കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. 19 വയസ്സുകാരനായ പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെയാണ് നടപടി. ആദ്യം കോർട്ട് യാർഡ് ബൈ മാരിയറ്റ് ബാർ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. പിന്നാലെ വൈറ്റിലയിലെ ദയ ബാർ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് ബാർ എന്നിവയ്ക്കെതിരെയും കേസെടുത്തു.
മൂന്ന് ബാറുകളിലും പ്രതി എത്തിയതും മദ്യപിച്ചതും എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും എക്സൈസ് അറിയിച്ചു. 19 വയസ്സുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് കേസെടുത്തത്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്.
അപകടത്തിനിടയാക്കിയ കാർ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗത്തിലാണ് ഓടിച്ചതെന്ന് പ്രതി സുഹൈൽ മൊഴി നൽകിയിട്ടുണ്ട്. അപകടസമയത്തെ വേഗം കണ്ടെത്താൻ മിനി കൂപ്പർ സർവീസ് സെന്ററിലെ വിദഗ്ധർ പരിശോധന നടത്തും. ശനിയാഴ്ച ഉച്ച മുതൽ പ്രതി മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് വൈറ്റിലയിലെ ദയ ബാറിലെത്തി മദ്യപിച്ചു. വൈകിട്ട് പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് ബാർ ഹോട്ടലിൽ നിന്നും മദ്യപിച്ചു. രാത്രി നെടുമ്പാശേരിയിലെ കോർട്ട് യാർഡ് ബൈ മാരിയറ്റ് ബാർ ഹോട്ടലിലെത്തി വീണ്ടും മദ്യപിച്ചതിന് ശേഷമാണ് അപകടമുണ്ടായത്.
അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ രണ്ട് സുഹൃത്തുക്കളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമീർ, ജോയൽ എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചിട്ടും തടയാൻ ശ്രമിക്കാത്തതിന് ഇവർക്കെതിരെയും കേസെടുക്കും. കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്തായ നിനവിനെ അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് നാല് പേരാണ് കാറിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്ന് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചു. പ്രതി സുഹൈൽ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സുഹൃത്തിനെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതി എത്തിയത്. വിമാനം എത്തുന്ന സമയം പുലർച്ചെ 2.40 ആയിരുന്നതിനാൽ വീണ്ടും ബാറുകളിൽ പോയി മദ്യപിക്കുകയായിരുന്നു. തൃക്കാക്കരയിലെ കരകൗശല വിൽപനശാലയിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നവരാണ് മരിച്ച മൂന്ന് വിദ്യാർഥികളും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
