ശ്രം ശക്തി നീതി: തൊഴിലിടത്തിലെ വള്ളിക്കെട്ട്

DECEMBER 3, 2025, 9:24 AM

ബി.ജെ.പിക്ക് ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത്  മൂന്ന് കാർഷിക നിയമങ്ങളോടൊപ്പം പ്രതിപക്ഷ കക്ഷികളുടെ അസാന്നിധ്യത്തിൽ ഏകപക്ഷീയമായി പാസാക്കിയെടുത്ത നാല് തൊഴിൽ നിയമസംഹിതകൾ. അവ ഇത്രയുംകാലം കോൾഡ് സ്റ്റോറേജിൽ പൂഴ്ത്തിവച്ചിരിക്കയായിരുന്നു. ആ വള്ളിക്കെട്ടാണിപ്പോൾ പൊടിതുടച്ച് പുറത്തെടുത്തിരിക്കുന്നത്.

നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ, നിർദേശക തത്ത്വങ്ങൾ, ഫെഡറലിസം, രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട അടിസ്ഥാന തത്ത്വങ്ങൾ, സംവരണ വ്യവസ്ഥകൾ, കോടതി വിധികൾ എന്നിവയെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടൊരു കസർത്ത് നടത്തിയിരിക്കുകയാണല്ലോ കേന്ദ്ര സർക്കാർ. മുൻപ്, ബി.ജെ.പിക്ക് ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന മൂന്ന് കാർഷിക നിയമങ്ങളോടൊപ്പം പ്രതിപക്ഷ കക്ഷികളുടെ അസാന്നിധ്യത്തിൽ ഏകപക്ഷീയമായി പാസാക്കിയെടുത്ത നാല് തൊഴിൽനിയമസംഹിതകൾ. അവ  ഇത്രയുംകാലം കോൾഡ് സ്റ്റോറേജിൽ പൂഴ്ത്തിവച്ചിരിക്കയായിരുന്നു. 2025-2047 കാലയളവിൽ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പുതിയ ദേശീയ തൊഴിൽ നയത്തിന്റെ കരട്' ശ്രം ശക്തി നീതി 2025' എന്ന പേരിൽ അവതരിപ്പിച്ചതിനു പിന്നാലെ, ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഈ വള്ളിക്കെട്ടിന്റെ വരവ്. 2019-2020 കാലത്തെ ആ നാല് ലേബർ കോഡുകൾ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ട് നവംബർ 21ന് കേന്ദ്ര തൊഴിൽമന്ത്രാലയം വിജ്ഞാപനമിറക്കുകയായിരുന്നല്ലോ..!

തൊഴിൽ അവകാശമല്ല, ധർമ്മമാണ് എന്ന് മനുസ്മൃതി, ശുക്രനീതി, യാജ്ഞവല്ക്യസ്മൃതി, അർഥശാസ്ത്രം എന്നിവയെ ആധാരമാക്കി ചാതുർവർണ്യവ്യവസ്ഥയിലെ നിർവചനത്തിലേക്ക് തിരിച്ചുനടത്തുന്നതാണ് ശ്രം ശക്തി നീതി എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെയങ്ങനെ തള്ളിക്കളയാൻ കഴിയില്ല. 

vachakam
vachakam
vachakam

ഒരു നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷുകാരുടെ കാലത്ത് പാസാക്കിയ 1923ലെ കോമ്പൻസേഷൻ ആക്ട് മുതൽ 2008ലെ സംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമങ്ങൾവരെയുള്ള 29 നിയമങ്ങൾ ക്രോഡീകരിച്ചാണ് വേതനം, വ്യാവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യങ്ങളും എന്നിവയുമായി ബന്ധപ്പെട്ട നാലു കോഡുകൾ 2019 ഓഗസ്റ്റ്, 2020 സെപ്തംബർ കാലയളവിലായി പാർലമെന്റ് പാസാക്കിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ടേമിൽ ഏറ്റവും പ്രതാപനായി വാണിരുന്ന കാലത്ത്, 2020 സെപ്തംബറിൽ ഏകപക്ഷീയമായി പാസാക്കിയ മൂന്നു കാർഷിക നിയമങ്ങൾ അതിശക്തമായ കർഷക പ്രക്ഷോഭത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ പിൻവലിക്കേണ്ടിവന്ന സാഹചര്യത്തിലാണ്, 'സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രവും പുരോഗമനപരവുമായ തൊഴിലധിഷ്ഠിത പരിഷ്‌കാരങ്ങൾ, വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്ര വേഗത്തിലാക്കുന്നവ' എന്ന് മോദി ഇപ്പോൾ ഉദ്‌ഘോഷിക്കുന്ന നാലു തൊഴിൽ സംഹിതകളും മരവിപ്പിക്കേണ്ടിവന്നത്.

കൊറോണ മഹാമാരിക്കാലത്തെ ലോക്ഡൗൺ പ്രതിസന്ധിയിൽ ഇന്ത്യയിലെ 40 കോടി തൊഴിലാളികൾ ദാരിദ്ര്യത്തിന്റെ വക്കിലെത്തുകയും അസംഘടിത മേഖലയിൽ 19.50 കോടി പേർക്ക് പണിയില്ലാതാവുകയും ചെയ്ത സാഹചര്യം കൂടിയായിരുന്നു അത്. ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതെ പോയ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയമായി പരിക്ഷീണിതനായ മോദി, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും, ഏറ്റവുമൊടുവിൽ ബിഹാറിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വമ്പൻ വിജയത്തോടെ പഴയ വീര്യവുമായി ഇപ്പോൾ വന്നിരിക്കുന്നത്.

vachakam
vachakam
vachakam

രാജ്യത്തെ തൊഴിലാളികൾ സംഘടിച്ച് കൊളോണിയൽ കാലം മുതൽ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത എല്ലാ തൊഴിലവകാശങ്ങളെയും തൊഴിൽസുരക്ഷയെയും ഇല്ലാതാക്കുന്ന ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്ന നാല് ലേബർ കോഡുകൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.

കോർപ്പറേറ്റ് മൂലധന താൽപര്യങ്ങളാണ് നാല് ലേബർ കോഡുകൾക്ക് പിറകിലുള്ളത്. ഇന്ത്യൻ ജനതയോ ഇവിടെ സമ്പത്തുൽപാദിപ്പിക്കുന്ന തൊഴിലാളികളോ അവരുടെ ജീവിതാവകാശങ്ങളോ അല്ല മോദി സർക്കാരിനെ നയിക്കുന്നത്. മറിച്ച്, അംബാനി അദാനിമാർ നേതൃത്വം നൽകുന്ന കോർപ്പറേറ്റ് മൂലധന താൽപര്യമാണ്. 2024ലെ ദാവോസ് സാമ്പത്തിക ഉച്ചകോടിയിൽ പ്രസംഗിക്കവെ നരേന്ദ്രമോദി ആഗോള മൂലധനശക്തികളാവശ്യപ്പെടുന്ന തൊഴിൽനിയമ പരിഷ്‌കാരങ്ങൾ ഇന്ത്യയിൽ നടപ്പാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞത് ഓർക്കുക. 

സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള വ്യാപാരമാറ്റങ്ങൾ, കാലാവസ്ഥാ വെല്ലുവിളികൾ, ഭൗമരാഷ്ട്രീയം എന്നിവ മൂലം ജോലിസ്ഥലം അനുദിനം അഗാധമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് കൈകാര്യം ചെയ്യുന്നതിന് തിടുക്കത്തിലുള്ള നിയമനിർമാണമല്ല വേണ്ടത്. തികച്ചും സുതാര്യവും സൂക്ഷ്മവുമായ നയരൂപീകരണമാണിപ്പോൾ ആവശ്യം. സർക്കാരും തൊഴിലുടമകളും തൊഴിലാളി സംഘടനകളും ചേർന്നു ചർച്ച നടത്തുന്ന ത്രികക്ഷി സംവിധാനമായ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) കഴിഞ്ഞ പത്തുവർഷമായി സമ്മേളിച്ചിട്ടേയില്ല. പ്രതിമാസ മിനിമം വേതനം 18,000 രൂപയാക്കണമെന്ന് ഐഎൽസി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇത് 26,000 രൂപയായി ഉയർത്തണമെന്നാണ് കേന്ദ്ര ട്രേഡ് യൂണിയനുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. 

vachakam
vachakam
vachakam

സമ്പത്തുൽപാദനത്തിന്റെ അടിസ്ഥാനം അദ്ധ്വാനവും തൊഴിലും ആണെന്നുപോലും പരിഗണിക്കാതെയാണ് കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യൻ തൊഴിലാളിവർഗം ഒട്ടേറെ സമരങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത തൊഴിലവകാശങ്ങളെ ഇല്ലാതാക്കുന്ന ലേബർ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

തൊഴിൽനിയമങ്ങളുടെ എണ്ണം കുറച്ച്, അവയെ ലളിതവും യുക്തിസഹവുമാക്കാനാണ് ലേബർ കോഡുകൾ എന്നതാണ് കേന്ദ്ര സർക്കാർ നിരത്തുന്ന ന്യായം. എന്നാൽ, കോർപ്പറേറ്റുകളെ എങ്ങിനേയും പ്രീണിപ്പിക്കുക എന്ന തന്ത്രം മാത്രമാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്ന്ത്.

തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളായി ചുരുക്കാനുള്ള നീക്കത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും അതി ശക്തമായി എതിർത്തിരുന്നു. എന്നാൽ പിന്നീട് ബി.എം.എസ് നിലപാടിൽ മാറ്റം വരുത്തി. തൊഴിൽനിയമഭേദഗതികളെ തുടക്കത്തിൽ അവർ ശക്തമായി എതിർത്തെങ്കിലും ഒടുവിൽ കേന്ദ്രസർക്കാരിന് വഴങ്ങിക്കൊണ്ട് പിന്തുണ നൽകുന്നതാണ് കണ്ടത്.

സംഘടിക്കാനും യൂണിയനുകൾ ഉണ്ടാക്കാനുമുള്ള അവകാശവും വ്യവസായബന്ധ കോഡിലൂടെ ഇല്ലാതാക്കി. അംഗീകൃത യൂണിയനുകളെ നിശ്ചയിക്കാനുള്ള ഒരു മാനദണ്ഡവുമില്ല. രഹസ്യ ബാലറ്റിലൂടെ അംഗീകൃത യൂണിയനുകളെ കണ്ടെത്തണമെന്ന ദീർഘകാല ആവശ്യവും പരിഗണിച്ചിട്ടില്ല. തൊഴിൽ സ്ഥാപനങ്ങളിൽ കൂട്ടായി വിലപേശാനുള്ള അവകാശവും തൊഴിലാളിക്ക് ഇല്ലാതാക്കുന്നു. പണിമുടക്കാനുള്ള അവകാശവും വ്യവസായബന്ധകോഡ് നിഷേധിക്കുന്നു. പണിമുടക്കിന് 14 ദിവസത്തെ നോട്ടീസ് നൽകണമെന്ന് നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും നോട്ടീസ് നൽകി സമവായ ചർച്ചകൾ നടക്കുമ്പോൾ സമരം അനുവദിക്കുന്നില്ലെന്ന വ്യവസ്ഥ വെച്ചിരിക്കുകയാണ്. വിചാരണാനടപടികളിലൂടെ തർക്കം പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞാൽപിന്നെ മൂന്ന് മാസത്തേക്ക് പണിമുടക്ക് അനുവദിക്കില്ല. അവശ്യസേവനമേഖലയിൽ സമരത്തിന് ആറ് ആഴ്ച മുമ്പ് നോട്ടീസ് നൽകണം. ഫലത്തിൽ ഡിമാന്റുകൾ ഉന്നയിച്ച് സമരം ചെയ്യാനുള്ള അടിസ്ഥാന അവകാശം തന്നെയാണ് പുതിയ വ്യവസായബന്ധകോഡ് നിഷേധിക്കുന്നത്.

ഇതിനെതിരെ ബി.എം.എസ് ഒഴികെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ കർഷക സംഘടനകളും സംയുക്തമായി ഇന്ത്യയിലാകെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.  കാർഷിക നിയമങ്ങൾക്കെതിരായി സംയുക്ത കിസാൻ മോർച്ച നടത്തിയ ഐതിഹാസിക സമരത്തിന്റെ അഞ്ചാം വാർഷികത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam