അനുഭവ സമ്പത്തിന്റെ കരുത്തോടെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പോൾ പി. ജോസ്

JULY 23, 2026, 2:02 PM

അമേരിക്കൻ മലയാളി സമൂഹത്തിന്റ നെഞ്ചിടിപ്പറിഞ്ഞ്, അവരുടെ ഉന്നമനത്തിനായി നിരന്തരം പ്രവർത്തിക്കുന്ന 'ഫോമാ' എന്ന മഹാപ്രസ്ഥാനത്തിന്റെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലുകൾ തീർത്ത നേതാവാണ് പോൾ പി. ജോസ്. 'വാക്കുകളേക്കാൾ പ്രവൃത്തി' എന്ന നിലപാടിലൂന്നി, വ്യക്തമായ കാഴ്ചപ്പാടോടും ദീർഘവീക്ഷണത്തോടും കൂടി 2026-2028 കാലയളവിലേക്കുള്ള ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുമ്പോൾ, അത് വെറുമൊരു മത്സരമല്ല, മറിച്ച് ഫോമയെ കൂടുതൽ കരുത്തോടും സുതാര്യതയോടും കൂടി പുതിയൊരു ദിശാബോധത്തിലേക്ക് നയിക്കാനുള്ള വ്യക്തമായ നയപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രവർത്തന പരിചയവും സംഘാടന മികവുമാണ് പോൾ പി. ജോസിന്റെ ഏറ്റവും വലിയ ശക്തി. മെട്രോ റീജിയണൽ തലത്തിൽ വർഷങ്ങളോളം താഴെത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത ദൃഢമായ സംഘടനാ അടിത്തറയും, ഫോമയുടെ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ കഴിവ് തെളിയിച്ച സമ്പന്നമായ അനുഭവസമ്പത്തും അദ്ദേഹത്തിന് തണലായുണ്ട്. പദവികൾക്കപ്പുറം പകർന്നുനൽകുന്ന സേവനമാണ് ഓരോ സംഘടനാപ്രവർത്തനവുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.

സമാനതകളില്ലാത്ത സാമൂഹിക പ്രതിബദ്ധതയാണ് പോൾ പി. ജോസിന്റെ അടയാളം. നിർധനരായ സഹജീവികൾക്ക് താങ്ങും തണലുമാകുന്ന ചാരിറ്റി പ്രവർത്തനങ്ങളിലും, അർഹരായവർക്ക് തലചായ്ക്കാൻ ഇടമൊരുക്കുന്ന ഭവനപദ്ധതികളിലും സജീവ സാന്നിധ്യം. ആവശ്യമായ ഘട്ടങ്ങളിൽ ആശ്വാസമേകുന്ന ആരോഗ്യസഹായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനുള്ള ആർജ്ജവം. ഫോമായുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കാൻ യുവതലമുറയെയും വനിതകളെയും സംഘടനയുടെ അമരത്തേക്കും മുഖ്യധാരയിലേക്കും ചേർത്തുനിർത്താനുള്ള കൃത്യമായ കാഴ്ചപ്പാട് തുടങ്ങിയവ പോൾ പി. ജോസിനെ വേറിട്ടു നിർത്തുന്നു.

vachakam
vachakam
vachakam

പടിപടിയായി കാര്യങ്ങൾ പഠിച്ച്, തട്ടകങ്ങളിൽ പ്രവർത്തിച്ചു തെളിഞ്ഞ അനുഭവസമ്പത്താണ് പോൾ പി ജോസിന്റെ കൈമുതൽ. കഴിഞ്ഞ പത്ത് വർഷമായി ഫോമായിൽ സജീവസാന്നിധ്യമായ അദ്ദേഹം, മെട്രോ റീജിയൺ ആർ.വി.പി എന്ന നിലയിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ജോയിന്റ് സെക്രട്ടറിയായി ഫോമായുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയപ്പോൾ, പ്രസ്ഥാനത്തിന്റെ ഉള്ളറകളെ കൃത്യമായി തൊട്ടറിയാനും അംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.

തന്റെ ഹോം അസോസിയേഷനായ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ 50-ാം വാർഷികത്തിൽ പ്രസിഡന്റായി കൃത്യതയോടെയും മികവോടെയും നയിച്ച അനുഭവം അദ്ദേഹത്തിലെ സംഘാടകന് കൂടുതൽ കരുത്തുപകർന്നു. കൂടാതെ, ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനായ അദ്ദേഹം, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തുടങ്ങി നിരവധി സാംസ്‌കാരികസാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനങ്ങളിൽ തിളങ്ങി വലിയൊരു സുഹൃദ്ബന്ധം തന്നെ ആഗോളതലത്തിൽ കെട്ടിപ്പടുത്തിട്ടുണ്ട്.

ഒരു ഭാരവാഹി എന്നതിലുപരി ഫോമയുടെ ജീവകാരുണ്യ പദ്ധതികളിൽ പോൾ നൽകിയ സംഭാവനകൾ പ്രശംസനീയമാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ്, കെ.എം ചെറിയാൻ മെമ്മോറിയിൽ ഹോസ്പിറ്റൽ ചെങ്ങന്നൂർ, ആസ്റ്റർ മെഡിസിറ്റി (കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം), സ്മിത മെമ്മോറിയിൽ ഹോസ്പിറ്റൽ തൊടുപുഴ, കാരിത്താസ് ബോസ്പിറ്റൽ കോട്ടയം തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ ഇളവുകൾ ലഭ്യമാക്കുന്ന മെഡിക്കൽ കാർഡ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ സുപ്രധാന പങ്ക്. വഹിച്ചു.

vachakam
vachakam
vachakam

'ഹെൽപ്പിംഗ് ഹാൻഡ്‌സ്' പദ്ധതിയിലൂടെ സാമ്പത്തിക സഹായ വിതരണം, ഭവന നിർമ്മാണ പദ്ധതിക്ക് കീഴിൽ വീടുകളുടെ താക്കോൽദാനം, നിർധന വിധവകളായ അമ്മമാരെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന 'അമ്മയോടൊപ്പം' പദ്ധതി, വിമൻസ് ഫോറത്തിന്റെ കരുതലുകൾ എന്നിവയിലൂടെ സാധാരണക്കാരായ അംഗങ്ങളിലേക്ക് ഇറങ്ങിപ്പറന്നു.

ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവരടങ്ങുന്ന നേതൃത്വത്തോടൊപ്പം 2026 ജനുവരിയിൽ കോട്ടയത്ത് നടന്ന കേരള കൺവെൻഷൻ അവിസ്മരണീയമാക്കുന്നതിൽ പോൾ സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഫാമിലി കൺവെൻഷനും വിജയിപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം.

വാഗ്ദാനങ്ങളിൽ അല്ല, സുതാര്യവും ജനകീയവുമായ പ്രവർത്തന മികവിലാണ് തങ്ങൾക്ക് വിശ്വാസമെന്ന് പോൾ പി. ജോസ് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഐക്യവും സുതാര്യതയുമുള്ള പുതിയൊരു ഫോമായെ വരുംകാലങ്ങളിൽ കെട്ടിപ്പടുക്കാൻ പോൾ പി. ജോസിനും അദ്ദേഹത്തിന്റെ പാനലിനും സാധിക്കുമെന്നതിൽ സംശയമില്ല.

vachakam
vachakam
vachakam


ഇന്ന്, അനുഭവസമ്പത്തും വ്യക്തമായ കാഴ്ചപ്പാടുമുള്ള ഒരു നിരയോടൊപ്പമാണ് പോൾ ജനവിധി തേടുന്നത്. ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി), ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 'ടീം വോയിസ് ഓഫ് ഫോമാ' യുടെ ഭാഗമായാണ് അദ്ദേഹം മത്സരിക്കുന്നത്.

ശബ്ദമില്ലാത്തവർക്ക് ശബ്ദമാവുക, യുവതലമുറയെയും വനിതകളെയും സംഘടനയുടെ മുന്നണിയിലേക്ക് കൊണ്ടുവരിക, അമേരിക്കൻ മലയാളികളെ അവിടുത്തെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നിവയാണ് ഈ ടീമിന്റെ പ്രധാന ലക്ഷ്യം.

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. സമർപ്പണബോധവും കഠിനാധ്വാനവും കൈമുതലാക്കി, ഫോമായുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പോൾ പി. ജോസ് ഒരുങ്ങിക്കഴിഞ്ഞു.

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam