അതിനായി രണ്ട് രാജ്യങ്ങളും ഒരു ധാരണയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam