രണ്ട് കാര്യങ്ങളാണ് മോദിയുടെ 75-ാം പിറന്നാളിനെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കുന്നത്. ഒന്ന് അദ്ദേഹം ഭരണത്തിൽ വന്നപ്പോൾ ബി.ജെ.പിയിൽ നടപ്പാക്കിയ പ്രായപരിധി. 75 വയസ്സ് കഴിഞ്ഞ മുതിർന്ന നേതാക്കൾ സജീവപ്രവർത്തനങ്ങളിൽനിന്ന് ഒഴിവായി മാർഗദർശക് മണ്ഡലിലേക്ക് മാറു കയാണ് വേണ്ടതെന്നു പറഞ്ഞിരുന്നു. അതിപ്പോൾ മോദിക്കു ബാധകമല്ലേ..?
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുപത്തിയഞ്ചു വയസ്സു തികഞ്ഞിരിക്കുന്നു. അനുമോദനങ്ങൾ. പ്രധാനമന്ത്രിപദത്തിൽ അദ്ദേഹം എത്തിയിട്ടിപ്പോൾ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുകയുമാണ്. ആരാധകർക്ക് നരേന്ദ്ര മോദി ആദരണീയ രാഷ്ട്രീയഗോപുരമാണ്. രാജ്യത്തെ പുരോഗതിയിലേക്കും ഉന്നതിയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന കരുത്തനായ നായകൻ.
1950 സെപ്തംബർ 17ന് ബോംബെ സംസ്ഥാനത്തെ, ഇന്നത്തെ ഗുജറാത്ത് മെഹ്‌സാന ജില്ലയിലെ വാദ്‌നഗറിൽ ഒരു ഗുജറാത്തി കുടുംബത്തിലാണ് നരേന്ദ്ര ദാമോദർദാസ് മോദി ജനിച്ചത്. ദാമോദർദാസ് മുൽചന്ദ് മോദിഹിരാബെൻ മോദി എന്നിവർക്ക് ജനിച്ച ആറ് മക്കളിൽ മൂന്നാമനായിരുന്നു മോദി. പിതാവിന്റെ ചായക്കട ആയിരുന്നു ആ കുടുംബത്തിന്റെ ജീവിത മാർഗം. മോദിക്ക് എട്ട് വയസ്സുള്ളപ്പോൾ, അദ്ദേഹം ആർ.എസ്.എസിൽ ചേരുകയും പരിശീലനം തുടരുകയും ചെയ്തു. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലത്ത് നാടകങ്ങളിൽ അഭിനയിക്കുക എന്നത് മോദിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായിരുന്നു.
ആർ.എസ്.എസുമായുള്ള ബന്ധത്തിൽ നിന്നാണ് ലക്ഷ്മൺറാവു ഇനാംദാറിനെ കണ്ടുമുട്ടുന്നത്. പിന്നീട് മോദിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി അദ്ദേഹം മാറി. ആർ.എസ്.എസിൽ പരിശീലനം നേടുന്നതിനിടയിൽ, 1980 ൽ ബി.ജെ.പിയുടെ ഗുജറാത്ത് യൂണിറ്റ് സ്ഥാപിക്കാൻ നിയോഗിച്ച നേതാക്കളുടെ കൂടെക്കൂടി മോദി. അവരിൽ ചിലർ ജനസംഘം നേതാക്കളായിരുന്നു. അവരുമായി മോദി അടുത്ത ബന്ധം സ്ഥാപിച്ചു.
ഇതിനിടയ്ക്ക് പരമ്പരാഗത ആചാരപ്രകാരം, മോദി യശോദബെൻ ചിമൻലാനെ വിവാഹം കഴിച്ചു. അവർക്ക് 17 വയസ്സും മോദിക്ക്് 18 വയസ്സും. താമസിയാതെ, അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ചു, വീട് വിട്ടു. ദമ്പതികൾ ഒരിക്കലും വിവാഹമോചനം നേടിയില്ല. മോദി തുടർന്നുള്ള രണ്ട് വർഷം വടക്കുകിഴക്കൻ ഇന്ത്യയിലൂടെ സഞ്ചരിച്ചു. അതിനുശേഷം അദ്ദേഹം കൊൽക്കത്ത, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സിലിഗുരി, ഗുവാഹത്തി എന്നിവിടങ്ങളിൽ തങ്ങി. തുടർന്ന് അദ്ദേഹം അൽമോറയിലെ രാമകൃഷ്ണ ആശ്രമത്തിലേക്ക് പോയി.
വീണ്ടും നാട്ടിലെത്തി അമ്മാവനോടൊപ്പം താമസിക്കുകയും ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ അമ്മാവന്റെ കാന്റീനിൽ ജോലി ചെയ്തു. അങ്ങിനെയിരിക്കെ ജനസംഘം സംഘടിപ്പിച്ചതും വാജ്‌പേയി നയിച്ചതുമായ ഡൽഹിയിലെ സത്യാഗ്രഹത്തിൽ പങ്കെടുത്തത്. മോദിയുടെ ആദ്യത്തെ രാഷ്ട്രീയ പ്രവർത്തനം അതായിരുന്നു. ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിനുശേഷം മോദി തന്റെ അമ്മാവന്റെ കാന്റീനിലെ ജോലി ഉപേക്ഷിച്ച് ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനായി.
1979ൽ അദ്ദേഹം ഡൽഹിയിൽ ആർ.എസ്.എസിനായി പ്രവർത്തിക്കാൻ പോയി. അവിടെ മോദി ആർ.എസ്.എസിന്റെ ചരിത്രത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കി. താമസിയാതെ, അദ്ദേഹം ഗുജറാത്തിലേക്ക് മടങ്ങി. 1985ൽ ആർ.എസ്.എസ് അദ്ദേഹത്തെ ബി.ജെ.പിയിൽ നിയമിച്ചു. 1987ൽ, അഹമ്മദാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണം സംഘടിപ്പിക്കാൻ മോദി സഹായിച്ചു. 1986ൽ അദ്വാനി ബി.ജെ.പിയുടെ പ്രസിഡന്റായതിനുശേഷം ആർ.എസ്.എസ് തങ്ങളുടെ അംഗങ്ങളെ പാർട്ടിക്കുള്ളിലെ പ്രധാന സ്ഥാനങ്ങളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അഹമ്മദാബാദ് തിരഞ്ഞെടുപ്പിലെ മോദിയുടെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്.
1987 ൽ മോദി ബി.ജെ.പിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി. 1990 ൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗമായി. 1990 ൽ അദ്വാനിയുടെ രാമ രഥയാത്രയും 1991-1992 ൽ മുരളി മനോഹർ ജോഷിയുടെ ഏകതാ യാത്രയും സംഘടിപ്പിക്കാനും മോദി മുന്നിലുണ്ടായിരുന്നു. ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി എംപിയായ ശങ്കർസിങ് വഗേലയുമായുള്ള സംഘർഷത്തെത്തുടർന്ന് 1994ൽ മോദി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങി. അദ്വാനിയുടെ നിർബന്ധപ്രകാരം ഭാഗികമായി പാർട്ടി സെക്രട്ടറി എന്ന നിലയിൽ, 1995 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയത്തിന് മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രം വിജയകരമായിരുന്നു. ആ വർഷം നവംബറിൽ, മോദിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി.
അടുത്ത വർഷം, ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി നേതാവായ ശങ്കർസിങ് വഗേല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർലമെന്ററി സീറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കൂറുമാറി. 1998ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്ന മോദി, പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ വഗേലയെ പിന്തുണയ്ക്കുന്നവരെക്കാൾ ബി.ജെ.പി നേതാവ് കേശുഭായ് പട്ടേലിനോട് അടുപ്പമുള്ളവരെ പിന്താങ്ങുകയാണുണ്ടായത്. 1998 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭൂരിപക്ഷം നേടുന്നതിൽ മോദിയുടെ തന്ത്രം വിജയം കണ്ടു.
ആ വർഷം മോദിയെ ബി.ജെ.പി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നങ്ങോട്ട് മോദി വെച്ചടി വെച്ചടി വളരുകയായിരുന്നു. 2001 ൽ, കേശുഭായ് പട്ടേലിന്റെ അനാരോഗ്യം ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നിയമസഭാ സീറ്റുകൾ നഷ്ടമാക്കി. അധികാര ദുർവിനിയോഗം, അഴിമതി എന്നീ ആരോപണങ്ങൾ ഉയർന്നുവന്നു, 2001ൽ ഭുജിൽ ഉണ്ടായ ഭൂകമ്പം കൈകാര്യം ചെയ്ത രീതി പട്ടേലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേപ്പിച്ചു.
അദ്വാനിയുടെ താല്പര്യപ്രകാരം പട്ടേലിനു പകരക്കാരനായി മോദിയെ തിരഞ്ഞെടുത്തു. എന്നാൽ പട്ടേലിനെ പുറത്താക്കാൻ അദ്വാനി ആഗ്രഹിച്ചില്ല, സർക്കാരിൽ മോദിയുടെ അനുഭവക്കുറവിനെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു. പട്ടേലിന്റെ കീഴിൽ ഉപമുഖ്യമന്ത്രിയാകാനുള്ള ഓഫർ മോദി നിരസിച്ചു. പട്ടേലിനെ മാറ്റി 2002 ഡിസംബറിലെ തിരഞ്ഞെടുപ്പിന് ബി.ജെ.പിയെ നയിക്കുന്ന ഉത്തരവാദിത്തം മോദിക്കു നൽകി. അതുവഴി മോദി മുഖ്യമന്ത്രിക്കസേരയിലും എത്തി.
ഇതിനിടെയാണ് ഗുജറാത്ത് കലാപം ഉണ്ടാകുന്നത്. അതിന്നുത്തരവാദികൾ പ്രാദേശിക മുസ്ലീങ്ങളാണെന്ന് മോദി പറഞ്ഞു. അടുത്ത ദിവസം, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്തുടനീളം ബന്ദിന് ആഹ്വാനം ചെയ്തു. അതോടെ ഗുജറാത്തിൽ മുസ്ലീം വിരുദ്ധ അക്രമം വ്യാപിക്കുകമായി. ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഗോധ്രയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റാനുള്ള സർക്കാർ തീരുമാനം അക്രമത്തിന് ആക്കം കൂട്ടി. കലാപത്തിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായി സംസ്ഥാന സർക്കാർ പിന്നീട് പറഞ്ഞു.ഇങ്ങെനെയൊക്കെ ആണെങ്കിലും ബി.ജെ.പിയിൽ ശക്തമായി പിടിമുറുക്കാൻ മോദിക്കുകഴിഞ്ഞു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
പ്രചാരണ വേളയിൽ, മുൻ കോൺഗ്രസ് സർക്കാരിന്റെ കീഴിലുള്ള അഴിമതി ആരോപണങ്ങളിൽ മോദി ശ്രദ്ധ കേന്ദ്രീകരിച്ചു, 'വികസനം' കൊണ്ടുവരാൻ കഴിയുന്ന ഒരു വ്യക്തിയായി അദ്ദേഹം സ്വയം പ്രദർശിപ്പിച്ചു. ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 31 ശതമാനം വോട്ടുകൾ നേടി, ലോക്‌സഭയിൽ സീറ്റുകളുടെ എണ്ണം 282 ആയി, 1984 ന് ശേഷം സ്വന്തമായി ഭൂരിപക്ഷം സീറ്റുകൾ നേടുന്ന ആദ്യ പാർട്ടിയായി. കോൺഗ്രസിനോടും പ്രാദേശികപാർട്ടികളോടുമുള്ള വോട്ടർമാരുടെ അതൃപ്തിയും ആർ.എസ്.എസിന്റെ പിന്തുണയുമാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. 2019 ലും മോദിക്ക് വിജയിക്കാനായി. രണ്ടാം തവണയും അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചു; ബി.ജെ.പി മാത്രം 303 സീറ്റുകൾ ലഭിച്ചു. 2024ലെ തിരഞ്ഞെടുപ്പിനുമുന്നോടിയായി പാർട്ടി 'മോദി കി ഗ്യാരണ്ടി' എന്ന തരത്തിൽ പ്രചാരണം ആരംഭിച്ചു.
എങ്കിലും അത് അത്ര വിജയകരമായില്ല. ഒരു കൂട്ടുമുന്നണിയുണ്ടാക്കി ഭരണം നിലനിർത്തി എന്നുമാത്രം. ഇപ്പോഴിതാ രണ്ട് കാര്യങ്ങളാണ് മോദിയുടെ 75-ാം പിറന്നാളിനെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കുന്നത്. ഒന്ന് അദ്ദേഹം ഭരണത്തിൽവന്നപ്പോൾ ബി.ജെ.പിയിൽ നടപ്പാക്കിയ പ്രായപരിധി. 75 വയസ്സ് കഴിഞ്ഞ മുതിർന്ന നേതാക്കൾ സജീവപ്രവർത്തനങ്ങളിൽനിന്ന് ഒഴിവായി മാർഗദർശക് മണ്ഡലിലേക്ക് മാറുന്ന രീതി. മുതിർന്ന ആർ.എസ്.എസ് നേതാവായിരുന്ന മോറോപന്ത് പിഗ്‌ളേ മുൻപ് പറഞ്ഞകാര്യങ്ങൾ ഓർമ്മിപ്പിച്ചാണ് 75 വയസ്സാകുമ്പോൾ സജീവ പൊതു പ്രവർത്തനത്തിൽനിന്ന് ഒഴിവാകേണ്ടതിനെക്കുറിച്ച് മോഹൻ ഭാഗവത് കഴിഞ്ഞമാസം പരാമർശിച്ചത്. മോഹൻ ഭാഗവതിനും 75 ആയി. മോദിക്കും 75 ആയിരിക്കുന്നു.
എന്നാൽ, ആർ.എസ്.എസിൽ അങ്ങനെ വിരമിക്കൽ പ്രായമെന്ന വ്യവസ്ഥയില്ല. അതിനാൽ മോദിയെ ഉന്നംവെച്ചായിരുന്നു ഒളിയമ്പെന്ന് പറയുന്നവരും ഉണ്ട്. ഇക്കര്യത്തിൽ പിന്നീട് വ്യക്തത വരുത്തുംവരെ അഭ്യൂഹങ്ങൾ തുടർന്നു. ആരെയും ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശമെന്നുപറഞ്ഞ് ഭാഗവത് വിവാദത്തിന് തിരശ്ശീലയിട്ടു. പക്ഷേ, അത്ര നിർദോഷമായിരുന്നോ ഭാഗവതിന്റെ വാക്കുകൾ എന്ന ചർച്ച ഇപ്പോഴും ബാക്കിയാണ്. മോദിക്കു പകരംവെക്കാൻ ബി.ജെ.പിയിൽ നിലവിൽ ഒരു നേതാവില്ലെന്ന് ആർ.എസ്.എസിനറിയാം. ആർ.എസ്.എസ് സംഘടനാ സംവിധാനത്തിന്റെ ആവശ്യം മോദിക്കുമുണ്ട്. മാത്രമല്ല മോദി ആർ.എസ്.എസ് കേഡറുമാണ്. ബി.ജെ.പിയെ സംബന്ധിച്ച് മോദിക്കപ്പുറം ഒരു നിലവിൽ മറ്റൊരുനേതാവില്ല. തിരഞ്ഞെടുപ്പുകൾ ജയിക്കാൻ ബി.ജെ.പിക്ക് മോദിയുടെ നേതൃത്വം അനിവാര്യമാണ്. അതിനാൽ 75 പിന്നിട്ടാലും മോദിതന്നെ നേതൃത്വത്തിൽ തുടരും. മോദി മറിച്ച് തീരുമാനിക്കുംവരെ എന്നുവേണം കരുതാൻ..!
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്