തിരുവനന്തപുരം: റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ റെക്കോർഡ് നേട്ടം കൈവരിച്ചതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരു സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മേൽപ്പാലങ്ങൾ പൂർത്തീകരിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.
ശ്രീ.എ.പി.അനിൽകുമാർ എം.എൽ.എ നൽകിയ സബ്മിഷന് ബഹുമാനപ്പെട്ട പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകുന്ന മറുപടി
ബഹു.അംഗം ശ്രീ.എ.പി അനിൽകുമാർ ഇവിടെ ഉന്നയിച്ച വിഷയം വളരെ പ്രാധാന്യമുള്ളതാണ്. വാണിയമ്പലം റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ ചുമതല ആദ്യഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർ.ബി.ഡി.സി.കെ-യെ ആയിരുന്നു ഏൽപ്പിച്ചത്. എന്നാൽ പിന്നീട് പാലത്തിന്റെ നിർമ്മാണം 100% റെയിൽവേ ഫണ്ട് വിനിയോഗിച്ചുള്ള സ്കീമിൽ ഉൾപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. തുടർന്ന് അത്തരം പ്രവൃത്തികൾ ചെയ്യുന്ന കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് നിർമ്മാണ ചുമതല നൽകണമെന്ന് റെയിൽവേ നിർദ്ദേശിക്കുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ ചുമതല കെ.ആർ.ഡി.സി.എൽ-നെ ഏൽപ്പിച്ചിട്ടുണ്ട്. ഭൂമി എറ്റെടുക്കലിന്റെ ചെലവ് ഉൾപ്പെടെയുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ്. മേൽപാലത്തിന്റെ ജി.എ.ഡി പൂർത്തീകരിച്ച് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കെ.ആർ.ഡി.സി.എൽ അറിയിച്ചിട്ടുണ്ട്.
വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണിത്. പല ലെവൽ ക്രോസ്സുകളിലും ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ വളരെ പ്രാധാന്യത്തോടെ കാണുകയും കേരളത്തിലെ റോഡുകളിൽ തടസമില്ലാത്ത യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലെവൽ ക്രോസ്സ് ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു.99 റെയിൽവേ ഓവർ ബ്രിഡ്ജുകൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാനാണ് തീരുമാനിച്ചത്.23 എണ്ണം കേന്ദ്രസർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.
അതിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ 9 റെയിൽവേ ഓവർ ബ്രിഡ്ജുകൾ പൂർത്തിയാക്കി. കാഞ്ഞങ്ങാട്, കൊടുവള്ളി, ഫറോക്ക്, തിരൂർ, ഗുരുവായൂർ,ചിറങ്ങര, മുളന്തുരുത്തി, കാരിത്താസ്, മാളിയേക്കൽ എന്നീ മേൽപ്പാലങ്ങൾ ആണ് പൂർത്തീകരിച്ചത്.ഇത് കേരളമുണ്ടായതിന് ശേഷമുള്ള സർവ്വകാല റെക്കോർഡ് ആണ് എന്നത് ഈ സഭയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഏറ്റവും കൂടുതൽ മേൽപ്പാലങ്ങൾ ഒരു സർക്കാരിന്റെ കാലത്ത് സാധ്യമാക്കുന്ന ഒരു ചരിത്രം നമുക്ക് സൃഷ്ടിക്കാനായി. നിലവിൽ 7 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തി നടക്കുകയാണ്.അതോടൊപ്പം 8 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തി ഈ വർഷം ആരംഭിക്കുവാനുള്ള നടപടിക്രമങ്ങൾ കൂടി നടന്നുവരുന്നുണ്ട്.
ഇവിടെ ചൂണ്ടിക്കാട്ടിയതുപോലെ ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ഈ പ്രശ്നം വളരെ ഗൗരവത്തിലാണ് സംസ്ഥാന സർക്കാർ കാണുന്നത്. ഈ വിഷയത്തിലും ബന്ധപ്പെട്ടവരെ സമീപിച്ച് വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്താം. ഇതിന് ഒരു പരിമിതിയുള്ളത് പൂർണ്ണമായും കേന്ദ്ര സർക്കാരിന് കീഴിലാണ് ഈ വർക്ക് നടക്കുന്നത് എന്നതാണ്. എന്നാൽ അത് ഇടപെടാൻ സാധ്യമാകുന്ന നിലയിൽ കൂട്ടായിതന്നെ ഇടപെടാം എന്നുള്ളത് ഈ സഭയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്