മാഷേ, സർക്കാർ സർവീസിലുമുണ്ട് ഇടിമുറിയും 'ഷഡ്ഡിപ്പുറത്തുള്ള' ലോക്കപ്പ് മർദ്ദനവും...

SEPTEMBER 18, 2025, 2:42 AM

പൊലീസിന്റെ ഇടിമുറി, ലോക്കപ്പ് മർദ്ദനം തുടങ്ങിയ വിഷയങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചക്കുറിപ്പിലെ ചർച്ച. ഇത്തരം മർദ്ദന സംവിധാനങ്ങളും നിരന്തരമായ വേട്ടയാടലുമെല്ലാം സർക്കാർ സർവീസിലുമുണ്ടെന്ന വാർത്തകളെപ്പറ്റി ചിന്തിക്കാൻ നാം വൈകിയോ എന്ന സന്ദേഹം സ്വാഭാവികമാണ്. ഏതൊരു ഭരണ കാലഘട്ടത്തിലും ഭരിക്കുന്നവരെ 'സോപ്പിടുന്ന' ഒരുപറ്റം സർക്കാർ ജീവനക്കാരെക്കുറിച്ച് നാം കേൾക്കാറുണ്ട്.

പിണറായിയുടെ പഴയ 'സ്വപ്‌ന കാമുകൻ' ചീഫ് സെക്രട്ടറിയെ ഓർമ്മയില്ലേ? ഉമ്മൻചാണ്ടിക്കും പിണറായിക്കും ഒരുപോലെ 'ബെസ്റ്റി' യായിരുന്ന ആ മാന്യ ശിവശങ്കര തിലകം. ഒടുവിൽ എല്ലാ അടവും പയറ്റിയിട്ടും ശിവശങ്കറിനെ സംരക്ഷിക്കാൻ കഴിയാതെ അദ്ദേഹത്തിന് സർവീസിൽ നിന്ന് വിരമിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ആനുകൂല്യങ്ങളെല്ലാം മുടക്കം കൂടാതെ നൽകാൻ സർക്കാരും ശ്രദ്ധവയ്ക്കുന്നു. കാരണം റിട്ടയർ ചെയ്താലും ഭരിക്കുന്നവരുടെ ഉറക്കം കെടുത്താൻ കഴിയുന്ന 'ചില്ലറ വെടി മരുന്നുകൾ' ഇത്തരക്കാർ കൈവശം വച്ചിട്ടുണ്ടാകാമെന്ന ഒരു തോന്നൽ സർക്കാർ തലപ്പത്തുണ്ട്. ഒരർത്ഥത്തിൽ കണ്ണൂർ ജയിലിലും മറ്റും കഴിയുന്ന രാഷ്ട്രീയത്തടവുകാരുടെ സുഖവാസ മോഡൽ ജീവിതമായിരിക്കാം ഇപ്പോൾ ഇവർ നയിച്ചുവരുന്നത്.

അ'ശോക' നും  പ്ര'ശാന്ത' നും...
സർക്കാർ സർവീസിൽ എവിടെ നിയമിച്ചാലും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ പട്ടികയിൽ എന്തുകൊണ്ടും 'നമ്പർ വൺ' വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ബി. അശോകും പ്രശാന്ത് നായരുമെല്ലാം ഇന്ന് സർക്കാർ സർവീസിലെ ഇടിമുറികളിൽ 'മർദ്ദനം' അനുഭവിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ 'പെരുമാറാൻ' ആരോഗ്യവകുപ്പ് മന്ത്രിയുടെ ആശിർവാദത്തോടെ ചില മേധാവികൾ കരുനീക്കിയെങ്കിലും, യൂണിയന്റെ സംരക്ഷണവും ഒപ്പം  മാധ്യമങ്ങളുടെ ഡാർലിങ്ങുമായി മാറിയ ഡോ.  ഹാരിസിനെ തൽക്കാലം സർക്കാർ തൊട്ടിട്ടില്ല.

vachakam
vachakam
vachakam

എന്തിനാണ് ബി. അശോകിനെ ഇത്രത്തോളം സർക്കാർ കഷ്ടപ്പെടുത്തുന്നത്? സർക്കാർ  സർവീസിൽ മൂന്നു ഇനം ജോലിക്കാരാണുള്ളത്. ഒന്നാമത്തെ കൂട്ടർ ഏത് ഭരണം വന്നാലും തുഴഞ്ഞുനിൽക്കും. ജനക്ഷേമമൊക്കെ അവരുടെ ഡയലോഗിൽ മാത്രം. രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവർ ഉണ്ണുന്ന ചോറിന് നന്ദി കാണിക്കണമെന്ന നിർബന്ധക്കാരാണ്. അവർ കഷ്ടപ്പെട്ട് ഫയലുകൾ പഠിക്കും. ജനങ്ങൾക്ക് ചെയ്യാവുന്ന നന്മകൾ ചെയ്യാൻ താൽപ്പര്യമുള്ളവരുമായിക്കും. മൂന്നാമത്തെ ഗ്രൂപ്പിലുള്ളവർ ഭരിക്കുന്ന പാർട്ടിക്കുവേണ്ടിയും എങ്ങനെയും 'പത്ത് ചക്രം' ഒപ്പിക്കാനുമെല്ലാം 'വീടുപണി' ചെയ്യാൻ മടിക്കാത്തവരാണ്. ഇവർക്ക് അവരുടെ കാര്യം മാത്രമേ മുമ്പിലുണ്ടാവൂ. ജനങ്ങളോ, പോടാ പുല്ലേയെന്ന മട്ട്. പാർട്ടിയും പാർട്ടിയിലെ എമ്പുരാനും കൂട്ടിനുണ്ടെങ്കിൽ പിന്നെ എന്തു നോക്കാനെന്ന മട്ടിൽ ചിന്തിക്കുന്ന ഇവരാണ് നമ്മുടെ നാട്ടിലെ മനുഷ്യരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്നത്.

'കേര, കേരള' പ്രിയം വിനയായപ്പോൾ

ബി. അശോക് ഒന്നല്ല, രണ്ട് ഡോക്ടറേറ്റുള്ള ഉദ്യോഗസ്ഥനാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ സെമിനാറുകളിൽ പങ്കെടുക്കും. നല്ല വായനയുണ്ട് കേരളത്തെക്കുറിച്ച് സ്വപ്‌നം കാണുന്ന ഒരാൾ. ആദ്യം കെ.എസ്.ആർ.ടി.സി. നന്നാക്കാൻ നോക്കി. പാർട്ടിയും യൂണിയൻകാരും ചവിട്ടിയൊതുക്കി. ഒരു കാലത്തും 'കുരുപ്പ' പോലും മുളയ്ക്കുമെന്നു കരുതാനാവാത്ത കൃഷിവകുപ്പിലേക്ക് അശോകിനെ തട്ടി. ആ പാവം, കേരളത്തിന്റെ പേരിന് നിദാനമായ തെങ്ങിൽ തന്നെ പിടിച്ചു കയറി. കേരളത്തിന് നാളികേരകൃഷിയിൽ വൻകുതിപ്പേകാൻ കഴിയുന്ന വിധത്തിൽ ലോകബാങ്കിന് അശോക് ഒരു പ്രൊജക്ട് തയ്യാറാക്കി. ലോകബാങ്ക് ആ പ്രൊജക്ടിൽ ആകൃഷ്ടരായി. പദ്ധതിക്ക് ധനസഹായവും ഉറപ്പായി. കേന്ദ്രത്തിന്റെ ഗ്യാരന്റിയോടെ കേരളത്തിന് ആദ്യ ഗഡുവെന്ന നിലയിൽ 49.37 കോടി രൂപ അനുവദിച്ചു. എന്നാൽ ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്താൻ സർക്കാർ തയ്യാറായില്ല. 4 മാസത്തിനിടെ കിട്ടിയ കോടികളിൽ നിന്ന് പദ്ധതിക്കായി ചെലവഴിച്ചത് വെറും 6.24 കോടി രൂപ! എന്നിട്ടും 2025 മാർച്ച് 17ന് വേൾഡ് ബാങ്ക് 139.65 കോടി രൂപ കൂടി കേരളത്തിന് നൽകി. കേന്ദ്രസർക്കാർ വഴി ട്രഷറി അക്കൗണ്ടിലേക്കാണ് പണമെത്തിയത്. എന്നാൽ സംസ്ഥാന സർക്കാർ ഈ തുക വകമാറ്റി ചെലവഴിക്കാനുള്ള പുറപ്പാടിലായിരുന്നു.

ലോകബാങ്ക് ഇതറിഞ്ഞ് വകമാറ്റിയ തുക തിരിച്ച് കൃഷി വകുപ്പിനു നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഭാഗികമായി മാത്രമേ സർക്കാർ പണം കൃഷിവകുപ്പിന് നൽകിയുള്ളൂ. അങ്ങനെ 2025 മെയ് 9ന് കൃഷിവകുപ്പിന്റെ അക്കൗണ്ടിൽ 49.37 കോടി രൂപയെത്തി. ഒരർത്ഥത്തിൽ കേരളത്തിന്റെ ഏറ്റവും സുപ്രധാനമായ നാളികേര കൃഷിയുടെ പുനരുദ്ധാരണത്തിനായി 2365.48 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. ഇതിൽ 1655.83 കോടിയും ലോകബാങ്ക് വിഹിതമാണ്. പദ്ധതി  നടപ്പാക്കാൻ 5 വർഷം കാലയളവുണ്ട്. വായ്പ തിരിച്ചടക്കാൻ 23.5 വർഷം നീണ്ട സമയപരിധിയുമുണ്ട്. കിട്ടുന്ന കാശിന് തെങ്ങ്  വച്ചാൽ, അതിൽ നിന്നുള്ള തേങ്ങ വിറ്റായാലും പണം തിരിച്ചടയ്ക്കാം. തിരിച്ചടവിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ 6 വർഷത്തെ മൊറട്ടോറിയവും ലോകബാങ്ക് നിബന്ധനകളിലുണ്ട്.

vachakam
vachakam
vachakam

'ചോർന്ന'തിന്റെ പേരിൽ ചൊറിച്ചിൽ...'

ലോകബാങ്ക് വായ്പ വക മാറ്റിയത് മാധ്യമങ്ങളിൽ വാർത്തയായതാണ് വീണ്ടും കാർഷികോൽപ്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബി.അശോകിന്റെ പിന്നാലെ പായാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതോടെ ഒരു കാലത്തും ഗുണം പിടിക്കാൻ സാധ്യതയില്ലാത്ത കെ.ടി.ഡി.എഫ്.സി.യുടെ മേധാവിയായി അദ്ദേഹത്തെ  സർക്കാർ നിയമിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ  അശോക് പരാതിപ്പെട്ടതോടെ, ആ സ്ഥലംമാറ്റം റദ്ദായി. വീണ്ടും കഴിഞ്ഞ ദിവസം ഭരണപരിഷ്‌ക്കാര കമ്മീഷനിലേക്കായിരുന്നു അശോകിനെ മാറ്റിയത്. അതും ട്രൈബ്യൂണൽ ഇപ്പോൾ സ്റ്റേ ചെയ്തു കഴിഞ്ഞു.

സർക്കാരിനോട് ഒരു ഏറ്റുമുട്ടലിന് തയ്യാറാകാതെ കേന്ദ്രസർവീസിലേക്ക് പോകാൻ ബി.അശോക് സംസ്ഥാന സർക്കാറിന്റെ അനുമതി തേടിയെങ്കിലും അതും പിണറായി സർക്കാർ തടഞ്ഞു. വി.എസ്.എസ്.സി.യിൽ ചീഫ് കൺട്രോളറായി നിയമിക്കപ്പെടാൻ സ്റ്റേറ്റിന്റെ അനുമതി തേടിയത് 2025 ജൂൺ 11നാണ്. എന്നാൽ വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി ഇതേവരെ അശോകിന് നൽകിയിട്ടില്ല. ആ നിയമനം ലഭിക്കാനുള്ള കാലാവധി കഴിഞ്ഞു. ആയുഷ് ഡിപ്പാർട്ടുമെന്റിൽ അശോകിനെതിരെ കേസുണ്ടെന്നാണ് സർക്കാരിന്റെ പുതിയ വാദം.

vachakam
vachakam
vachakam

എന്നാൽ ലോകായുക്തയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം ഇത്തരമൊരു കേസില്ലെന്ന് അവർ വ്യക്തമാക്കിയ രേഖ അശോകിന്റെ കൈവശമുണ്ട്. എന്നാൽ അതൊന്നും 'കലിപൂണ്ട്' നിൽക്കുന്ന ചില ഉദ്യോഗസ്ഥർ കാണുന്നതേയില്ല. നിലവിൽ കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ യൂണിയന്റെ പ്രസിഡന്റായിട്ടും, അശോകിനെ ഇങ്ങനെ 'വളഞ്ഞിട്ട് ആക്രമിക്കാൻ' യൂണിയൻ എന്തുകൊണ്ട് മൗനസമ്മതം നൽകുന്നുവെന്നതിലും വിശദീകരണമൊന്നുമില്ല.

പഴയ 'കളക്ടർ ബ്രോ'യും കലിപ്പിൽ

സർക്കാരിന്റെ കണ്ണിലെ മറ്റൊരു കരടാണ് പ്രശാന്ത് നായർ ഐ.എ.എസ്. കോഴിക്കോട് കളക്ടറായിരിക്കെ ജനങ്ങൾക്കും കുട്ടികൾക്കുപോലും പ്രിയങ്കരനായ 'കളക്ടർ ബ്രോ' യും ഇപ്പോൾ ഹിറ്റ്‌ലിസ്റ്റിലാണ്. ഇപ്പോഴത്തെ സെക്രട്ടറി എ. ജയതിലകും പ്രശാന്തും തമ്മിലുള്ള പോര് പലപ്പോഴും ഫേസ്ബുക്ക് വാർ ആയി മാറാറുമുണ്ട്.

പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാതെ വട്ടം കറക്കുന്ന ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ പ്രശാന്ത് നായർ നവമാധ്യമങ്ങളിൽ നിരന്തര പ്രചാരണത്തിലാണ്. എന്നിട്ടും ഇവർ തമ്മിലുള്ള പ്രശ്‌നം തീർക്കാൻ സർക്കാർ തുനിയുന്നതേയില്ല. പ്രശാന്തിനെപോലെ സർക്കാർ വെറുക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത എന്ന ഐ.പി.എസുകാരൻ. നിലവിൽ അഗ്‌നിരഷാസേനാ മേധാവിയാണ് യോഗേഷ് ഗുപ്ത. ഡിജിപിയായി നിയമിക്കാനുള്ള പട്ടികയിലെ പേരുകാരനായ ഗുപ്ത വിജിലൻസ് മേധാവിയായിരിക്കെ പിണറായിയുടെ വിശ്വസ്തനായ ഒരു ഉന്നതനെതിരെയുള്ള വിവരങ്ങൾ വിവരാവകാശ രേഖയായി നൽകിയതാണ് അദ്ദേഹത്തെ സർക്കാരിന് അനഭിമതനാക്കിയത്. കേന്ദ്ര ഡെപ്യൂട്ടേഷൻ തേടി ഗുപ്ത നൽകിയ അപേക്ഷ വിജിലൻസ് തൽസ്ഥിതി വിവര റിപ്പോർട്ട് കേന്ദ്രത്തിനു നൽകാതെ ഉഴപ്പുകയാണ് സർക്കാർ. ഉദ്യോഗസ്ഥരെ തന്നെ ഉദ്യോഗസ്ഥർക്ക് എതിരെ രംഗത്തിറക്കി സ്വന്തം ഇഷ്ടക്കാരെ തൊട്ടാൽ തൊട്ടവനെ തട്ടും എന്ന രീതി ഒരു ഭരണകൂടത്തിന് യോജിച്ചതാണോ?

കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ...?

സർക്കാർ ജീവനക്കാരുടെ പലവിധത്തിലുള്ള 84,000 കോടി രൂപ വരുന്ന ആനുകൂല്യങ്ങൾ ഈ സർക്കാർ നൽകാനുണ്ടെന്നു പറഞ്ഞ് ഒരു പറ്റം സർക്കാർ ജീവനക്കാരും പെൻഷൻകാരും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം തുടങ്ങിയിട്ടുണ്ട്. ഡി.എ. കുടിശ്ശിക തന്നെ ഈ സർക്കാർ നൽകാനുള്ളത് 24000 കോടി രൂപയാണ്. കോൺഗ്രസും സഖ്യകക്ഷികളുമാണ് ഇപ്പോൾ കേരളം ഭരിച്ചിരുന്നതെങ്കിൽ സർക്കാർ ജീവനക്കാർ ഇവിടെ മന്ത്രിമാരുടെ നെഞ്ചത്ത് സുംബാ ഡാൻസ് കളിച്ചേനെ. വിഹിതം വാങ്ങി പെട്ടിയിലിട്ട എത്രയോ തൊഴിലാളിക്ഷേമനിധികളാണ് ഇപ്പോൾ സംസ്ഥാനത്ത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്ന മട്ടിൽ കഴിയുന്നത്?

ശമ്പളം, പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയവ നൽകാതെ സി.പി.ഐ. ഭരിക്കുന്ന വി.എഫ്.സി.കെ. (പഴം പച്ചക്കറി കോർപ്പറേഷൻ തന്നെ) യിൽ പോലും ചെയർമാനും അംഗങ്ങൾക്കുമൊന്നും ശമ്പളമൊന്നും ഇതേവരെ മുടങ്ങിയിട്ടില്ലെന്നത് എത്ര നല്ല 'തൊഴിലാളി സ്‌നേഹ വാർത്ത'യാണല്ലേ? അതെ ഉന്നതന്മാർ സ്വർഗത്തിലും, മോഹൻലാൽ ഒരു സിനിമയിൽ പറയുന്നതുപോലെ ജനം 'അണ്ടർവേർഡി'ലും കഴിയുന്ന ഈ 'കേരളാ മോഡൽ' ഭരണം നീണാൾ നടക്കട്ടെ. പിന്നാലെയുണ്ടാകും, അപ്പോഴും പാർട്ടി കൊണ്ടു മാത്രം ജീവിക്കുന്ന കുറെ....കൾ! മർദ്ദന ഭയം മൂലം ഈ വാക്ക്  പൂരിപ്പിക്കുന്നില്ല. സോറി പ്രവാസികളേ...!

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam