ചാനലുകളിൽ കുമുകുമാന്ന് പൊങ്ങിപ്പരക്കുകയാണ് പെണ്ണു കേസുകളുടെ മസാലമണം. രാഷ്ട്രീയത്തിലാകട്ടെ മസാല ബോണ്ടിനെക്കുറിച്ചുള്ള ചർച്ചകൾ പൊടി പാറുന്നു. ഈ 'സൊയമ്പൻ' അന്തരീക്ഷമൊരുക്കിയ രാഷ്ട്രീയക്കാർ ഉള്ളിൽ ചിരിക്കുന്നുണ്ട്. കുത്തി നിന്ന ജനകീയ പ്രശ്‌നങ്ങൾ പലതും നനഞ്ഞ പടക്കങ്ങളാണിപ്പോൾ. പേപ്പട്ടി ശല്യമോ, വന്യജീവി ആക്രമണമോ, ട്രഷറിനിയന്ത്രണമോ ഒന്നും ഇപ്പോൾ വാർത്തയേയല്ല.
മുഖ്യമന്ത്രിക്കുള്ള ഇ.ഡി. നോട്ടീസും, അദ്ദേഹത്തിനായി 2 പുത്തൻ കാറുകൾ വാങ്ങാനുള്ള ധനവകുപ്പിന്റെ അനുമതിയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായെങ്കിലും അതിനൊന്നും വലിയ ഗുമ്മില്ല. പകരം രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെ പഴയകാല ബലാത്സംഗ വീരന്മാരായ ബാലൻ കെ. നായരെ പോലെയും ടി.ജി.രവിയെയും പോലെ ആയിത്തീർന്നുവെന്ന ചർച്ചകൾ നവമാധ്യമങ്ങളിൽ നിരന്തരം നടക്കുന്നു. ശ്രീനിവാസെന്റ ഒരു സിനിമാ ഡയലോഗ് കടമെടുത്തു പറഞ്ഞാൽ രാഹുൽ എന്ന ''ബലാൽസംഗവീര'' നെ തപ്പി നടക്കുകയാണ് കേരളാ പൊലീസ് ഇപ്പോൾ.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള എ സർട്ടിഫിക്കറ്റുള്ള ചർച്ചകളും അന്വേഷണങ്ങളും തുടരുമായിരിക്കാം. ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച അന്വേഷണത്തിന് ഒരു ആഴ്ച കൂടി ഹൈക്കോടതി സമയം നീട്ടി നൽകിയതോടെ ആ പ്രശ്‌നവും തൽക്കാലം സർക്കാരിന് ചർച്ച ചെയ്യാതെ മാറ്റിവയ്ക്കാൻ കഴിഞ്ഞിരിക്കുകയാണ്.
ചിരട്ടയ്‌ക്കെല്ലാം ഇപ്പോ എന്താ വില?
കഷ്ടിച്ച് അഞ്ചു മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പാണ്. പിണറായി 3.0 വരുമെന്ന സ്വപ്‌നമാണ് സി.പി.എം. കാണുന്നത്. എന്നാൽ പിണറായി വീണ്ടും മുഖ്യമന്ത്രിയായാൽ ഘടകകക്ഷികൾ പലതും കാലപുരി പൂകുമെന്ന ചിന്ത സി.പി.ഐ.യ്ക്കു പോലുമുണ്ട്. സി.പി.ഐ. ഇല്ലെങ്കിലും ഭരണം നിലനിർത്താനുള്ള കുതന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വേണ്ടിവന്നാൽ സി.പി.ഐയെ പോലുള്ള ഒരു 'സ്ഥിരം തലവേദന' വേണ്ടെന്നുവച്ച് ബി.ജെ.പി.യൊ മറ്റ് ഏതെങ്കിലും യു.ഡി.എഫ്. പക്ഷക്കാരെയും കൂട്ടി ഭരിക്കാനും സി.പി.എം. മടിക്കില്ല.
കേന്ദ്രത്തിന്റെ നല്ല പിള്ളയായി മാറിയാൽ സർക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന ചിന്തയും പിണറായിക്കുണ്ട്. മാത്രമല്ല, കേന്ദ്ര ഏജൻസികളുടെ പട്ടികയിലുള്ള സ്വന്തം കുടുംബത്തിലുള്ളവർക്കെതിരെയുള്ള കേസുകളിൽ നിന്നും സ്ഥിരമായി തലയൂരാനും ബി.ജെ.പി.യുമായുള്ള സഖ്യം സഹായിച്ചേക്കുമെന്ന് അദ്ദേഹം ചിന്തിക്കാം. നേമത്ത് രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ പുറത്തുനിന്നുള്ള പിന്തുണ പിണറായിയും കൂട്ടരും പ്രതീക്ഷിക്കുന്നുണ്ട്. തൽക്കാലം പിണറായിയെ പിന്താങ്ങി നിർത്താനും തക്ക സമയത്ത് 'താങ്ങ് തള്ളിമാറ്റി' മന്ത്രിസഭ നിലത്തിടാനും കഴിയുന്ന ഒരു മാജിക്കൽ ഫോർമുല ഉരുത്തിരിഞ്ഞുവരാം.
പുതിയ സർക്കാർ കോൺഗ്രസ് നേതൃത്വത്തിലാണെങ്കിലോ? കേന്ദ്രം കോൺഗ്രസ് സർക്കാരിനെ ധനസഹായങ്ങൾ തടഞ്ഞുവെച്ച് 'പപ്പടം വറക്കുന്നതുപോലെ' വറക്കാം. 5 ലക്ഷം കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ കടം. ഈ അവസ്ഥയിൽ കോൺഗ്രസ് സർക്കാരിന് ചിരട്ടയെടുത്ത് തെണ്ടാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. കാരണം തേങ്ങയ്ക്ക് വില കൂടിയതോടെ ചിരട്ട വില ക്വിന്റലിന് 8000 രൂപയെന്നത് 36,000 രൂപയും കടന്നു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, ചിരട്ടയെടുത്ത് തെണ്ടാമെന്ന് കോൺഗ്രസോ സഖ്യകക്ഷികളോ കരുതുകയേ വേണ്ട!
കണിയാൻ പറഞ്ഞിട്ടാണോ കറുപ്പ് നിറം?
മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പിനോട് പണ്ടേ അലർജിയാണ്. ശബരിമല തീർത്ഥാടകർ കറുപ്പ് ധരിച്ച് മല കയറുന്നതുകൊണ്ടാണ് അദ്ദേഹം അയ്യപ്പന്മാരുടെ ആഗോള സംഗമത്തിൽ വെളു വെളുത്ത പ്ലാസ്റ്റിക് കസേരകൾ നിരത്തിയത് എന്നൊരു പരദൂഷണമുണ്ട്. കണ്ടക ശനിയെ നേരിടാൻ കറുപ്പ് നിറമുള്ള കാറിൽ സഞ്ചരിക്കാൻ അദ്ദേഹത്തിന് ഉപദേശം നൽകിയത് ആരാണെന്നറിയില്ല. എങ്കിലും ഏതോ ജ്യോതിഷക്കാരാണെന്നു ചിലർ പറയുന്നുണ്ട്. 2 കാറുകളാണ് പിണറായിക്കായി വാങ്ങാൻ പോകുന്നത്. ഇതിനായി ട്രഷറി നിയന്ത്രണത്തിൽ വരെ അയവ് വരുത്തേണ്ടിവന്നു. 2025 ഓഗസ്റ്റിലാണ് 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്ക് ധനവകുപ്പ് നിയന്ത്രണമേർപ്പെടുത്തിയത്.
2023 ലാണ് മുഖ്യമന്ത്രിക്ക് പുതിയ കാറുകൾ വാങ്ങിയത്. 2 ഇന്നോവ കാറുകളും 1 കിയ കാർണിവലുമാണ് അന്ന് വാങ്ങിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ കുറ്റം പറയുന്നതിൽ അപാകതയുണ്ട്. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ നാല് കോടി രൂപയോളം വിലയുള്ള റേഞ്ച് റോവർ കാറിലാണ് യാത്ര ചെയ്യുന്നത്. അപ്പോൾ നമ്മുടെ മുഖ്യമന്ത്രി 5560 ലക്ഷം രൂപ വില വരുന്ന കാറിൽ സഞ്ചരിക്കുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും?
കാർ വാങ്ങാൻ കാശുണ്ട്, പക്ഷെ?
മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ പണം അനുവദിച്ചവർ മന്ത്രിസഭ പാസാക്കിയിട്ടും ഗവർണർക്ക് പുതിയ കാർ വാങ്ങാൻ പണം ഇതുവരെ നൽകിയിട്ടില്ല. 11 മാസങ്ങൾക്കു മുമ്പാണ് ഗവർണറുടെ ഓഫീസിലേക്ക് 2 കാറുകൾ വാങ്ങാൻ ക്യാബിനറ്റ് അംഗീകാരം നൽകിയത്. 2009, 2011 മോഡൽ വാഹനങ്ങൾക്കു പകരം ലോക്ഭവന് (രാജ് ഭവന്റെ പുതിയ പേര് ഇങ്ങനെയാണിപ്പോൾ) 2 വണ്ടികൾ വാങ്ങാൻ 36 ലക്ഷം രൂപ അനുവദിച്ചത്.
ഭാരതാംബ ചിത്രവും, സർവകലാശാലാ വിവാദങ്ങളുമെല്ലാം ഗവർണർ കുത്തിപ്പൊക്കിയതോടെ പുതിയ കാറുകൾക്കുള്ള പണം ധനവകുപ്പ് വൈകിപ്പിക്കുകയാണെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിന് 45 ലക്ഷം പുല്ലുപോലെ വലിച്ചെറിഞ്ഞിട്ടും ഗവർണർക്കുള്ള വാഹനങ്ങളുടെ തുക നൽകാതെ സർക്കാർ ഉഴപ്പുകയാണിപ്പോൾ. ഗവർണർ ഇപ്പോൾ ഉപയോഗിക്കുന്ന കാറിന് 3 വർഷം പഴക്കമുണ്ട്. ആകെ 6 കാറുകളാണ് ലോക് ഭവനിലുള്ളത്. അതിൽ ഒരെണ്ണത്തിന് 16 വർഷം, മറ്റു വാഹനങ്ങൾക്ക് 14 വർഷവും 12 വർഷവും എന്നിങ്ങനെയാണ് പഴക്കം.
കാറുകൾ വാങ്ങണം. പഴക്കം ചെന്നവ മാറ്റണം. ഇതിലൊന്നും ആരും സർക്കാരിനെ പഴിക്കില്ല. പക്ഷെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ തുക മൂന്നു മാസമായി നൽകാതിരിക്കുക, പണം മുൻകൂട്ടി മുടക്കി നിർമ്മാണ ജോലികൾ പൂർത്തിയാക്കിയ കരാറുകാർക്ക് പണം നൽകാതിരിക്കുക, എങ്ങനെയും ഒരു വീടുണ്ടാക്കാൻ ശ്രമിക്കുന്ന ലൈഫ്മിഷൻ ഉപയോക്താക്കൾക്ക് പണം നൽകാതിരിക്കുക, പട്ടികജാതി/വർഗ വിദ്യാർത്ഥികളുടെ ധനസഹായത്തിനുള്ള അപേക്ഷകൾ പോലും കുറ്റിക്കാട്ടിൽ വലിച്ചെറിയുക തുടങ്ങിയ 'ജനക്ഷേമ നടപടി' കൾ നടപ്പാക്കുന്ന സർക്കാരിന് 1 കോടി 10 ലക്ഷം രൂപ ഒന്നുമല്ലായിരിക്കാം. ക്ലിഫ് ഹൗസിലെ ചാണകക്കുഴിക്ക് 10 ലക്ഷം രൂപ നീതിവയ്ക്കുന്ന സർക്കാർഒരു പാവപ്പെട്ടവന്റെ 445 സ്‌ക്വയർ ഫീറ്റ് വീടിന് നീക്കിവയ്ക്കുന്നത് 4 ലക്ഷം രൂപയാണെന്ന കാര്യവും മറക്കരുത്.
ഇലക്ഷൻ അടുക്കുമ്പോഴുള്ള ഇ.ഡി. കോമഡികൾ
കഴിഞ്ഞ ലേക്‌സഭാ തെരഞ്ഞെടുപ്പിന് ഇ.ഡി. എന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയെ അഴിമതിക്കേസിൽ പ്രതിക്കൂട്ടിലാക്കിയിരുന്നു. കരുവന്നൂർ ബാങ്കിലെ തിരിമറികളുടെ പേരിൽ സി.പി.എം.ന്റെ തൃശൂർ ജില്ലാ സെക്രട്ടറി പോലും കുറ്റവാളിയെന്ന നിലയ്ക്കായിരുന്നു ഇ.ഡി.യുടെ നടപടികൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞു.
സുരേഷ് ഗോപി ജയിച്ചു. സി.പി.എംന്റെ ജില്ലാ നേതാക്കൾക്കും മുൻമന്ത്രി ഏ.സി.മൊയ്തീനുമെതിരെയുമുള്ള നടപടികൾ ഇതോടെ മരവിച്ചു. ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി മുഖ്യമന്ത്രിക്കും മുൻധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനും കിഫ്ബി എം.ഡി. കെ.എം. എബ്രഹാമിനുമെതിരെ ഇ.ഡി.നോട്ടീസയച്ചിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ സഹായിക്കണമെന്നുള്ള പരോക്ഷമായ ഓർമപ്പെടുത്തലാണ് ഇ.ഡി. നോട്ടീസയച്ചിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ സഹായിക്കണമെന്ന പരോക്ഷമായ ഓർമപ്പെടുത്തലാണ് ഇ.ഡി. നോട്ടീസെന്ന് പ്രതിപക്ഷം പറയുന്നുണ്ട്. എന്നാൽ ഈ ആരോപണത്തെക്കാൾ നല്ലത് കേന്ദ്രം പിണറായി സർക്കാരിനെ വേട്ടയാടുന്നുവെന്ന പ്രചാരണം നടത്താൻ ഇ.ഡി.യുടെ നോട്ടീസ് സി.പി.എംന് സഹായകരമാകുമെന്നതല്ലേ?
വട്ടിപ്പലിശയേക്കാൾ കൂടുതൽ പലിശയ്ക്ക് (9.7 ശതമാനം) സംസ്ഥാന സർക്കാരിന്റെ ജാമ്യത്തിൽ മസാലബോണ്ട് വഴി പണം കടം വാങ്ങിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. 5 വർഷം കൊണ്ട് കടം വാങ്ങിയ തുക ഇരട്ടിയായി കേരള സർക്കാർ തിരിച്ചടയ്‌ക്കേണ്ടി വന്നു. ലാവ്‌ലിൻ ബന്ധമുള്ള കമ്പനിക്ക് സാമ്പത്തിക നേട്ടം തരമാക്കാവുന്ന വിധത്തിലാണ് മസാലബോണ്ടിന്റെ വിപണനം നടന്നത്. ആർ.ബി.ഐ.യുടെ അനുമതി വാങ്ങിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് തോമസ് ഐസക് അവകാശപ്പെടുന്നുണ്ട്.
കിഫ്ബി കടം വാങ്ങിയ തുക കൊണ്ട് സ്ഥലം വാങ്ങിയോ എന്ന ചോദ്യത്തിന് തോമസ് ഐസക്കിന്റെ മറുപടി 'ഇല്ല' എന്നാണ്. സ്ഥലം പർച്ചേയ്‌സ് ചെയ്യുകയല്ല, അക്വയർ ചെയ്യുകയായിരുന്നുവെന്ന മുൻ മന്ത്രിയുടെ മറുപടിയിലും കള്ളന്തരമുണ്ട്. കിഫ്ബിക്ക് എങ്ങനെ ഭൂമി അക്വയർ ചെയ്യാനാകും? സർക്കാരിനല്ലേ, അതിന് കഴിയൂ എന്നും നിയമ വിദദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മമ്മൂട്ടിയും ഷമ്മിയും ഹീറോയാടാ....!
നമ്മുടെ നടീനടന്മാരിൽ പലരും അപൂർവ പ്രതിഭകളാണ്. 'വിലായത്ത് ബുദ്ധ' എന്ന പൃഥ്വീരാജിന്റെ സിനിമ സാമ്പത്തികമായി പരാജയമാണെങ്കിലും ഷമ്മി തിലകന്റെ ആ ചിത്രത്തിലെ പ്രകടനം അത്യുഗ്രനായി. പകരം വയ്ക്കാനില്ലാത്ത നടൻ തിലകൻ, സ്വന്തം മകനായ ഷമ്മിയിലൂടെ അഭിനയത്തിന്റെ കൊടുമുടി തന്നെ നമുക്ക് മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. അത്രയ്ക്ക് മനോഹരമാണ് ഷമ്മിയുടെ ആ ചിത്രത്തിലെ അഭിനയം.
ഇനി പറയാനുള്ളത് മമ്മൂക്കയെക്കുറിച്ചാണ്. പൃഥ്വീരാജിനു വേണ്ടി എഴുതിയ കഥാപാത്രത്തെ സംവിധായകൻ ആ നടനു മുമ്പിൽ അവതരിപ്പിച്ചപ്പോൾ ആ വേഷം മമ്മൂക്ക ചെയ്താൽ നന്നാകുമെന്ന് പറയാൻ ആ യുവനടൻ കാണിച്ച വിവേകവും അഭിനന്ദനീയമാണ്. ഈ കഥയിൽ വീണ്ടുമൊരു ട്വിസ്റ്റുണ്ട്. മമ്മൂട്ടിക്കുള്ള പൊലീസ് വേഷവുമായി കളങ്കാവലിന്റെ സംവിധായകൻ ആ നടനെ സമീപിച്ചപ്പോൾ ആ പൊലീസ് വേഷം വിനായകൻ ചെയ്യട്ടെ, ഞാൻ വില്ലനായിക്കോളാമെന്ന തീരുമാനമാണ് വീണ്ടും ട്വിസ്റ്റായത്.
പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ മടിയുള്ളയാളാണ് വിനായകൻ. മാത്രമല്ല, കേരളത്തിലെ മിക്ക പൊലീസ് സ്‌റ്റേഷനുകളിലെയും സ്ഥിരം സന്ദർശകൻ. അൽപ്പ സ്വൽപ്പമല്ല, സാമാന്യം നല്ല തോതിൽ മദ്യപിക്കും എന്നിട്ടും, ഒരു കുസൃതിപ്പയ്യനെ ചേർത്തുപിടിക്കുന്നതുപോലെ വിനായകനിലേക്ക് ഒരു പുതിയ മനുഷ്യനെ തുന്നിപ്പിടിപ്പിച്ച മമ്മൂട്ടിയെ മലയാളികൾ മാത്രമല്ല ആദരവോടെ കാണേണ്ടതെന്ന് തോന്നുന്നു. മമ്മൂട്ടിക്കമ്പനിയുടെ തന്നെ യൂട്യൂബ് ചാനലിൽ കളങ്കാവലിന്റെ 'പ്രീ പ്രൊമോ' പരിപാടികളിൽ വിനായകനിലെ നല്ല മനുഷ്യനെ നമുക്ക് മുന്നിൽ അവതരിപ്പിച്ച മമ്മൂക്കയ്ക്ക് വേണ്ടി മമ്മൂട്ടി ഫാൻസുകരല്ലാത്തവരോടും ധൈര്യമായി നമുക്ക് പറയാം: ''കയ്യടിക്കെടാ'' എന്ന് !
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
