രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് വാർത്തയാക്കുമ്പോൾ ചില ദൃശ്യമാധ്യമങ്ങൾ ബലാൽസംഗ കേസിലെ പ്രതി എന്ന് ഊന്നി പറയാൻ പറയാൻ മറക്കാറില്ല. എരിവും പുളിയും എന്ന പഴയ പ്രയോഗം കടമെടുത്താൽ, വാർത്തയെ മസാലയാക്കുന്ന ആ തന്ത്രം രാഷ്ട്രീയ എതിരാളികൾക്ക് രസിക്കുമെങ്കിലും ആവർത്തനം കൊണ്ട് മടുപ്പുളവാക്കുന്നതാണ്. എന്നാൽ അത് എത്ര കേട്ടാലും മടുക്കാത്തവരും ഉണ്ടെന്നതിന് തെളിവാണ് വാർത്താ ചാനലുകളുടെ റേറ്റിംഗ് അളക്കുന്ന സൂചകങ്ങളിൽ കാണുന്ന കുതിപ്പ്. ആ റേറ്റിംഗ് പോലും കൃത്രിമമായി സൃഷ്ടിക്കാൻ പണം മുടക്കുന്ന ചാനൽ മുതലാളിമാരുടെ കഥകളും പുറത്തുവരുന്നു.
വാർത്തകളുടെ വിശ്വാസ്യത തിട്ടപ്പെടുത്താൻ കഴിയാത്ത വിധം നവമാധ്യമ രംഗത്ത് പടരുന്ന അരാജകത്വ പ്രവണത കാഴ്ചക്കാരെ വല്ലാത്ത ആശയ കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ട്. രാഹുൽ മാങ്കുട്ടം ബലാൽസംഗം കേസിൽ പ്രതി തന്നെയാണ്. ഇത് എഴുതുന്ന നിമിഷം വരെ അയാൾ ഒളിവിലുമാണ്. കോൺഗ്രസ് രാഹുലിനെ ഏറെക്കുറെ കൈവിട്ടു. എന്നാലും വിശ്വസ്തരുടെ രഥത്തിലേറി അയാൾ നിയമത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് അതിർത്തികൾ കടന്നുകൊണ്ടിരിക്കുകയാണ്.
വിശ്വസ്തരായ ചെറു ബാല്യക്കാർ മാത്രമല്ല പാർട്ടിയിലെ വൻ തോക്കുകൾ വരെ രാഹുലിന് രക്ഷാകവചം ഒരുക്കാൻ ഒപ്പമുണ്ട്. വാർത്താ ചാനലുകൾക്ക് ആ ചെറുപ്പക്കാരനൊപ്പം ഓടിയെത്താൻ കഴിയുന്നില്ല. ഊഹപോഹങ്ങൾ കൊണ്ട് അവർ മാങ്കൂട്ടത്തിന്റെ ലൊക്കേഷൻ കഥകൾ തൽസമയം പ്രേക്ഷകർക്ക് നൽകുകയാണ്. കേരളം വിട്ട് തമിഴ്‌നാടും കർണാടകയും രാഹുലിന് വഴിയൊരുക്കുമ്പോഴും പോലീസിലെ രഹസ്യന്വേഷണ വിഭാഗം വെറുതെയിരുന്ന് കഥ ചമക്കുകയാണെന്ന് നമ്മൾ കരുതരുത്.
ആളെ പെട്ടെന്ന് പിടിച്ചാൽ മേൽപ്പറഞ്ഞ മസാലക്ക് രുചി കുറയും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, ആ രസച്ചരട് പെട്ടെന്ന് പൊട്ടിക്കാൻ പിണറായി പോലീസിനും ഇല്ല താല്പര്യം. മുഖ്യമന്ത്രിയാവട്ടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന ഗൾഫ് പര്യടനം കഴിഞ്ഞ് കേരള യാത്രയ്ക്ക് ഒരുങ്ങുന്നു. അതിനായി ഒരു കോടിക്കുമേൽ വിലയുള്ള ആഡംബരക്കാർ ഒരുങ്ങിക്കഴിഞ്ഞു.
ശത്രുക്കൾ പറയും പോലെ ശബരിമലയിലെ സ്വർണ്ണക്കൊള്ള മറയ്ക്കാനാണ് മാങ്കൂട്ടത്തിന്റെ കേസ് കാത്തുവെച്ച് ഇപ്പോൾ പുറത്തിറക്കിയതെന്ന് വിശ്വസിച്ചാൽ പോലും കാര്യങ്ങൾ അവിടവും വിട്ടതായി മാങ്കൂട്ടം കേസിന്റെ പോക്ക് കണ്ടാൽ അറിയാം.
ആര് ആരെ രക്ഷിക്കും?
രക്ഷാകവചം ഒരുക്കാൻ മാർക്‌സിസ്റ്റ് പാർട്ടിയോളം സംവിധാനമില്ലെങ്കിലും മാങ്കൂട്ടം കേസിൽ കോൺഗ്രസും ആദ്യഘട്ടത്തിൽ തങ്ങളാൽ കഴിയുന്നതൊക്കെ ചെയ്തു. അപ്പുറത്തെ പീഡന വീരന്മാരുടെ കഥകൾ ഓർമിപ്പിച്ചു പ്രതിരോധം തീർത്തു. പി. ശശി മുതൽ മുകേഷ് വരെ നീളുന്ന പീഡനക്കേസ് പ്രതികളുടെ ദേഹാ ചിത്രം ജന മനസ്സിൽ കോറിയിടാൻ പ്രതിപക്ഷ നേതാവും മടിച്ചില്ല. അത്തരം പ്രതിരോധം കൊണ്ടൊന്നും സി.പി.എമ്മിനെ തകർക്കാൻ കഴിയില്ലെന്ന് പത്തുവർഷം പ്രതിപക്ഷത്തിരുന്നിട്ടും പഠിക്കാത്ത യു.ഡി.എഫ് നേതാക്കൾ. പരാതിക്കാരുടെ എണ്ണം ഒന്നിനുപുറകെ ഒന്നായി വന്നതോടെയാണ് കോൺഗ്രസിൽ രണ്ട് ചേരിയായി തിരിഞ്ഞ് രാഹുലിനെ നേരിട്ടത്. ഷാഫി പറമ്പിലുമായുള്ള സൗഹൃദം ആദ്യഘട്ടത്തിൽ രാഹുൽ ഒരു പരിചയയായി ഉപയോഗിച്ചു.
എന്നാൽ കെ. മുരളീധരനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഒപ്പം ഇല്ലെന്ന തിരിച്ചറിവ്, പാർട്ടിയിൽ ഇതിന്റെ പേരിൽ രണ്ട് ചേരി തിരിയുന്നു എന്ന യാഥാർത്ഥ്യം എന്നിവ മാങ്കൂട്ടത്തെ പ്രതിസന്ധിയിലാക്കി. അയാൾ കേരളത്തിലെ ഒരു നേതാവിനോടും പറയാതെയാണ് മുങ്ങിയത് എന്ന് കരുതാൻ നിർവാഹമില്ല. കോടതി കേസ് കടുപ്പിക്കും എന്ന തോന്നൽ സജീവമായതോടെയാണ് പലരും രാഹുലിനെ കൈവിടാൻ തയ്യാറായത്. ഇത്തരമൊരു കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച ഏത് പ്രതിയും ചെയ്യുന്നതേ മാങ്കൂട്ടവും ചെയ്തുള്ളു.
മാറിനിൽക്കുക
പാർട്ടി എംഎൽഎയ്ക്ക് എതിരെ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിക്കണമെന്ന മുരളീധരന്റെ വാക്കുകൾ തങ്ങൾ പീഡക സംരക്ഷകർ അല്ലെന്ന തോന്നൽ ഉളവാക്കാൻ സഹായിച്ചെങ്കിലും അല്പം വൈകിപ്പോയി. പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കും എന്ന സൂചന നൽകിയത് കെ.പി.സി.സി അധ്യക്ഷൻ തന്നെയാണ്. ഇത്രയുമായപ്പോഴാണ് വി.എം. സുധീരനെ പോലുള്ള നേതാക്കൾ രാഹുൽ രാജിവെക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചത്. മുൻകൂർ ജാമ്യം പരിഗണിച്ചു കൊണ്ടിരിക്കെ ഒരു 23 കാരി പ്രത്യക്ഷപ്പെട്ട് തന്നെയും രാഹുൽ പീഡിപ്പിച്ചെന്ന പരാതി നൽകിയത് കാര്യങ്ങൾ വഷളാക്കി.
ഒന്നിന് പുറകെ ഒന്നായി പരാതികൾ വരുന്നത് ക്രിമിനൽ ഗൂഢലോചനയാണെന്ന് രാഹുൽ സംഘം റീലുകളിലൂടെയും മറ്റും നടത്തുന്ന പ്രചാരണത്തിനും വലിയ വില കിട്ടിയില്ല. ഒരു ചാനൽ മേധാവിയുടെ പ്രേരണ മൂലമാണ് പെൺകുട്ടി പരാതി നൽകിയതെന്നും പറഞ്ഞുനോക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്
23 കാരി ഇ-മെയിലിൽ അയച്ച പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അത് കെ.പി.സി.സി അധ്യക്ഷൻ ഡി.ജി.പിക്ക് കൈമാറിയതോടെ അതിവേഗ നീക്കമായി. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഡി.ജി.പിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് യുവതിയുടെ പരാതിയെത്തിയത്. ഇത് രാഹുലിന്റെ ഗൂഢലോചന സിദ്ധാന്തം ശരിവെക്കുന്നുണ്ട്.
പീഡനത്തിന് തീവ്രത പോര
സി.പി.എമ്മിന്റെ ഒരു വനിതാ നേതാവ് എം. മുകേഷ് പീഡനം നടത്തിയ കേസിനെ ന്യായീകരിച്ചത് വളരെ രസകരമാണ്. മാങ്കൂട്ടത്തിന്റെ കേസ് അതിതീവ്ര പീഡനത്തിൽ ഉൾപ്പെടുമത്രേ. മുകേഷിന്റെ കാര്യത്തിൽ തീവ്രമായ പീഡനം നടന്നതായി സി.പി.എം കരുതുന്നില്ല. പാർട്ടിക്ക് മുന്നിലെത്തിയ പരാതി വേണ്ടവിധം പരിശോധിച്ചതാണ്. മുകേഷിന്റെ പീഡനവും മാങ്കൂട്ടത്തിന്റെ പീഡനവും താരതമ്യം ചെയ്യാൻ കഴിയില്ല. പാർട്ടിയുടെ ബോധ്യം അതാണ്. പാർട്ടിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എത്ര കേസുണ്ടെങ്കിലും നിയമസഭയിൽ ഇരിക്കാം.
സി.പി.എമ്മിന്റെ പൊതുവായ നിലപാടാണ് ആ സ്ത്രീയുടെ വാക്കുകളിലൂടെ പുറത്തുവന്നത് എന്നുതന്നെ കരുതാം. ഒരു ചാനലിൽ വന്നിരുന്ന് അപ്രകാരം നിലപാട് പറയണമെങ്കിൽ അത് ഏറെക്കുറെ ഔദ്യോഗികം തന്നെ. അങ്ങനെയെങ്കിൽ ജനങ്ങൾ മെല്ലെ കാര്യങ്ങൾ മറന്നു കൊള്ളുമെന്ന വിശ്വാസം സി.പി.എമ്മിന് ഉള്ളതുപോലെ മറ്റൊരു പാർട്ടിക്കും ഉണ്ടാവില്ല.
എം.എൽ.എയ്‌ക്കെതിരെ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ ആണ്. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടി അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്. രാഹുലിനെതിരെ മാതൃകാപരമായ നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഇത്തരമൊരു കാര്യം ചെയ്യാൻ സി.പി.എമ്മിന് കഴിയുമോ എന്നും കോൺഗ്രസ് കേന്ദ്രങ്ങൾ ചോദിച്ചു.
ഏതായാലും പീഡനങ്ങളുടെ തീവ്രത അളക്കാനുള്ള മാപിനികൾ ഒരോ രാഷ്ട്രീയ കക്ഷിയുടെയും കൈവശമുള്ളതിനാൽ പോലീസിനും നിയമവാഴ്ചയ്ക്കും കോടതിക്കും ഒന്നും ചെയ്യാനില്ല. എന്നിരുന്നാലും വോട്ടവകാശം ഉള്ള കാലത്തോളം നമുക്ക് ആശ്വസിക്കാം ജനങ്ങളുടെ കോടതി എല്ലാറ്റിനും ശരിയായ വിധി തന്നെ പറയുമെന്ന്.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
