കേരളം കാത്തിരുന്ന നിയമ നിർമ്മാണ ദൗത്യം

SEPTEMBER 18, 2025, 2:52 AM

അർത്ഥരഹിതമായി മാറുന്ന വിവാദങ്ങളുടെയും ലക്ഷ്യമെന്തെന്നറിയാത്ത ബഹളങ്ങളുടെയും വേദിയായി മാറുന്ന സാധാരണ പതിവിൽ നിന്ന് കേരള നിയമസഭയുടെ ഇത്തവണത്തെ സമ്മേളനത്തിനും മോചനം പ്രതീക്ഷിക്കുക തൽക്കാലം അസാധ്യം. അതേസമയം, ജനപക്ഷ കാഴ്ചപ്പാടോടെയുള്ള ഏതാനും നിയമനിർമ്മാണങ്ങളും ഭേദഗതികളും സാധ്യമാക്കാനുള്ള സർക്കാരിന്റെ തീരുമാനം ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.വിവിധ ജനവിഭാഗങ്ങളുടെ താല്പര്യങ്ങളും അവർ നേരിടുന്ന പ്രശ്‌നങ്ങളും പരിഗണിച്ചുള്ള നീക്കം തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള തന്ത്രമെന്ന ആക്ഷേപം ഉയരുന്നതു സ്വാഭാവികം.

ജനങ്ങൾ വഹിക്കുന്നത് രാജസ്ഥാനമാണെന്ന് ബോധ്യമുള്ള ഭരണാധികാരികൾ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമത്തിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നവരായിരിക്കും. എതുവിധത്തിലുമുണ്ടാകുന്ന കടമ്പകൾ തരണം ചെയ്യുന്നതിനും പുതിയ കാലത്തുയർന്നുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനുമുള്ള നടപടികളും അവരിൽ നിന്നുണ്ടാകും. അത് മുൻകാല നിയമങ്ങളിൽ ഭേദഗതി വരുത്തിയോ പുതിയ നിയമനിർമ്മാണങ്ങളിലൂേെയാ നടത്തുന്നതിനുള്ള ഇച്ഛാശക്തി കാട്ടുകയും ചെയ്യും. അത്തരത്തിലുള്ള രചനാത്മകമായ ശൈലിയിൽ നിന്ന് കേരള നിയമസഭ ഏറെക്കാലമായി ക്രമേണ പിന്നോക്കം പോയെന്ന വിമർശം നിലനിൽക്കവേയാണ് കാലം കാത്തിരുന്ന ഒരു കൂട്ടം ബില്ലുകൾക്കും നിയമ ഭേദഗതികൾക്കും പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്.

പുതിയ ബില്ലുകളുടെയും ഭേദഗതികളുടെയും പ്രത്യേകത അവയെല്ലാം പുതിയ കാലത്തുയർന്നുവന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നവയും പരിഹാരം തേടുന്നവയുമാണ് എന്നുള്ളതാണ്. വന്യജീവി സംരക്ഷണം (കേരള ഭേദഗതി), 2025ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണം, കേരള ഏക കിടപ്പാടം സംരക്ഷണം, സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വിൽക്കൽ എന്നീ ബില്ലുകളാണ് ഇതിൽ എടുത്തുപറയേണ്ടത്. നടപ്പു നിയമസഭാ സമ്മേളനത്തിൽ അവ പാസാക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. 
നിയമതടസം കാരണം പന്നിയെ കൊല്ലാൻ കഴിയില്ല. ഇനി ആരെങ്കിലും സഹികെട്ട് അതിനു തുനിഞ്ഞാൽ അവർക്കെതിരെ വനം വകുപ്പ് ചന്ദ്രഹാസവുമായി വരും.

vachakam
vachakam
vachakam

കേന്ദ്രവും സംസ്ഥാനവും തമ്മിൽ പഴിചാരിക്കൊണ്ടിരുന്നാൽ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്നു സംസ്ഥാന സർക്കാർ മനസിലാക്കിയതിന്റെ ഫലമാകാം വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ. ജനവാസ മേഖലയിലിറങ്ങി ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും മറ്റും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനു നൽകാനുള്ള കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്. നിയമസഭ പാസാക്കുന്നതിനു പുറമേ രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമാകുന്നതോടെ മലയോരവാസികൾ നേരിടുന്ന അതിഗുരുതര പ്രശ്‌നത്തിനാണ് പരിഹാരം തുറന്നുകിട്ടുന്നത്.  

ആദ്യം കേരളം

പട്ടിക രണ്ട് വിഭാഗത്തിലെ ഏതു വന്യമൃഗത്തെയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുവാനുള്ള അധികാരം കൂടി സംസ്ഥാന സർക്കാർ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു മലയോര പ്രദേശങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിന് ഫലപ്രദമാകുന്ന നടപടിയായി ഭാവിയിൽ മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഇതാദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരമൊരു ബില്ലിന് രൂപം നൽകുന്നത്. അതുകൊണ്ടു തന്നെ ബിൽ നിയമസഭ പാസാക്കിയാൽ കാലതാമസം വരുത്താതെ രാഷ്ട്രപതി അംഗീകാരം നൽകുമെന്ന്  സംസ്ഥാനം പ്രതീക്ഷിക്കുന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിനുള്ള നിയമഭേഗതിയുടെ കരട് ബില്ലും അംഗീകരിച്ചവയിലുണ്ട്.

vachakam
vachakam
vachakam

കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ തന്നെയാണ്. കാർഷിക വിളകൾ മാത്രമല്ല, കാട്ടുപന്നികൾ കാരണം നഷ്ടമായത്. വാഹനങ്ങൾക്കു മുന്നിൽ ചാടിയുള്ള അപകടത്തിൽ നിരവധി ഇരുചക്ര വാഹനയാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിൽ മാത്രം ആറു വർഷത്തിനിടെ അഞ്ചുപേരാണ് പന്നി കുറുകെ ചാടിയുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടത്. നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വൈകിയാണെങ്കിലും വന്യമൃഗ ശല്യത്തിന് അറുതി വരുത്താനുള്ള സർക്കാർ നീക്കം അഭിനന്ദനീയം തന്നെ. കേന്ദ്രവും സംസ്ഥാനവും തമ്മിൽ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാൻ നിൽക്കാതെ നേരത്തേ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. കാട്ടുപന്നിശല്യം നേരിടാൻ നിയമാനുസൃതമായ നടപടിക്ക് രൂപം നൽകണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നതാണ്. അതേസമയം പുതിയ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല. സാമൂഹ്യവിരുദ്ധർ ഇതൊരു അവസരമാക്കി മാറ്റി വന്യമൃഗങ്ങളെ വേട്ടയാടാനുള്ള സാദ്ധ്യത പൂർണമായും ആക്ഷേപമല്ല. ബന്ധപ്പെട്ട വനം വകുപ്പ് അധികൃതരും പൊലീസുമൊക്കെ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും കരുതലും കാണിക്കുകയെന്നതാണ് അതു തടയാനുള്ള വഴി.

ക്രമവൽക്കരണം

vachakam
vachakam
vachakam

റീസർവേ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കും കാലപ്പഴക്കവും മൂലമുണ്ടായ പരിമതികളെ തുടർന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭൂമി കൈവശക്കാർ അനുഭവിക്കുന്ന പ്രശ്‌ന പരിഹാരത്തിനുള്ളതാണ് സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ. മതിയായ അളവ് നിർണയ രീതികളോ മാനദണ്ഡങ്ങളോ ഇല്ലാതിരുന്ന കാലത്ത് പാരമ്പര്യമായി കൈമാറിയോ വിലയ്ക്ക് വാങ്ങിയോ കിട്ടിയ ഭൂമിയാണ് പലരുടെയും കൈവശത്തിലുള്ളത്. കൃത്യമായ അളവ് രേഖപ്പെടുത്തി റീസർവേ ആരംഭിച്ചതോടെ രേഖപ്രകാരവും കൈവശത്തിലുള്ളതുമായ ഭൂമിയുടെ അളവിൽ വ്യത്യാസം കണ്ടെത്തി. പക്ഷേ, കൂടുതലുള്ള ഭൂമിക്ക് കരം അടയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. അനന്തരാവകാശികൾക്കുൾപ്പെടെ കൈമാറാനും തടസം വന്നു. ഭൂമി കൈവശക്കാർ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതാകും പുതിയ ബിൽ.

കടക്കെണിയിൽപ്പെട്ട് ആത്മഹത്യാ മുനമ്പിലെത്തുകയോ ജപ്തി നടപടികൾ നേരിടുകയോ ചെയ്യുന്നവരുടെ ദുരിത കഥകൾ ധാരാളം. അവരുടെ സ്വന്തമായുള്ള ഏക ഭവനവും ജപ്തി ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ളതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ. മനഃപൂർവം വീഴ്ച വരുത്താത്തവരെങ്കിലും  തങ്ങളുടേതല്ലാത്ത കാരണത്താൽ തിരിച്ചടവ് മുടങ്ങിയെന്ന് കണ്ടെത്തുന്ന പാവപ്പെട്ടവരുടെ ഏക പാർപ്പിടം നഷ്ടപ്പെടുന്നത് ബിൽ നിയമമാകുന്നതോടെ ഇല്ലാതാകും. കടക്കെണിയിൽപ്പെട്ടുഴലുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസമേകുമിത്.

സ്വന്തം ആവശ്യത്തിന് വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തെ ചന്ദനമരം മുറിക്കാൻ അനുമതിയേകുന്നതിനുള്ള പുതിയ നിയമ ഭേദഗതിയാണ് മറ്റൊന്ന്. നിലവിലുള്ള നിയമപ്രകാരം സ്വകാര്യഭൂമിയിലെ ഉണങ്ങിയതും അപകടകരമായതുമായ ചന്ദനമരം മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽക്കുന്നതിനുള്ള അനുമതി നൽകുന്നതിനാണ് കരട് ബിൽ നിയമമാകുന്നതോടെ സാധ്യമാകുക. വനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ പിഴയ്ക്ക് തുല്യമായ തുകയടച്ച് കോടതി അനുമതിയോടെ ഒത്തുതീർക്കുന്നതിനും ബില്ലിൽ വ്യവസ്ഥകളുണ്ട്.

'വൻതാര' മാതൃക 

മൃഗങ്ങളുടെ ആവാസകേന്ദ്രം കാടുകളാണ്. അവിടെ കടന്നുകയറി നായാട്ടിന്റെ ഭാഗമായി അവയെ കൊല്ലുന്നത് പുരാതന വിനോദങ്ങളിൽ ഒന്നായിരുന്നു. വെടിമരുന്നിന്റെ കണ്ടുപിടിത്തത്തോടെയാണ് മനുഷ്യൻ വ്യാപകമായി വന്യമൃഗങ്ങളെ വകവരുത്തിത്തുടങ്ങിയത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അവരുടെ പ്രധാന വിനോദങ്ങളിലൊന്ന് വന്യമൃഗങ്ങളെ വെടിവച്ച് പിടികൂടുക എന്നതായിരുന്നു. പിന്നീട് വന്യമൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ വന്നതിനു ശേഷവും ആനക്കൊമ്പിനും മറ്റുമായി ആനകളെ വെടിവച്ചുകൊല്ലുന്ന അനധികൃത വേട്ടക്കാരും ഇന്ത്യയിൽ കുറവല്ലായിരുന്നു. ഇതിനൊപ്പമാണ് കാടുകൾ വെട്ടിപ്പിടിച്ച് ജനങ്ങൾ ആവാസകേന്ദ്രങ്ങളാക്കിത്തുടങ്ങിയത്.

ലോകത്താകമാനം കാടുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നതല്ലാതെ കൂടുന്നില്ല. ഇതെല്ലാം വന്യമൃഗങ്ങളുടെ സുരക്ഷിത ജീവിതത്തെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുള്ള ഘടകങ്ങളാണ്. ഇതിനിടയിൽ വന്യമൃഗങ്ങളെ സംരക്ഷിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ പല പദ്ധതികളും നാഷണൽ പാർക്കുകളുടെയും മറ്റും പാലനത്തിനായി നടത്തിവരുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനികളും വ്യക്തികളും ഈ മേഖലയിലേക്ക് അധികം കടന്നുവന്നിട്ടില്ലായിരുന്നു. ഇതിന് ഒരു അപവാദമായാണ് റിലയൻസ് ഇൻഡസ്ട്രീസ് ഗുജറാത്തിൽ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ 'വൻതാര' തുടങ്ങിയത്. 20,000 സ്പീഷിസുകളുടെയും വംശനാശ ഭീഷണി നേരിടുന്ന 1.5 ലക്ഷത്തിലധികം മൃഗങ്ങളുടെയും വൻ ആവാസ കേന്ദ്രമാണിത്.

ജനങ്ങൾക്ക് സന്ദർശനം അനുവദിക്കുന്ന മൃഗശാലയുടെ രീതിയിലല്ല ഗുജറാത്തിലെ ഗ്രീൻബെൽറ്റ് എന്നറിയപ്പെടുന്ന ജാംനഗറിൽ 'വൻതാര' സ്ഥിതിചെയ്യുന്നത്. ഇന്ത്യ സന്ദർശിക്കാനെത്തുന്ന ലോകത്തിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലയിലെ പ്രമുഖരിൽ പലരും ഈ കേന്ദ്രത്തിലെത്തി വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിവരുന്നുണ്ട്. പ്രധാനമന്ത്രിയാണ് 'വൻതാര' ഈ വർഷമാദ്യം ഉദ്ഘാടനം ചെയ്തത്. മൂവായിരം ഏക്കർ വിസ്തൃതിയുള്ള 'വൻതാര' നടത്തിക്കൊണ്ടു പോകാൻ കോടികളുടെ ചെലവ് വേണ്ടിവരും. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയാണ് മുഖ്യ നടത്തിപ്പുകാരൻ.

സ്വകാര്യ കമ്പനി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വികസിത രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയിൽ സംശയദൃഷ്ടിയോടെയാണ് 'വൻതാര'യെ പലരും വീക്ഷിച്ചത്. വെള്ളം ദുരുപയോഗം, കാർബൺ ക്രെഡിറ്റ് ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളുമായി രണ്ട് സംഘടനകൾ ഈ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് നൽകിയിരുന്നു. സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം, 'വൻതാര' നടത്തിപ്പിൽ നിഗൂഢതയൊന്നുമില്ലെന്നും സാമ്പത്തിക ആരോപണങ്ങളെല്ലാം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണെന്നും കണ്ടെത്തി ക്‌ളീൻ ചിറ്റ് നൽകി. സർക്കാരിന്റെയോ സ്വകാര്യ കമ്പനികളുേെയാ നേതൃത്വത്തിൽ 'വൻതാര' പോലുള്ള സംരംഭത്തിനുള്ള പ്രസക്തിയെപ്പറ്റി കേരളവും ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam