അടിയന്തര ചികിത്സ തേടുന്ന പൊതുജനാരോഗ്യം

SEPTEMBER 18, 2025, 2:54 AM

ആരോഗ്യ രംഗത്ത് ലോക മാതൃക എന്ന് സ്വയം വിളിക്കുമ്പോഴും ലോക മാതൃകകൾ പഠിക്കാൻ കേരളം പലപ്പോഴും വിദേശ സഞ്ചാരം നടത്താറുണ്ട്. അതൊരു നല്ല കാര്യമാണ്. ഇന്ത്യയിൽ വിദ്യാഭ്യാസത്തിനൊപ്പം പൊതുജനരോഗ്യവും കേരളത്തിൽ മറ്റെങ്ങും ഇല്ലാത്ത വിധം മുൻനിരയിലാണെന്ന് അവകാശപ്പെടുമ്പോഴും നമുക്ക് എവിടെയോ പാളുന്നു എന്ന തോന്നൽ കുറച്ചുകാലമായി സജീവമാണ്.

കോവിഡിന് ശേഷം ഉണ്ടായിട്ടുള്ള പൊതു ആരോഗ്യ പ്രശ്‌നങ്ങൾ പ്രത്യേകം കണേണ്ടതുണ്ട്. അക്കാരണത്താൽ ഒരു പതിറ്റാണ്ട് മുൻപ് നമ്മൾ അഭിമുഖീകരിച്ചിരുന്ന ആരോഗ്യപ്രശ്‌നങ്ങളും പ്രതിവിധികളും ഇപ്പോൾ വിലപ്പോകണമെന്ന് വാശി പിടിച്ചു കൂടാ. അനുദിനം പരിവർത്തനം ചെയ്യപ്പെടുന്നതും നവീകരിക്കപ്പെടുന്നതുമായ മേഖലയാണ് ആരോഗ്യരംഗം. നിത്യേന നടക്കുന്ന പരീക്ഷണങ്ങളും കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും ഒരോ വെല്ലുവിളികളെയും മറികടക്കാൻ ശാസ്ത്രം നടത്തുന്ന വ്യായാമമുറകളാണ്.

പഴുതടച്ചുള്ള ഒരു പോംവഴിയും ഒരു രോഗത്തിനും കണ്ടെത്തിയിട്ടില്ല. ഉണ്ടെങ്കിൽത്തന്നെ അത് ആപേക്ഷികവുമാണ്. 'മസ്തിഷ്‌ക ജ്വരം എന്ന രോഗപ്രതിഭാസം നിരവധി വെല്ലുവിളികളാണ് ഉയർത്തുന്നത്. ഏതു രോഗവും പൊട്ടിപ്പുറപ്പെടുമ്പോൾ അതിനുമുന്നിൽ ഒരു നിമിഷം അന്ധാളിച്ച് നിൽക്കുന്നവരാണ് നാം. ആരോഗ്യ സുരക്ഷ പൗരന്റെ ജന്മാവകാശമാണ് എന്നിരിക്കെ,അതിനുവേണ്ടിയുള്ള ഏത് മുറവിളിയും പോരാട്ടവും ഒരോ മനുഷ്യനും വേണ്ടിയുള്ളതാണ്. അതിൽ രാഷ്ട്രീയം കലർത്തിക്കൂടാ.

vachakam
vachakam
vachakam

വിവാദം കേരള മോഡൽ

കേരള നിയമസഭയിൽ അടിയന്തര പ്രമേയമായി വന്ന ചൂടേറിയ വിഷയം നമ്മുടെ ആരോഗ്യരംഗത്തെ കുറ്റവും കുറവുകളും തന്നെയാണ് എന്നത് ആശ്വാസകരമായ കാര്യം. അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ പല മേഖലയിലും കേരളം ഇനിയും മുന്നോട്ടു പോകാൻ ഉണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. അതിനെ പഴയ കണക്ക് പറഞ്ഞു പ്രതിരോധിക്കുന്ന ആരോഗ്യ മന്ത്രിയുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ല. ഇന്നലെ എന്ന ഒന്നില്ല, ഇന്നും നാളെയും മാത്രമേ ഈ മേഖലയിൽ പ്രസക്തമായുള്ളു. രക്ഷിച്ചെടുക്കാൻ കഴിയാത്ത വിധം അപകടാവസ്ഥയിൽ അല്ല കേരളത്തിന്റെ ആരോഗ്യരംഗം. എന്നാലും ചർച്ച വഴിതെറ്റി വിവാദത്തിലേക്ക് വഴുതിവീഴുന്ന പ്രവണത നിയമസഭയിൽ കണ്ടു. ജനങ്ങൾക്ക് വേണ്ടത് റിസൾട്ട് ആണ്. കപ്പിത്താൻ ഉള്ള കപ്പലോ മുങ്ങിത്താഴുന്ന കപ്പലോ എന്ന് തർക്കിച്ചു നിൽക്കേണ്ട സമയമല്ല ഇത്.

മസ്തിഷ്‌ക ജ്വരത്തിൽ മരണനിരക്ക് സർക്കാർ പൂഴ്ത്തിവച്ചുവെന്ന് ആരോപണമുണ്ട്. പട്ടിക പരിഷ്‌കരിച്ചപ്പോൾ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സർക്കാർ കണക്ക്. വിവരങ്ങൾ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സർക്കാരും വകുപ്പും നടത്തുന്നതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. ഉറവിടം കണ്ടെത്തി രോഗം തടയുന്നതിൽ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. പഞ്ചായത്തുകളെ അടക്കം ഏകോപിപ്പിച്ച് കർമ്മപദ്ധതി തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല. കുളത്തിൽ കുളിച്ചവർക്കാണ് രോഗം വരുന്നതെന്ന് പറഞ്ഞത്. എന്നാൽ വീട്ടിൽ കുളിച്ചവരും രോഗം വന്നു മരിച്ചു. നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പർ വൺ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

ഡെങ്കിയും നിപ്പയും നിയന്ത്രിക്കാൻ കഴിയുന്നില്ല. ഒരു പ്രത്യേക മാസത്തിൽ വരുന്ന വവ്വാലാണ് നിപ്പ പടർത്തുന്നതെന്നാണ് ഇപ്പോൾ പറയുന്നത്. 2013 ൽ തന്നെ പഠനം നടത്തിയെന്നും അന്നത്തെ സർക്കാർ ഒന്നും ചെയ്തില്ലെന്നുമാണ് മന്ത്രി വീണ ജോർജിന്റെ ഭാഷ്യം. പഠനം നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട് വന്നത് 2018ൽ. അന്ന് കെ.കെ.ശൈലജയാണ് ആരോഗ്യമന്ത്രി. ഉമ്മൻചാണ്ടിയെ ചാരി ശൈലജയ്ക്ക് ഒരു അടിയാണ് ആരോഗ്യമന്ത്രി ലക്ഷ്യമിട്ടതത്രേ!പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയണോ മന്ത്രി ചെയ്യേണ്ടത് പ്രതിപക്ഷം ചോദിക്കുന്നു.

രോഗം സംസ്ഥാനത്തു ക്രമാതീതമായി പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നു സർക്കാരിനു ശാസ്ത്രീയമായി കഴിയുന്നില്ലെന്നു പ്രമേയം. ആരോഗ്യരംഗം തകർന്നു. കപ്പിത്താൻ ഉണ്ടായിട്ടു കാര്യമില്ല, കപ്പൽ മുങ്ങിത്താണു. അപൂർവമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തിൽ പടർന്നു പിടിക്കുമ്പോൾ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ് അതാണ് പ്രതിപക്ഷത്തിന് പറയാനുള്ളത്.

സത്യാന്വേഷണം

vachakam
vachakam
vachakam

ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ഡോ.ഹാരിസിനെ വേട്ടയാടാൻ ശ്രമിച്ചത് കേരളം മറന്നിട്ടില്ല. കേരളത്തിലെ ആരോഗ്യരംഗത്തിന്റെ നേർസാക്ഷ്യമാണു ഡോക്ടറുടെ വെളിപ്പെടുത്തൽ. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലെയും സ്ഥിതി ഇതാണെങ്കിൽ ലോക മാതൃക എന്ന വീമ്പു പറച്ചിൽ വെറും തള്ള് തന്നെ.

കോഴിക്കോട് ജില്ലാ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ മുടങ്ങിയിട്ടു മാസങ്ങളായി. ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് 114 കോടി സർക്കാർ കൊടുക്കാനുണ്ട്. 594 കോടി രൂപ മരുന്ന് വിതരണക്കാർക്കും കൊടുക്കാനുണ്ട്. കാരുണ്യ കുടിശിക 1255 കോടിയാണ്. സ്വകാര്യ ആശുപത്രികൾ ഇപ്പോൾ കാരുണ്യപദ്ധതി അംഗീകരിക്കുന്നില്ല. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി മുടങ്ങി. ആരോഗ്യരംഗത്ത് 2000 കോടിയുടെ കുടിശികയാണുള്ളത്. ഈ കപ്പൽ പൊങ്ങുകില്ല. പൊങ്ങാൻ കഴിയാത്ത വിധം മുങ്ങിത്താണു കഴിഞ്ഞു. സിസ്റ്റം തകരാറിലാണ്. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നപ്പോൾ അവിടെ ഉണ്ടായിരുന്ന മന്ത്രി അവശിഷ്ടങ്ങൾക്കിടയിൽ ആരുമില്ലെന്ന് പറഞ്ഞു. ഒരു പാവപ്പെട്ട സ്ത്രീ മണിക്കൂറുകൾ അതിൽ കുടുങ്ങി മരിച്ചു. സർക്കാരാണ് അതിന് ഉത്തരം നൽകേണ്ടത്. ഇടതുസർക്കാരിന്റെ നയങ്ങൾ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ആരോപണങ്ങൾ പെയ്തുതീരുന്നില്ല.

എന്നാൽ , ഡോ. എൻ ജയരാജ് അവതരിപ്പിച്ച ആരോഗ്യപരിരക്ഷാ ബിൽ ഉൾപ്പെടെ കേരളം നടത്തുന്ന ഒരോ ചുവടുവയ്പും അക്കമിട്ടു പറയുകയാണ് സർക്കാരും. എന്നാൽ സർക്കാർ നിരത്തുന്ന ന്യായങ്ങളും അവകാശവാദങ്ങളും ഇവിടെ ചർച്ച ചെയ്യുന്നില്ല. അത് ഇപ്പോൾ ഒരു തുറന്ന പുസ്തകമാണ്. എന്ത് ഉണ്ട് എന്നതിനേക്കാൾ എന്തില്ല എന്നിടത്താണ് ഈ ഘട്ടത്തിൽ ഊന്നൽ നൽകേണ്ടത്. വികസിത രാജ്യത്തെ ആരോഗ്യരംഗം അവരുടെ സാമ്പത്തിക അടിത്തറയുടെ കൂടി കരുത്തോടെയാണ് മുന്നേറുന്നത്. ആ കരുത്ത് നമുക്ക് അവകാശപ്പെടാനില്ല. യാതൊരു മാസ്റ്റർ പ്ലാനും ഇല്ലാതെ കെട്ടിപ്പൊക്കിയ മെഡിക്കൽ കേളേജുകൾ. സ്വകാര്യ ആശുപത്രികൾ അവരുടെ നിലനിൽപ്പിനായി വാങ്ങുന്ന അമിത ചികിത്സാ ചെലവ് എന്നിവ നമ്മുടെ അടിസ്ഥാന പ്രശ്‌നങ്ങൾ തന്നെ.

* രാഷ്ട്രീയ വിവാദങ്ങൾ, അതേചൊല്ലിയുള്ള ചേരിതിരിവുകൾ, ജാതീയമായ വിഷയങ്ങളെ മുൻനിർത്തിയുള്ള വർഗീയ പടലപ്പിണക്കങ്ങൾ എന്നിവക്കെല്ലാം മേലെയാണ് പൊതുജനം നേരിടുന്ന ആരോഗ്യ സംബന്ധിയായ വെല്ലുവിളികൾ. അതിൽ രാഷ്ട്രീയമില്ല, ജാതിയില്ല, മതമില്ല, വർണ്ണ വർഗ്ഗ വിവേചനങ്ങൾ ഇല്ല. ആരോഗ്യകേരളത്തെ പനിക്കിടക്കയിൽ ഇട്ട് രാഷ്ട്രീയം പറയുന്നത് ആരുടെ ആരോഗ്യത്തിന് നല്ലതല്ല.

പ്രിജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam