ഒ.ബി.സി ക്രീമിലെയർ നിർണയവുമായി ബന്ധപ്പെട്ട വിധിയുടൻ ഭാവി നിയമനങ്ങൾക്ക് മാത്രം ബാധകമാക്കണമെന്നും വിധി നടപ്പിലാക്കാൻ രണ്ട് വർഷത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം നോക്കി ഒ.ബി.സി വിഭാഗക്കാരെ ക്രീമിലെയറായി കണ്ട് സംവരണാനുകൂല്യം നിഷേധിക്കാനാകില്ലെന്നും, സാമൂഹിക പദവിയും തസ്തികകളും കൂടി പരിഗണിക്കണമെന്നുമായിരുന്നു മാർച്ച് പതിനൊന്നിന് സുപ്രീം കോടതി വിധിച്ചത്. എന്നാൽ 2012 മുതൽ കേസ് നിലനിൽക്കുന്നതിനാൽ വിധിയ്ക്ക് മുൻകാല പ്രാബല്യം നൽകുന്നത് പ്രായോഗികമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്രം ഹർജിയിൽ വ്യക്തമാക്കി.
2012 മുതലുള്ള സിവിൽ സർവീസ് പരീക്ഷാ ഫലങ്ങൾ, മറ്റ് കേന്ദ്ര-സംസ്ഥാന സർക്കാർ നിയമനങ്ങൾ, കേഡർ അനുവദിക്കൽ, പ്രവേശനങ്ങൾ എന്നിവയെല്ലാം വീണ്ടും പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. ഇത് ലക്ഷക്കണക്കിന് ജീവനക്കാരുടെ സീനിയോറിറ്റിയെയും കരിയറിനെയും പ്രതികൂലമായി ബാധിക്കുകയും വലിയ രീതിയിലുള്ള ഭരണപരമായ ആശയക്കുഴപ്പത്തിന് വഴിവെക്കുകയും ചെയ്യും. ഒ.ബി.സി വിഭാഗക്കാർക്ക് പുറമെ മറ്റ് പൊതുവിഭാഗത്തിൽപ്പെട്ട ജീവനക്കാരെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ പദവികളെ സർക്കാർ സർവീസിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളുമായി താരതമ്യം ചെയ്ത് ഏകീകൃത മാനദണ്ഡം രൂപീകരിക്കാൻ സമയം ആവശ്യമാണെന്നാണ് കേന്ദ്രം ഉന്നയിക്കുന്ന മറ്റൊരു വാദം. അതിനാൽ വിധി പൂർണ്ണമായും പ്രാബല്യത്തിൽ വരുത്തുന്നതിന് മുൻപ് തത്തുല്യ തസ്തികകൾ നിശ്ചയിക്കാനും ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാനുമായി രണ്ട് വർഷത്തെ സമയം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേസിൽ വാദം കേട്ട സുപ്രീം കോടതി ഹർജിയിൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
