സാംസ്‌കാരിക കേരളമെന്നും സാക്ഷര കേരളമെന്നുമുള്ള അഭിമാന ബോധത്തെ പരിഹസിച്ച് വളയമില്ലാതെ ചാടുന്ന പതിവ് തിരുത്തുന്നില്ല തെരഞ്ഞെടുപ്പു കാലത്തെ വിമതരും അപരരും. ഭാഷാ, സാംസ്‌കാരിക,രാഷ്ട്രീയ സാക്ഷരതയെ ഒറ്റയടിക്ക് കൊഞ്ഞനം കുത്തുകയാണവർ. അക്ഷരജ്ഞാനത്തെ നോക്കുകുത്തിയാക്കി ആത്മനിന്ദയുടെ അരികു ചേർന്നുള്ള ഈ മുട്ടടവ് അപര സ്ഥാനാർഥികളിലൂടെ ഏറെ പ്രകടമാകുന്നു മുമ്പത്തെപ്പോലെ തന്നെ ഇക്കുറിയും തദ്ദേശ തെരഞ്ഞെടുപ്പിൽ.
പൊതുവേ കേരളീയർ ഭാഷയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും സംസ്‌കാരത്തിലുമെല്ലാം സാക്ഷരരാണ്. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ കേരളം വിദ്യാഭ്യാസത്തിൽ മുന്തിനിന്നു. ദേശീയ തലത്തിൽ ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനമെന്ന ഖ്യാതിയുമുണ്ട് കേരളത്തിന്. 1987 ലെ നായനാർ സർക്കാരാണ് സാക്ഷരതായജ്ഞം ഫലപ്രദമായി നടപ്പാക്കിയത്. ലോകത്തിന് മാതൃകയായ വലിയ പരിശ്രമമായിരുന്നു അത്.
അക്ഷരം നേരത്തെ പഠിക്കാത്ത പ്രായം ചെന്നവർ വരെ അക്കാലത്ത് അക്ഷരങ്ങൾ കൂട്ടിവായിച്ച് സ്വന്തം പേരെഴുതിത്തുടങ്ങി. സാക്ഷര സമ്പൂർണ സംസ്ഥാനമായി 1991 ൽ കേരളം പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, ഈ മാഹാത്മ്യത്തെ ഭാഗികമായെങ്കിലും താറുമാറാക്കുന്ന രീതികളാണ് തെരഞ്ഞെടുപ്പു വരുന്നതോടെ ആവർത്തിക്കപ്പെടുന്നത്.
എതിർ സ്ഥാനാർഥിയുടെ പേരുള്ള ഒരാളെ മറ്റൊരു ചിഹ്നത്തിൽ അവതരിപ്പിച്ച് ബാലറ്റിൽ ആശയക്കുഴപ്പമുണ്ടാക്കി വോട്ട് ഭിന്നിപ്പിക്കുകയാണ് അപര സ്ഥാനാർഥിത്വത്തിന്റെ കുറുക്കുയുക്തി. അപരന്മാരെ രംഗത്തിറക്കുന്നതിന് എല്ലാ പാർട്ടികളും മുന്നണികളും ഒരുപോലെ മത്സരിച്ചു ഇത്തവണയും. പൊതുജനങ്ങളുടെ സൂക്ഷ്മ ബുദ്ധി സംബന്ധിച്ച് വിപരീത മുൻവിധിയോടെയുള്ള ഈ സൂത്രം നവകേരളത്തിലും വ്യാപകം. പ്രചാരണമോ പോസ്റ്റർ പതിക്കലോ ഒന്നുമില്ലാതെ അപരൻമാരിൽ ചിലർ ആയിരക്കണക്കിന് വോട്ടുകൾ പെട്ടിയിലാക്കിയിട്ടുണ്ട് നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ. കെ.സുധാകരൻ, കെ.മുരളീധരൻ, എം.കെ.രാഘവൻ, പി.കെ.ബിജു തുടങ്ങിയവരെ തിരഞ്ഞെടുപ്പുകളിലെല്ലാം അതേ പേരിലുള്ളവർ സ്ഥിരമായി പിന്തുടർന്നുപോന്നിട്ടുണ്ട്.
സാക്ഷരത കൊണ്ട് നേടിയെടുത്ത അക്ഷരജ്ഞാനത്തിന്റെ സാധ്യതയെ ഉപയോഗിച്ചും എന്നാൽ രാഷ്ട്രീയവും സാംസ്‌കാരികവുമായ സാക്ഷരതയെ റദ്ദ് ചെയ്തുമാണ് അപരന്മാരെ രംഗത്തിറക്കുന്നത്. അഥവാ ബാലറ്റിലെ സ്ഥാനാർഥിയുടെ പേര് മാത്രം വായിച്ച് ചിഹ്നമോ രാഷ്ട്രീയമോ ഒന്നും തിരിച്ചറിയാതെ വോട്ട് കുത്തിപ്പോരുന്ന സാധു മനുഷ്യരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് അപര സ്ഥനാർഥിത്വത്തിലൂടെ. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് വിശ്വസ്തരായ പാർട്ടിക്കാരെ കണ്ടെത്തി മുന്നണികൾ അപര സ്ഥാനാർഥികളെ നിർത്തുന്നത്.
ഒരു വാർഡിൽ എട്ടോ പത്തോ വോട്ട് മറിഞ്ഞാൽ ഫലം തന്നെ മാറിയേക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ എന്നിരിക്കേ വെറും തമാശക്കളിയല്ല പലയിടത്തും വിമത, അപര വിളയാട്ടം. അപരരും വിമതരും തെരഞ്ഞെടുപ്പിലെ താരങ്ങൾ ആയി മാറുന്നു. വിമതർ പുറത്തിറങ്ങി വോട്ട് പിടിച്ച് ജയിക്കാൻ ശ്രമിക്കുമ്പോൾ അപരന്മാർ ഒളിച്ചിരുന്ന് ആളറിയാതെ വോട്ട് കട്ടുപിടിച്ച് തോൽക്കാനുറച്ചവരാണ്. പാർട്ടികളുടെ ചവേറുകളാണിവർ. എതിർസ്ഥാനാർഥിയുടെ പേര് തന്നെ സ്വന്തം പേരായി എന്ന ഒറ്റക്കാരണത്താൽ പാർട്ടി ചെലവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ബാലറ്റിൽ ഇടംപിടിക്കാൻ അവസരം ലഭിക്കുന്നവർ. പാർട്ടി പറഞ്ഞാൽ ഇടംവലം നോക്കാതെ അനുസരിക്കുന്ന തീവ്ര മെമ്പർമാരാണ് അപരരിൽ ഏറെയും.
സുധീര പതനം
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വി.എം.സുധീരന്റെ അപരനായി എത്തിയ വി.എസ്.സുധീരൻ നേടിയത് 8,282 വോട്ടുകളാണ്. വി.എം.സുധീരന്റെ പരാജയത്തിന് അപരന്റെ സാന്നിധ്യം പ്രധാന ഘടകമായി. കോഴിക്കോട്ടുനിന്ന് വിജയിച്ച എം.പി.വീരേന്ദ്രകുമാറിന് സ്വതന്ത്രനായ കെ.വീരേന്ദ്രകുമാറായിരുന്നു അപരൻ. 7,162 വോട്ടുകൾ സ്വതന്ത്രൻ നേടി.അന്ന് മൂവാറ്റുപുഴ മണ്ഡലമാണ് അപരൻമാരെ ഏറെ കണ്ടത്. പി.സി.തോമസ്, ജോസ് കെ.മാണി, പി.എം.ഇസ്മായിൽ എന്നിവരായിരുന്നു പ്രധാന സ്ഥാനാർഥികൾ. കുറേ അപരൻമാരും അണിനിരന്നു. വോട്ടുകൾ അവർകൂടി പങ്കിട്ടതോടെ 529 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പി.സി.തോമസിന്റെ വിജയം. അപരൻമാരിൽ ചിലർ രണ്ടായിരത്തിലേറെ വോട്ടുകൾ നേടുകയും ചെയ്തു.
2009 ൽ പൊന്നാനിയിൽ ഡോ. ഹുസൈൻ രണ്ടത്താണിക്കെതിരേ ഉണ്ടായിരുന്നത് അഞ്ച് ഹുസൈൻമാരാണ്. വയനാട്ടിൽ എം.ഐ.ഷാനവാസിനെതിരേ രണ്ട് ഷാനവാസുമാരും എം.റഹ്മത്തുള്ളയ്‌ക്കെതിരേ രണ്ട് റഹ്മത്തുള്ളമാരും വടകരയിൽ പി.സതീദേവിക്കെതിരേ സ്വതന്ത്രരായ രണ്ട് സതീദേവിമാരും മത്സരിച്ചു. കോഴിക്കോട്ട് മുഹമ്മദ് റിയാസിനെതിരേയുമുണ്ടായിരുന്നു മൂന്ന് മുഹമ്മദ് റിയാസുമാർ. തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ ശശി കളപ്പുരയ്ക്കലും ശശി ജാനകീസദനും വന്നു. കൊല്ലത്ത് എൻ.പീതാംബരക്കുറുപ്പിനെതിരേ മത്സരിച്ച എൻ.പീതാംബരക്കുറുപ്പ് നേടിയത് 4,553 വോട്ടുകൾ. 2014ൽ കണ്ണൂരിൽ പരാജയപ്പെട്ട കെ.സുധാകരന് അപരൻമാരായി മത്സരിച്ച കെ.സുധാകരൻമാർ നേടിയ വോട്ടുകൾ നിർണായകമായിരുന്നു.
വിമതരാണ് തിരഞ്ഞെടുപ്പിലെ മറ്റൊരു താരനിര. സ്വന്തം പാർട്ടിക്കും മുന്നണിക്കും ഭീഷണിയായി ഔദ്യോഗിക എതിർ സ്ഥാനാർഥി ഉണ്ടായിരിക്കേ തന്നെ മത്സരരംഗത്ത് വരുന്നവരെയാണ് വിമതരായി കണക്കാക്കുന്നത്. മോഹിച്ചു കാത്തിരുന്ന സ്ഥാനാർഥിത്വം നഷ്ടപ്പെടുന്നതിലെ നിരാശയും പ്രതിഷേധവുമാണ് ഭൂരിഭാഗമിടങ്ങളിലെയും വിമതരുടെ പ്രേരണ. ചിലയിടങ്ങളിൽ ഇത് കൂട്ടായ തീരുമാനമാകും. കൂട്ടമായി സ്ഥാനാർഥികളും ഉണ്ടാകും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നഗരസഭയിലേക്ക് മുൻ എം.എൽ.എ. പി.കെ ശശിയെ പിന്തുണയ്ക്കുന്നവർ ഇങ്ങനെ സി.പി.എം വിമതരായി രംഗത്തുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഈ കൂടുമാറ്റം ഒടുവിൽ കണ്ടത് പാലക്കാടായിരുന്നു. കടുത്ത സി.പി.എം പിണറായി വിമർശകനും കോൺഗ്രസ്സ് നേതാവുമായിരുന്ന പി. സരിൻ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പൊടുന്നനെ സി.പി.എം സ്ഥാനാർഥിയായി ചുവപ്പണിഞ്ഞു.
ഇതിനകം രംഗമൊഴിഞ്ഞുപോയ സ്ഥാനാർഥികളിലെ മറ്റൊരു വിഭാഗമാണ് ഡമ്മി. മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികളുടെ പട്ടിക എന്തെങ്കിലും കാരണത്താൽ നിരസിക്കപ്പെട്ടാൽ പകരം മത്സരരംഗത്ത് വരാൻ വേണ്ടി പത്രിക സമർപ്പിക്കപ്പെടുന്നവർ. സൂക്ഷ്മ പരിശോധന പൂർത്തിയായാൽ പത്രിക പിൻവലിക്കാനുള്ള അവസരത്തിൽ പിൻവാങ്ങുന്നതോടെ ഇവരുടെ ദൗത്യം അവസാനിക്കുന്നു. എന്നാൽ ഔദ്യോഗിക സ്ഥാനാർഥികളുടെ പട്ടിക തള്ളുന്നപക്ഷം ഡമ്മിയാകും താരം. ഈ തെരഞ്ഞെടുപ്പിലും അങ്ങനെ ചില ഡമ്മികൾക്ക് അവസരം ലഭിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്തതും കോടതിയിൽ പോയി പേര് ചേർത്തതും അതേ കോടതി പേര് ചേർക്കാൻ വിസമ്മതിച്ചതുമെല്ലാം കണ്ടു.
രാഷ്ട്രീയ പ്രവർത്തനത്തിൽ അംഗീകാരത്തിന്റെ മുഖ്യ അളവുകോൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണിപ്പോൾ. പാർലമെന്ററി വ്യമോഹം എന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന ഈ മനോഭാവം ഇന്ന് ഏറെക്കുറെ ജനകീയവത്കരിക്കപ്പെട്ടു. പല വിമതരും എതിർ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥികളായി മാറി. പാർട്ടിയും മുന്നണിയും വിട്ട് വരുന്നവരെ പൂമാലയിട്ടു സ്വീകരിച്ച് സ്ഥാനാർഥിയാക്കുന്ന കലാപരിപാടിയും തുടരുന്നു. ഇന്നലെ വരെ രൂക്ഷമായി വിമർശിച്ചവരും ഇന്ന് പാർട്ടി വിട്ട് വന്നാൽ സ്വീകരിച്ചാനയിച്ച് സ്ഥാനാർഥിയാക്കും. രാഷ്ട്രീയ കാലുമാറ്റങ്ങളുടെ ഉത്സവകാലം കൂടിയാണ് തെരഞ്ഞെടുപ്പ്. ബി ജെ പിയിൽ ചേർന്ന് മണിക്കൂറുകൾക്കം തിരിച്ചു കോൺഗ്രസ്സിൽ തന്നെയെത്തിയ യുവാവിന്റെ കഥ സംസ്ഥാന തലത്തിലുള്ള വാർത്തയായി. ഈ ദിവസങ്ങളിൽ മിക്ക വാർഡിലും ഒരു രാഷ്ട്രീയ ചുവടുമാറ്റമെങ്കിലും നടന്നിട്ടുണ്ടാകും. മുന്നണി വിട്ട് മുന്നണിയിൽ ചേരുന്നവരും പാർട്ടി വിട്ട് പാർട്ടികളിലേക്ക് ചേക്കേറുന്നവരുമായി നൂറുകണക്കിനു കാലുമാറ്റങ്ങൾ നടന്നുകഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വേഷപ്പകർച്ചകൾ ധാരാളമായി നടക്കുന്നു.
'ആയാറാം ഗയാറാം'
തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ജനപ്രതിനിധിയാകുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ മേൽക്കോയ്മയും അംഗീകാരവുമായി കരുതുന്നവർ വർധിച്ചു. അതുകൊണ്ട് തന്നെ സീറ്റ് നിഷേധിക്കപ്പെടുമ്പോൾ പ്രതിഷേധവും പാർട്ടി മാറലും വിമതവേഷവുമെല്ലാം യഥേഷ്ടം അരങ്ങേറുന്നു. മത്സരിക്കാൻ സന്നദ്ധമാകുന്ന വിമതരേക്കാൾ പലമടങ്ങ് പിന്നാമ്പുറത്തെ വിമതർ കൂടി തെരഞ്ഞെടുപ്പിൽ തന്ത്രപരമായി വിഹരിക്കും. മത്സരരംഗത്ത് വരാതെ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ പിറകിലിരുന്ന് പണിയെടുക്കുന്നവരാണിവർ. അവരെയും നയിക്കുന്നത് നിരാശയും പ്രതിഷേധവും തന്നെ. ആയിരക്കണക്കിന് പ്രവർത്തകർക്ക് മത്സരിക്കാനും ജനപ്രതിനിധികളാകാനും അവസരമൊരുക്കുന്ന ജനാധിപത്യത്തിലെ ദേശോത്സവമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. അതേസമയം, എല്ലാവർക്കും അവസരം കൊടുക്കുക എന്നത് പാർട്ടികൾക്ക് വലിയ തലവേദനയാണ്. 50 ശതമാനം വനിതാ സംവരണം പാലിക്കേണ്ടതുകൊണ്ട് പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവർക്കെല്ലാംഅവസരം നൽകുക കൂടുതൽ ക്‌ളേശകരമായി.
മത്സരിക്കാനുള്ള അവസരം രണ്ടോ മൂന്നോ തവണകളായി പരിമിതപ്പെടുത്താനുള്ള പാർട്ടികളുടെ തീരുമാനത്തിനു പിന്നിൽ, ഊഴം കാത്തുകഴിയുന്നവർക്ക് അവസരം നൽകുക എന്ന ഉദ്ദേശ്യമാണു മുഖ്യം്. പരമാവധി അവസരങ്ങൾ നൽകാൻ പാർട്ടികൾ ശ്രദ്ധിക്കുന്നതോടെ അവസരങ്ങൾക്കായി കാത്തിരിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നത് പ്രവർത്തകരുടെ അവകാശമായിത്തീരുകയാണ്. അവസര നിഷേധങ്ങളെച്ചൊല്ലിയുള്ള വിലാപങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. രാഷ്ട്രീയ നയനിലപാടുകളും വികസനവും ജനക്ഷേമവുമല്ല, പദവിയും പരിഗണനയും തന്നെയാണ് ഈ ഘട്ടത്തിലെ 'ആയാറാം ഗയാറാം' കൂടുമാറ്റങ്ങളുടെ കേന്ദ്ര കാരണം.
സ്ഥാനാർഥികളും വോട്ടർമാരുമെല്ലാം തമ്മിൽ അറിയുന്നു എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം സ്ഥാനാർഥികളായുണ്ടാകും. നിലപാടെടുക്കുക പ്രയാസമാണ്. 'വേണ്ടതുപോലെ ചെയ്യാം' എന്ന നയതന്ത്രപരമായ ഒറ്റ വാചകത്തിൽ ഈ പ്രതിസന്ധിയെ മറികടക്കുന്നവരാണധികവും. ജനാധിപത്യത്തിന്റെ നാട്ടുത്സവം ഇങ്ങനെ മനുഷ്യരുടെ ബഹുമുഖ വ്യവഹാരങ്ങളുടെ രസക്കൂട്ടുകൾ കൂടിയാണ്. റോഡ്, പാലം, പെൻഷൻ, കൃഷി, ആശുപത്രി എന്നിവയൊക്കെയാണ് തിരഞ്ഞെടുപ്പിന്റെ ആണിക്കല്ല്. പക്ഷേ, അതൊക്കെ ആലോചിക്കാൻ ഏറെ മെനക്കെടുന്നില്ല സമ്മതിദായകർ. നാട്ടുകാർ തമ്മിലാണ് മത്സരമെങ്കിലും ചർച്ചാവിഷയങ്ങൾ ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലൂന്നിയാണ് കത്തിക്കയറുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പുകാലത്തുണ്ടാകുന്ന അടുപ്പവും അകൽച്ചയുമെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീളുമെന്നതുകൊണ്ട് ജനങ്ങളെ പരമാവധി സ്വാധീനിക്കാൻ മൂന്നു മുന്നണികളും ആഞ്ഞുശ്രമിക്കുന്നുണ്ട്. സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളിലൂന്നിയുള്ള പ്രചാരണമായിരുന്നു എൽ.ഡി.എഫ് ലക്ഷ്യമിട്ടിരുന്നത്.പക്ഷേ, ഇതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനത്ത തലവേദന സൃഷ്ടിച്ചു. യു.ഡി.എഫ്. ആകട്ടെ സർക്കാരിന്റെ പരിഷ്‌കരണ നീക്കങ്ങളത്രയും വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായി അവതരിപ്പിക്കുന്നു. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും ഉയർത്തുന്ന ആക്ഷപങ്ങൾക്ക് എൻ.ഡി.എ. സ്ഥാനാർഥികളാണ് പലയിടത്തും മറുപടി പറയേണ്ടിവരുന്നത്.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
