വനവും വനത്തിന്റെ അവകാശികളും

SEPTEMBER 18, 2025, 2:48 AM

പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹയും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലുംചേർന്ന് എഴുതിയ പുസ്തകമാണ് ദിസ് ഫിഷർഡ് ലാൻഡ് അഥവാ വരണ്ടുണങ്ങിയ ഈ ഭൂമി. ഇന്ത്യയുടെ ഒരു പാരിസ്ഥിതിക ചരിത്രമാണ് അതിൽ അവർ പറയുന്നത്. വനങ്ങളിൽ അധിവസിച്ചു വന്ന ആദിവാസികളുടെ ജീവിതത്തെ സംബന്ധിച്ച വളരെ പ്രധാനമായ ചില വിവരങ്ങൾ അതിൽ ഉൾക്കൊള്ളുന്നുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വളർച്ചയും വികാസവും ആദിവാസി സമൂഹത്തിന്റെ തലയിൽ ചവിട്ടിനിന്നു കൊണ്ടാണ് സംഭവിച്ചത് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അതിനൊരു ഉദാഹരണമായി അവർ നൽകുന്നത് മഹാഭാരതത്തിലെ പ്രസിദ്ധമായ ഖാണ്ഡവദഹന കഥയാണ്.

ഖാണ്ഡവ വനമെന്നതു യമുനയുടെ തീരത്തു ധാരാളം പക്ഷിമൃഗാദികളും അസുരന്മാർ എന്നറിയപ്പെട്ട ആദിമനിവാസികളും ഒക്കെ കഴിഞ്ഞു കൂടിയ ഒരു നിബിഡമായ കാനന പ്രദേശമായിരുന്നു. കാനനങ്ങളിലാണ് അസുരന്മാരും നിഷാദന്മാരും ദസ്യുക്കളും എന്നൊക്കെ അറിയപ്പെട്ടിരുന്ന വിഭാഗങ്ങൾ കഴിഞ്ഞുകൂടിയിരുന്നത്. അവരും സംസ്‌കൃതപാരമ്പര്യത്തിന്റെ ഉടമകളായ ആര്യന്മാരും തമ്മിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു. ആര്യന്മാരുടെ കിഴക്കോട്ടും തെക്കോട്ടുമുള്ള വികാസത്തിനും മുന്നേറ്റത്തിനും വലിയ തടസ്സമായി നിന്നത് ഈ ആദിമനിവാസികളാണ്. അതിനാൽ അവരുടെ വംശനാശം വരുത്തിക്കൊണ്ടു മാത്രമേ ആര്യാധിനിവേശം ഭരതവർഷം എമ്പാടും സാധിക്കുകയുള്ളൂ എന്ന് ആര്യപുത്രന്മാർക്കു ബോധ്യമുണ്ടായിരുന്നു.

ഇങ്ങനെ വിദൂരസ്ഥമായ കാനന പ്രദേശങ്ങളിലേക്കു ആര്യന്മാരുടെ ആദ്യസംഘങ്ങൾ എന്ന നിലയിൽ കടന്നുകയറി ചെന്നതു സന്യാസി സംഘങ്ങളായിരുന്നു. പല ഋഷിമാരുടെയും ആശ്രമങ്ങൾ വനപ്രദേശങ്ങളിലാണ് സ്ഥാപിക്കപ്പെട്ടത്. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ട ആഫ്രിക്കയിൽ ഡേവിഡ് ലിവിങ്സ്റ്റൺ എത്തിച്ചേർന്നപോലെയുള്ള ഒരു സാംസ്‌കാരിക അധിനിവേശമാണ് യഥാർത്ഥത്തിൽ പ്രാചീന ഭാരതത്തിലും സംഭവിച്ചത്. വനങ്ങളിലെ ആദിവാസികളും ആശ്രമങ്ങളിലെ അന്തേവാസികളും തമ്മിൽ ഇടയ്‌ക്കൊക്കെ സംഘർഷങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോൾ രാജഭരണത്തിന്റെ പ്രതിനിധികളായി പട്ടാളവും കരുത്തൻമാരായ കുമാരന്മാരും അവിടങ്ങളിൽ എത്തിച്ചേരും. അവർ അക്രമകാരികളെ കൈകാര്യം ചെയ്യും. അങ്ങനെ സംസ്‌കൃതസമൂഹം അല്ലലും അലട്ടുമില്ലാതെ മുന്നോട്ട്‌ പോകും.

vachakam
vachakam
vachakam

ശ്രീരാമനും ശ്രീകൃഷ്ണനും മറ്റു പല ഇതിഹാസ പുരുഷന്മാരും ഇങ്ങനെ വനങ്ങളിൽ ആശ്രമങ്ങളുടെ സംരക്ഷണത്തിന് എത്തിയതായി രാമായണവും മഹാഭാരതവും പറയുന്നുണ്ട്. രാമായണത്തിൽ യുവാവായ ശ്രീരാമൻ ശംബൂകനെ വധിച്ചതും മഹാഭാരതത്തിൽ ശ്രീകൃഷ്ണനും അർജ്ജുനനും ചേർന്ന് ഖാണ്ഡവ വനം മുഴുക്കെ ദഹിപ്പിച്ചതും അത്തരം സംഭവങ്ങളുടെ ഉദാഹരണങ്ങളത്രെ. 
ഇതിൽ ഖാണ്ഡവ ദഹനം ചരിത്രകാരന്മാരുടെ പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ്. കാരണം അവിടെ വന്യജീവികളെയും അവിടെ വസിച്ച ആദിവാസികളെയും ഒന്നടങ്കം ചുട്ടുകരിച്ച സംഭവമാണ് വർണിക്കുന്നത്. ദഹനം കഴിഞ്ഞപ്പോൾ ഏതാനും പക്ഷികളും ഒരു പാമ്പും മായൻ എന്നൊരു അസുരനും മാത്രമാണ് ജീവനോടെ അവശേഷിച്ചത്. മായൻ അസാമാന്യ പ്രതിഭാശാലിയായ ഒരു വാസ്തുശില്പി ആയിരുന്നു. അദ്ദേഹമാണ് പിന്നീട് പാണ്ഡവരുടെ തലസ്ഥാനമായ ഹസ്തിനപുരി നിർമിച്ചത്. അതായതു ആര്യൻമാർ മഹാമോശക്കാരായി ചിത്രീകരിച്ച അസുരന്മാർ സംസ്‌കരികമായും മറ്റു നിലകളിലും അത്യുന്നത നിലകളിൽ തന്നെ കഴിഞ്ഞവരായിരുന്നു. ആര്യന്മാരുടെ  ആയുധശക്തിയും ആയോധനരീതികളും മാത്രമാണ് അവരുടെ വിജയത്തിന് ആധാരമായത്. വിജയിക്കുന്നവന്റെ അപദാനങ്ങൾ മാത്രമാണ് ചരിത്രം എന്നും വാഴ്ത്തുന്നത്. അതിനാൽ ഇങ്ങനെ ചുട്ടകരിക്കപ്പെട്ട സമൂഹങ്ങളുടെ ചരിത്രം പറയാൻ ആരുമുണ്ടായില്ല. അതിൽ അന്നുമിന്നും വലിയ വ്യത്യാസവുമില്ല.

ഇന്ത്യയിലെ ആദിവാസികളുടെ ദുരന്തത്തിന്റെ കഥയാണ് ഇതിലൂടെയൊക്കെ വെളിവായി വരുന്നത്. അവർ എന്നും പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് ജീവിച്ചത്. എന്നിരുന്നാലും ആദ്യകാല രാജഭരണങ്ങളുടെ കാലത്തു കാടും നാടും തമ്മിൽ ചില അലിഘിതമായ കരാറുകൾ ഉണ്ടായിരുന്നു. അനിവാര്യമായ സന്ദർഭങ്ങളിൽ മാത്രമാണ് കാടുകയ്യേറൽ പ്രക്രിയ നടന്നത്. അശോക ചക്രവർത്തിയുടെ ചില ലിഖിതങ്ങളിൽ ഇങ്ങനെയുള്ള സൂചനകളുണ്ട്. അതിർത്തി പ്രദേശങ്ങളിലും വനങ്ങളിലും ജീവിക്കുന്ന വിഭാഗങ്ങൾ ചക്രവർത്തി ഭരണത്തെ വെല്ലുവിളിക്കുന്നതിന് എതിരെ അദ്ദേഹം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അതായതു അഹിംസയുടെ ആശാനായ അശോകൻപോലും ആദിവാസികളെ അടിച്ചമർത്താൻ മടിക്കുകയില്ല എന്ന മുന്നറിയിപ്പു നൽകുന്നുണ്ട്. അവർ ഒരു കാരണവശാലും പരിധി വിട്ടുപോകരുത് എന്നാണ് മുന്നറിയിപ്പിന്റെ അർഥം.

കാടും നാടും തമ്മിലുള്ള സംഘർഷങ്ങൾക്കു കാരണങ്ങൾ പലതുണ്ടാവാം. വനവിഭവങ്ങളുടെമേലുള്ള അധികാരവും അവയുടെ നിയന്ത്രണവും  തന്നെയാണ് അതിൽ പ്രധാനം എന്നകാര്യം ഉറപ്പാണ്. വനവിഭവങ്ങൾ പലതും അന്നുമിന്നും വിലപിടിപ്പുള്ള ഉല്പന്നങ്ങളാണ്. അവയുടെമേലുള്ള അവകാശത്തർക്കം രൂക്ഷമായ സംഘട്ടനങ്ങളിലേക്കു നയിക്കുന്നതും സ്വാഭാവികം.

vachakam
vachakam
vachakam

അശോകന്റെ മൗര്യകാലത്തും പിന്നീട് മുഗൾ രാജഭരണം വരെയുള്ള കാലത്തും ഇങ്ങനെ പല സംഘർഷങ്ങളും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് ഭരണം വന്നതോടെ സ്ഥിതി രൂക്ഷമായി. വനങ്ങളുടെയും വനവിഭവങ്ങളുടെയുംമേലുള്ള അവകാശം പൂർണമായും സർക്കാരിൽ നിക്ഷിപ്തമാണ് എന്ന് കൊളോണിയൽ അധികാരികൾ ഉത്തരവിട്ടു. അതോടെ ആദിവാസികളുടെ ജീവിതം വഴിമുട്ടി. ബസ്തർ മുതൽ മാനന്തവാടി വരെ വിവിധ ആദിവാസി പ്രദേശങ്ങളിൽ അവിടത്തെ നിവാസികളും കൊളോണിയൽ സർക്കാരും തമ്മിൽ ഏറ്റുമുട്ടി. ആയിരക്കണക്കിനു ആദിവാസികൾ അവരുടെതോക്കിനു മുമ്പിൽ ജീവൻ വെടിഞ്ഞു.

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയശേഷംപോലും അതിൽ മാറ്റമൊന്നും വന്നില്ല. ആദിവാസി മേഖലകൾ വികസനത്തിന്റെപേരിൽ കയ്യേറ്റം ചെയ്യപ്പെട്ടു. ഖനനത്തിനും ജലവൈദ്യുത പദ്ധതികൾക്കും മറ്റു ആവശ്യങ്ങൾക്കുമായി  ആയിരക്കണക്കിനു ഹെക്ടർ വനഭൂമി വെട്ടിമാറ്റപ്പെട്ടു. ആദിവാസികൾ സ്വന്തം നാടുകളിൽ അഭയാർഥികളായി. അവരിൽ പലരും നഗരങ്ങളിലെചേരികളിൽ എത്തിപ്പെട്ടു. ഗതികെട്ട പലരും നക്‌സലൈറ്റ് പ്രസ്ഥാനംപോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഭാഗമായി. ഇന്ത്യയിൽ നക്‌സലൈറ്റുകൾ ശക്തിപ്രാപിച്ചത് ആദിവാസി പ്രദേശങ്ങളിലാണ് എന്നതു ഒരു ആകസ്മികത ആയിരുന്നില്ല.

2005 കാലത്ത ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന സന്ദർഭത്തിൽ കേന്ദ്ര സർക്കാർ ഇത്തരം വസ്തുതകളെ കൃത്യവും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്യുകയുണ്ടായി. ആദിവാസികൾക്കിടയിലെ അസ്വസ്ഥതയുടെ പ്രധാന കാരണങ്ങൾ അവർ നേരിടുന്ന ഒറ്റപ്പെടലും ഉപജീവന സാധ്യതകളുടെ അഭാവവുമാണെന്നു സർക്കാർ കണ്ടെത്തി. അതിനുള്ള പരിഹാരമായാണ് അന്നത്തെ സർക്കാർ വനഭൂമിയിൽ ആദിവാസികൾക്കും മറ്റു വനവാസി സമൂഹങ്ങൾക്കുമുള്ള അവകാശങ്ങൾ നിയമപരമായി അംഗീകരിക്കുന്ന വനാവകാശ നിയമം 2006ൽ പാസ്സാക്കിയത്. ആദിവാസികൾ കാലങ്ങളായി അനുഭവിച്ചു വരുന്ന അനീതികൾക്കു ഒരു പരിഹാരം എന്ന നിലയിൽത്തന്നെയാണ് വനവകാശ നിയമം പാർലമെന്റ് പാസാക്കിയത്.

vachakam
vachakam
vachakam

ആദിവാസികൾക്ക് തങ്ങളുടെ പ്രദേശങ്ങളിൽ വ്യക്തിഗതവും സാമൂഹികവുമായ വിവിധ അവകാശങ്ങൾ നിയമം അക്കമിട്ടു നിരത്തുന്നു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനും വില്പന നടത്തുന്നതിനും അത് അവർക്കു അവകാശം നൽകുന്നു. അവരുടെ പ്രദേശങ്ങളിൽ എന്തു തരം വികസന പ്രവർത്തനവും നടത്തണമെങ്കിൽ ബന്ധപ്പെട്ട ഗ്രാമസഭ കൂടി ചർച്ച ചെയ്തു അനുമതി നൽകിയിരിക്കണം. അത് വലിയനേട്ടമാണ് ആദിവാസികൾക്ക് നൽകിയത്. ഒഡിഷയിലെ നിയംഗിരി കുന്നുകളിൽ ബോക്‌സൈറ്റ്  ഖനനത്തിന് കോപ്പുകൂട്ടിയ ബ്രിട്ടീഷ് കമ്പനിവേദാന്തയെ സുപ്രീംകോടതി വരെ കേസുനടത്തി അവർ കെട്ടുകെട്ടിച്ചത് അതിന്റെ ഫലമായാണ്.

എന്നാൽ നരേന്ദ്രമോദി ഭരണത്തിൽ വനാവകാശ നിയമത്തിൽ അധികാരികളുടെ കൈകടത്തൽ നടക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ താല്പര്യങ്ങൾക്കുവേണ്ടി നിയമം അട്ടിമറിക്കപ്പെടുന്ന അനുഭവങ്ങൾ അപൂർവമല്ല. അന്തമാൻനിക്കോബാർ ദ്വീപുകളിൽ കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്ന ഗ്രെയ്റ്റ് നിക്കോബാർ വികസന പദ്ധതി ഉദാഹരണം. ദ്വീപിൽ ഒരു വമ്പിച്ച ട്രാൻസ്ഷിപ്‌മെന്റ് തുറമുഖം, ഒരു വിമാനത്താവളം, ടൗൺഷിപ്പ് എന്നിങ്ങനെ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 81,000 കോടി രൂപയുടെ പദ്ധതിക്കുവേണ്ടി 13,000 ഹെക്ടർവനഭൂമി വെട്ടി വീഴ്ത്തണം. അതിനു ആദിവാസികളുടെ അനുമതി വാങ്ങണം.

എന്നാൽ തങ്ങളുടെ അനുമതിയില്ലാതെ സർക്കാർ മുന്നോട്ടപോകുകയാണ് എന്ന് അവിടെയുള്ള ആദിവാസി കൗൺസിൽ പരാതി  പറയുന്നു. അവർ കൊൽക്കത്ത ഹൈക്കോടതിയിൽകേസും കൊടുത്തിട്ടുണ്ട്. കേസിൽ കക്ഷിചേർന്ന് ആദിവാസികളെ സംരക്ഷിക്കേണ്ടകേന്ദസർക്കാരിന്റെ ആദിവാസി മന്ത്രാലയം പറയുന്നത് തങ്ങൾ അതിൽ കക്ഷിയല്ല എന്നാണ്. വനാവകാശ നിയമം ലംഘിച്ചുവോ എന്നൊക്കെ അന്വേഷിക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനകേന്ദ്രഭരണ പ്രദേശത്തെ അധികാരികളാണ്. നിക്കോബാറിൽ അതുചെയ്യേണ്ട സർക്കാർ പ്രതിനിധികൾ തന്നെയാണ് നിയമം അട്ടിമറിക്കുന്നതായി ആരോപണം നേരിടുന്നത്. അത് കണ്ടില്ലന്നു നടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

എന്തുകൊണ്ട്? ഖാണ്ഡവദഹന കാലം മുതലുള്ള ചരിത്രം അതിനു ഉത്തരം നൽകുന്നു. കയ്യൂക്കുള്ളവനു മുന്നിൽ ഒരു നിയമവും പിടിച്ചുനിൽക്കുകയില്ല. നിക്കോബാറിൽ വരുന്നത് വമ്പിച്ച തുറമുഖമാണ്. ഇന്ത്യയിലെ മിക്ക തുറമുഖങ്ങളും ഇന്ന് അദാനിയുടെ നിയന്ത്രണത്തിലാണ്. ഇനി വരാൻപോകുന്ന തുറമുഖങ്ങളും അവർ തന്നെ നിയന്ത്രിക്കും. അദാനിക്കു മുമ്പിൽ ഒരു ആദിവാസി അവകാശനിയമവും പിടിച്ചു നിൽക്കാൻ കെല്പുള്ളതല്ല എന്ന് സമകാല ചരിത്രം നമ്മോടു പറയുന്നു.

എൻ.പി. ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam