ഉമ്മൻചാണ്ടി എന്ന പേര് തന്നെ ലാളിത്യത്തിന്റെ പ്രതീകമായി മാറിയിരുന്നു..!

SEPTEMBER 18, 2025, 3:07 AM

ലോകത്തിന്റെ നെറുകയിൽനിന്ന് ബഹുജന സമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസഭയുടെ പൊതുജനസേവന അവാർഡുമായി തിരിച്ചെത്തിയ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞും കരിങ്കൊടി വീശിയുമാണ് കേരളത്തിലെ ഇടതുപക്ഷം എതിരേറ്റത്. കണ്ണൂരിൽവച്ച് അദ്ദേഹത്തെ അവർ കല്ലെറിഞ്ഞു. അവരോട് അദ്ദേഹം ക്ഷമിച്ചു എന്നത് വേറേകാര്യം.

ജനക്കൂട്ടമെന്നാൽ ഉമ്മൻചാണ്ടിക്ക് ഒരു വികാരമായിരുന്നു. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ മൂർത്തവും ഉദാത്തവുമായ രൂപമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്ത് നടത്തിയ ഓരോ ജനസമ്പർക്ക പരിപാടികളും. 19 മണിക്കൂർവരെ ഒറ്റനിൽപ്പ്, ജനസമ്പർക്കമെന്ന വിസ്മയം; നോക്കി നിന്നുപോയ സഹപ്രവർത്തകർ. തന്നെത്തേടിയെത്തുന്ന ഓരോരുത്തർക്കും സാന്ത്വനം നൽകിയ ശേഷം മാത്രം തിരിച്ചുപോവുന്ന ഉമ്മൻചാണ്ടി സഹപ്രവർത്തകർക്ക് അത്ഭുതമായിരുന്നു.

കാരണം ഉമ്മൻചാണ്ടിക്ക് മുന്നിൽ തളർച്ചയെന്നതിന് ഒരു ഗ്ലാസ് വെള്ളത്തിന്റെ അരിക് വരെ മാത്രമായിരുന്നു സ്ഥാനം. അങ്ങനെ നടത്തിയ ആ യാത്ര ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് ഉത്തമ തെളിവാണ് ഐക്യരാഷ്ട്രസഭയുടെ അഗീകാരം. ഉമ്മൻചാണ്ടിയുടെ ബഹുജന സമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസഭയുടെ പൊതുജനസേവന അവാർഡ് ആണ് ലഭിച്ചത്. ജനങ്ങളുടെ പരാതികൾ നേരിട്ട് പരിഹരിക്കുന്നതിനായി അദ്ദേഹം നേരിട്ട് ഇടപഴകിയതാണ് ഈ പുരസ്‌കാരം. ഏഷ്യാ പസഫിക് മേഖലയിൽ നിന്നുള്ള ഒന്നാം സമ്മാനമായിരുന്നു അത്. ലോകമെമ്പാടുമുള്ള അഞ്ച് സോണുകളിൽ നിന്ന് എല്ലാ വർഷവും അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന പതിവുണ്ട്.

vachakam
vachakam
vachakam


നീതിയുടെ കാവലാൾ തങ്ങളെ സംരക്ഷിക്കും എന്ന പ്രതീക്ഷയിൽ ഉമ്മൻചാണ്ടി എന്ന അന്നത്തെ മുഖ്യമന്ത്രിയിൽ നിന്നും നീതി പ്രതീക്ഷിച്ചു ജനസമ്പർക്ക പരിപാടിയിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ. മൈതാനങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകിയ ജനക്കൂട്ടം. 'താമസമുണ്ടാകുമെങ്കിൽ ക്ഷമിക്കണം, എല്ലാവരെയും കാണും' ഏവർക്കും പ്രതീക്ഷയുടെ പൊൻകിരണം വീശുന്നതായിരുന്നു സ്റ്റേജിൽ നിന്നും മൈക്കിലൂടെ പ്രവഹിച്ച അദ്ദേഹത്തിന്റെ വാക്കുകൾ.

അപ്പോഴും നേരം പുലർന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അന്ന് അദ്ദേഹത്തിന് പ്രായം എഴുപത്.
പക്ഷെ അത് വെറുമൊരു അക്കം മാത്രമാണ് എന്ന് തെളിയിക്കുന്നതായിരുന്നു ജനങ്ങൾക്ക് കരുത്തും കരുതലുമായി അദ്ദേഹം നിലകൊണ്ട ജനസമ്പർക്ക പരിപാടി. രാജ്യത്താദ്യമായി 1969ൽ കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ് ജനസമ്പർക്ക പരിപാടിയുടെ തുടക്കം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ പ്രയാസങ്ങൾക്ക് അറുതിവരുത്തുകയായിരുന്നു ലക്ഷ്യം. ഘടികാരങ്ങൾ നിലച്ച വേള എന്ന് വിളിച്ചാൽ അതിൽ കഴമ്പില്ലാതെയില്ല. തന്റെ പ്രിയപ്പെട്ട ജനങ്ങളെ കാണാനും അവരുടെ ആകുലതകൾ കേൾക്കാനും പകലെന്നോ പാതിരാവെന്നോ സമയം ക്ലിപ്തപ്പെടുത്തിയിരുന്നില്ല പ്രിയ ഒ.സി. ചിലപ്പോൾ രാവും കടന്ന് തൊട്ടടുത്ത ദിവസവും അദ്ദേഹം അവിടെത്തന്നെയുണ്ടാവും.

vachakam
vachakam
vachakam

സ്വന്തം ആരോഗ്യം പോലും അവഗണിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പാർട്ടി, രാഷ്ട്രീയ ഭേദമന്യേ പൊതുജനം കയ്യടിച്ചു. മാധ്യമറിപ്പോർട്ടുകൾ നിറഞ്ഞു. കടുപ്പമേറിയ സെഷനുകളിൽ ഓട്‌സും മോരും മാത്രമായിരുന്നു അദ്ദേഹത്തിന് ഭക്ഷണം. മൂന്നു തവണ  ജനസമ്പർ പരിപാടി നടത്തി ഉമ്മൻചാണ്ടി പാവപ്പെട്ട 12 ലക്ഷത്തോളം പേർക്ക് 243 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. ലോകത്താർക്കും നടപ്പാക്കാൻ കഴിയാത്ത ജനസമ്പർക്ക പരിപാടിക്കാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജന സേവനത്തിനുള്ള അവാർഡ് ലഭിച്ചത്. അവാർഡ് റദ്ദാക്കാൻ ഇടതുപക്ഷം യുഎൻ ആസ്ഥാനത്തേക്ക് ഒട്ടേറെപ്പേരെക്കൊണ്ട് ഇ-മെയിൽ അയപ്പിക്കുക വരെ ഉണ്ടായി.

ലോകത്തിന്റെ നെറുകയിൽനിന്ന് അവാർഡുമായി തിരിച്ചെത്തിയ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞും കരിങ്കൊടി വീശിയുമാണ് ഇടതുപക്ഷം എതിരേറ്റത്. കണ്ണൂരിൽവച്ച് അദ്ദേഹത്തെ അവർ കല്ലെറിഞ്ഞു. അവരോട് അദ്ദേഹം ക്ഷമിച്ചത് മറ്റൊരു കഥ. ആ സംഭവം ഇങ്ങനെയായിരുന്നു. 2013 ഒക്ടോബർ 27 ന് കണ്ണൂരിൽ നടന്ന സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ പോകുകയായിരുന്ന അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റ നേരെ സി.പി.ഐ.എം അനുയായികൾ കല്ലെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റു. രണ്ട് എം.എൽ.എമാർ ഉൾപ്പെടെ 113 പാർട്ടി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പാർട്ടി ഹർത്താൽ പരിഗണിക്കുന്നുണ്ടെന്ന് അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ചാണ്ടിയെ അറിയിച്ചു. എന്നാൽ ആ നിർദ്ദേശം ഉമ്മൻചാണ്ടി തള്ളിക്കളഞ്ഞു. 'ചിലർ എനിക്ക് നേരെ കല്ലെറിഞ്ഞതുകൊണ്ട് ജനങ്ങൾ എന്തിന് കഷ്ടപ്പെടണം? അവരെന്ത് തെറ്റുചെയ്തു? '

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം, ജനങ്ങളുടെ ക്ഷേമത്തിനാണ് ചാണ്ടി മുൻഗണന നൽകിയത്. എം.എൽ.എയായി ആറ് വർഷത്തിനുള്ളിൽ, ഒരു ആദിവാസി കോളനിക്ക് അദ്ദേഹത്തിന്റെ പേര് നൽകി. ഇടുക്കിയിലെ കഴഞ്ഞുകുഴിക്ക് സമീപമുള്ള മഴുവടിയിൽ 'ഉമ്മൻചാണ്ടി കോളനി' എന്ന ഈ കോളനിയുടെ നിർമ്മാണവും 1976 ൽ അതിന്റെ ഉദ്ഘാടനവും സാധ്യമായത്, ഉദ്യോഗസ്ഥ തടസ്സങ്ങൾ മറികടക്കുന്നതിൽ യുവാവായ ഉമ്മൻചാണ്ടി മുൻകൈയെടുത്തു നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്. തുടക്കത്തിൽ, കോളനിയിലെ യൂത്ത് കോൺഗ്രസ് നേതാവ് കരിമ്പൻ ജോസും മറ്റുള്ളവരും കോളനിക്ക് ഉമ്മൻചാണ്ടിയുടെ പേര് നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, അദ്ദേഹം അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും, കോളനി നിവാസികളും അവരുടെ നേതാക്കളും ഉറച്ചുനിന്നു, ഉമ്മൻചാണ്ടിക്ക് വഴങ്ങേണ്ടിവന്നു.

vachakam
vachakam
vachakam

വർഷങ്ങൾക്കുശേഷം, 2014 ൽ, മുഖ്യമന്ത്രിയായിരിക്കെ, ഉമ്മൻചാണ്ടി ഒരു ഔദ്യോഗിക സന്ദർശനം നടത്തി, ഊരുമൂപ്പന്റെ എല്ലാ പരാതികളും കേട്ടു, അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു.  ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ശക്തി ജനങ്ങളിൽ നിന്ന് ലഭിച്ച സ്‌നേഹമായിരുന്നു. കേരളക്കരയിലെ രാഷ്ട്രീയക്കാരിൽ,  ഏറ്റവും കൂടുതൽ കുടുംബ ചടങ്ങുകളിൽ, പ്രത്യേകിച്ച് വിവാഹങ്ങളിൽ, ഉമ്മൻചാണ്ടിയാണ് പങ്കെടുത്തിട്ടുണ്ടാകുക. 'ഒരു വിവാഹത്തിൽ, ആതിഥേയൻ ഉമ്മൻചാണ്ടി അവിടെ ഭക്ഷണം കഴിക്കണമെന്ന് നിർബന്ധിച്ചു. അതിനദ്ദേഹം വഴങ്ങിയപ്പോൾ ആതിഥേയൻ അമിതമായി ഉത്സാഹഭരിതനായി, എല്ലാ വിഭവവും വിളമ്പാൻ തുടങ്ങി. അക്കൂട്ടത്തിൽ കറിയാണെന്നു കരുതി ചോറിലേക്ക് പായസവും വിളമ്പി. ഉമ്മൻചാണ്ടി ഒന്നും പറഞ്ഞില്ല, ഭക്ഷണം തുടർന്നു. എന്നിരുന്നാലും, ആതിഥേയൻ അദ്ദേഹത്തിന്റെ മുഖത്ത് ഒരു അസ്വസ്ഥത ശ്രദ്ധിച്ചു, 'കറികൾ എങ്ങനെയുണ്ട് സർ? അവ വളരെ എരിവുള്ളതാണോ?'
ചാണ്ടി മറുപടി പറഞ്ഞു, 'ഇത് വളരെ മധുരമായിപ്പോയോ എന്ന് എനിക്ക് സംശയമുണ്ട്.'
'ഉമ്മൻചാണ്ടി' എന്ന പേര് തന്നെ ലാളിത്യത്തിന്റെ പ്രതീകമാണെന്ന് മുസ്ലീം ലീഗിന്റെ കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഒരിക്കൽ പറഞ്ഞത് എത്രയോ ശരിയായിരുന്നു.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam