റഷ്യന്‍ എണ്ണയോട് ഇന്ത്യ മുഖം തിരിച്ചതിന് കാരണം യുഎസ് തീരുവ മാത്രമോ? 

DECEMBER 3, 2025, 5:52 AM

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഇറക്കുമതിയില്‍ ഇത്രയും കുറവ് വരുത്തിയിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 സെപ്റ്റംബറില്‍ റഷ്യയുടെ എണ്ണ വിഹിതം ഇന്ത്യയിലേക്ക് 41 ശതമാനം ആയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 31 ശതമാനം ആയി കുറഞ്ഞു. അമേരിക്ക ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ ഉള്‍പ്പെടെ ഉള്ള കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പടുന്നത്.

മുന്‍പ് പല സന്ദര്‍ഭങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ അത് മറിച്ചു വില്‍ക്കുന്നത് ഉക്രെയ്ന്‍ യുദ്ധം തുടരാന്‍ പുടിനെ സഹായിക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് പലപ്പോഴായി ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

നിലവിലെ സവിശേഷ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതിന്റെ ഏക കാരണം യുഎസിന്റെ തീരുവ മാത്രമല്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് അതിവേഗം സംഭവിച്ചിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ചു കൊണ്ടാണ് ഇന്ത്യയും നയം മാറ്റുന്നത്.

2022 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെ റഷ്യയില്‍ നിന്ന് പ്രതിദിനം ഏകദേശം 1.7 മുതല്‍ 1.9 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇത് ഇന്ത്യക്ക് 17 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കി എന്നാണ് കരുതപ്പെടുന്നത്. ഈ നീക്കം ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉത്പാദനച്ചെലവില്‍ വലിയ നേട്ടങ്ങള്‍ നല്‍കി. എന്നാല്‍ റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ഓഗസ്റ്റില്‍ ട്രംപ് 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യക്ക് വെല്ലുവിളിയായി.

റഷ്യയെ ഒഴിവാക്കാന്‍ വേറെയും കാരണങ്ങള്‍

കഴിഞ്ഞ നവംബറില്‍ റഷ്യയിലെ രണ്ട് വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനും അമേരിക്ക കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ കമ്പനികളായിരുന്നു റഷ്യയുടെ 60 ശതമാനം എണ്ണയും ഇന്ത്യക്ക് നല്‍കിയിരുന്നത്. ഇത് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് കൂടുതല്‍ ദുഷ്‌കരമാക്കി.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം, റഷ്യ ഒരു ബാരലിന് 20 മുതല്‍ 25 ഡോളര്‍ വരെ കിഴിവിലാണ് ക്രൂഡ് ഓയില്‍ വിറ്റിരുന്നത്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 130 ഡോളറായിരുന്നു എണ്ണ വില. അതുകൊണ്ട് ഈ വില ഇന്ത്യക്ക് താങ്ങാനാവുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരലിന് ഏകദേശം 63 ഡോളറാണ് വില. ഇതോടെ റഷ്യയും അവരുടെ കിഴിവ് ഒരു ബാരലിന് 1.5 മുതല്‍ 2 ഡോളറായി കുറച്ചു.

മറ്റ് കാരണങ്ങളും ഇന്ത്യയെ റഷ്യന്‍ എണ്ണയില്‍ നിന്ന് അകറ്റിയിരുന്നു. അമേരിക്കയെ കൂടാതെ യൂറോപ്യന്‍ യൂണിയനും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് പ്രകാരം 2026 ജനുവരി 21 ന് ശേഷം ഇന്ത്യ, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് റഷ്യന്‍ ക്രൂഡ് ഓയിലില്‍ നിന്ന് നിര്‍മ്മിച്ച ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ല. ഇതോടെ ഇന്ത്യയുടെ വലിയൊരു വിപണി ഇല്ലാതായിരിക്കുകയാണ്.

പിന്നാലെ രൂപയുടെ കാര്യത്തിലും റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ വലിയ തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങിയിട്ടുണ്ടെങ്കിലും റഷ്യയിലേക്ക് ഇന്ത്യയുടെ കയറ്റുമതി വളരെ കുറവായിരുന്നു. ഈ വ്യാപാര അസന്തുലിതാവസ്ഥ കാരണം വലിയ അളവില്‍ ഇന്ത്യന്‍ രൂപ റഷ്യയില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതും ഇപ്പോഴത്തെ ഇറക്കുമതി കുറവിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam