ഷിക്കാഗോ: പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐ.ഒ.സി.) നേതൃത്വത്തിൽ ഷിക്കാഗോയിലെ പൗരാവലി ഗംഭീര സ്വീകരണം നൽകി. സെന്റ്‌മേരീസ് ക്‌നാനായ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഐ.ഒ.സി. ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോർജ് പണിക്കർ അധ്യക്ഷത വഹിച്ചു.
കെ.എസ്.യുവിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വി.കെ. ശ്രീകണ്ഠൻ താൻ കൈവച്ച മേഖലകളിലൊക്കെ കൈയൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ്. ഷോർണ്ണൂർ നഗരസഭാംഗം, നഗരസഭ പ്രതിപക്ഷ നേതാവ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി പാർലമെന്റ് അംഗം വരെയുള്ള രാഷ്ട്രീയ ജീവിതം സാധാരണക്കാരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തിക്കൊണ്ടുള്ളതായിരുന്നു.
ഇടത് കോട്ടയായ പാലക്കാടിനെ കോൺഗ്രസ് വിജയത്തിലെത്തിച്ചത് എം.ബി. രാജേഷിനെ അട്ടിമറിച്ചാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും എം. വിജയരാഘവനെ അരലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പാർലമെന്റിലെത്തിയത്. സെക്രട്ടറി ജോർജ് ജോസഫ് കൊട്ടുകപ്പള്ളി സ്വാഗത പ്രസംഗം നടത്തുകയും പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.
ജോർജ് പണിക്കർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ വി.കെ. ശ്രീകണ്ഠന്റെ പ്രവർത്തനങ്ങൾക്ക് ഷിക്കാഗോ ഐ.ഒ.സി.യുടെ ആശംസകൾ നേർന്നു. തുടർന്ന് ഐ.ഒ.സി. ദേശീയ പ്രസിഡന്റ് സതീശൻ നായർ, മുൻ കേരള ചാപ്റ്റർ പ്രസിഡന്റ് പോൾ പി. പറമ്പി, മുൻ ദേശീയ ചെയർമാൻ തോമസ് മാത്യു, ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫസർ തമ്പി മാത്യു, വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ ഭാര്യയും കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയുമായ കെ.എ. തുളസി, മുൻ പ്രസിഡന്റ് സന്തോഷ് നായർ എന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി.
മറുപടി പ്രസംഗത്തിൽ കോൺഗ്രസ് പാർട്ടി ഉൾപ്പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ നൂറിലധികം എം.എൽ.എമാരുമായി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഷിക്കാഗോയിലെത്തി ഐ.ഒ.സി. പ്രവർത്തകരെ കണ്ടതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ ആന്റോ കവലയ്ക്കൽ, വൈസ് പ്രസിഡന്റ് അബ്രഹാം ജോർജ് (തമ്പി), സെക്രട്ടറി ബൈജു കണ്ടത്തിൽ, ടോമി അമ്പനേട്ട്, ബിജു കിഴക്കേക്കൂറ്റ്, സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ജോസ് മണക്കാട്, ജിക്കുമോൻ ജോസഫ്, ബാബു മാത്യു എന്നിവരുൾപ്പെടെ ഐ.ഒ.സി. ഭാരവാഹികളും ഷിക്കാഗോയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന മലയാളി സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
