ദില്ലി: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാൻ ഡിഎംകെ ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. ഇതോടെ ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കേന്ദ്രത്തിന് ലഭിക്കും.
അതേസമയം മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ വധമാണെന്നും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കമാണെന്നും രാഹുൽ ആരോപിച്ചു.
കനിമൊഴിയും ഡിഎംകെ എംപിമാരായ എ. രാജ, ദയാനിധി മാരൻ, ടി.ആർ. ബാലു എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ലോക്‌സഭയിലെ 7.18% എന്ന സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുത് എന്നതാണ് ഡിഎംകെയുടെ ആവശ്യമെന്നും അത് കേന്ദ്രസർക്കാർ അംഗീകരിച്ചതായും ഡിഎംകെ എംപി എ. രാജ പറഞ്ഞു.
തമിഴ്നാടിന്റെ ലോക്സഭാ പ്രാതിനിധ്യത്തിൽ നിലവിലുള്ള 7.18 ശതമാനം വിഹിതം കുറയരുതെന്നും 1971ലെ ജനസംഖ്യാ അനുപാതമനുസരിച്ചുള്ള സംസ്ഥാനങ്ങളുടെ ആപേക്ഷിക പ്രാതിനിധ്യം 2051 വരെ നിലനിർത്തണമെന്നുമായിരുന്നു ഡിഎംകെയുടെ പ്രധാന ആവശ്യങ്ങൾ. പുതിയ ബില്ലിൽ ഈ ആവശ്യങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി പറയുന്നു.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡിഎംകെ അംഗങ്ങൾ ഉൾപ്പെടെ 97 എംപിമാരുടെ ലോക്സഭയിലെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തി. നവംബർ 30നാണ് പ്രത്യേക സമ്മേളനം തുടങ്ങുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
