കരിങ്കടലില്‍ സംഘര്‍ഷം കനക്കുന്നു 

DECEMBER 3, 2025, 6:18 AM

ഉക്രെയ്ന്‍ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യൂറോപ്യന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള സൈനിക സംഘര്‍ഷം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഉക്രെയ്‌നില്‍ നാല് വര്‍ഷമായി നീണ്ടു നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റിനെ കാണാനിരിക്കെയാണ് പുടിന്റെ ഭീഷണി.  

യൂറോപ്പ് യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ റഷ്യയും അതിന് തയ്യാറല്ലെന്നും എന്നാല്‍ യൂറോപ്പ് മുന്‍കൈയെടുക്കുകയാണെങ്കില്‍ റഷ്യ ഉടന്‍ തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ യൂറോപ്യന്‍ രാജ്യങ്ങളാണ് തടസപ്പെടുത്തുന്നതെന്നും പുടിന്‍ ആരോപിച്ചു.

മോസ്‌കോയില്‍ നടന്ന വിടിബി 'റഷ്യ കോളിംഗ്' ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലെ പ്ലീനറി സെഷന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയുമായി യൂറോപ്പ് ഒരു യുദ്ധം തുടങ്ങിയാല്‍ ചര്‍ച്ച നടത്താന്‍ പോലും ആരുമില്ലാത്ത ഒരു സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

തങ്ങള്‍ യൂറോപ്പുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യൂറോപ്പ് തങ്ങളുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുകയും അത് ആരംഭിക്കുകയും ചെയ്താല്‍ ഉടന്‍ പ്രതികരിക്കാന്‍ തയ്യാറാണ്. അതിനെക്കുറിച്ച് യാതൊരു സംശയവും ഇല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. കരിങ്കടലില്‍ റഷ്യയുടെ എണ്ണ ടാങ്കറുകള്‍ ഉള്‍ക്കൊള്ളുന്ന കപ്പലുകള്‍ക്ക് (ഷാഡോ ഫ്‌ളീറ്റ്) നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളോട് ശക്തമായി പ്രതികരിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. ഈ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി ഉക്രെയ്ന്‍ കപ്പലുകളുടെ കടലിലേക്കുള്ള പ്രവേശനം പൂര്‍ണമായും വിച്ഛേദിക്കും. അതേസമയം തങ്ങള്‍ക്ക് ഈ ആക്രമണവുമായി ബന്ധമില്ലെന്ന് ഉക്രെയ്ന്‍ അറിയിച്ചു.

ഉക്രെയ്‌നിലെ സൈനിക സംവിധാനങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെയുള്ള റഷ്യയുടെ ആക്രമണങ്ങള്‍ കടുപ്പിക്കുമെന്നും ഉക്രെയ്‌നെ സഹായിക്കുന്ന രാജ്യങ്ങളുടെ പാശ്ചാത്യ ടാങ്കറുകള്‍ക്ക് എതിരേ റഷ്യ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയ്ക്ക് സ്വീകാര്യമല്ലല്ലെന്ന് യൂറോപ്പിന് അറിയാവുന്ന കാര്യങ്ങളാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത് വഴി റഷ്യയാണ് സമാധാനം ആഗ്രഹിക്കാത്തതെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും പുടിന്‍ കുറ്റപ്പെടുത്തി.

മാത്രമല്ല 'അവര്‍ യുദ്ധത്തിന്റെ പക്ഷത്താണ്' എന്നും പുടിന്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശങ്ങളോട് റഷ്യ അനുകൂലമായി പ്രതികരിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ചെടുക്കവേയാണ് പുതിയ സംഭവ വികാസങ്ങള്‍. റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രെയ്നുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് സ്വയം പിന്മാറിയിരുന്നു. കരിങ്കടലില്‍ റഷ്യന്‍ കപ്പലുകള്‍ക്ക് നേരെ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുടിന്റെ മുന്നറിയിപ്പ്. കരിങ്കടലിലെ റഷ്യന്‍ തുറമുഖമായ നോവോറോസിസ്‌കില്‍ ഉക്രെയ്ന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam