മുതലപ്പൊഴി-വിഴിഞ്ഞം ദുരന്തങ്ങള്‍: സര്‍ക്കാരിനും ദുരന്തനിവാരണ ഏജന്‍സിക്കുമെതിരെ വിമര്‍ശനവുമായി ലത്തീന്‍ സഭയും സംഘടനകളും

AUGUST 6, 2026, 10:58 PM

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളില്‍ സര്‍ക്കാരിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ വിമര്‍ശനവുമായി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളി സംഘടനകളും രംഗത്തെത്തി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഫലപ്രദമായി നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ദുരന്ത നിവാരണ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു.

2018 ലെ ഓഖി ദുരന്തത്തിന് ശേഷവും സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും അപകട സാധ്യതയേറിയ മുതലപ്പൊഴിയില്‍ ആവശ്യമായ വെളിച്ചവും സുരക്ഷാ മാര്‍ഗ്ഗങ്ങളും ഒരുക്കാന്‍ ഫിഷറീസ് മന്ത്രാലയം തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫാ. യൂജിന്‍ പെരേര ആവശ്യപ്പെട്ടു.

മറ്റ് വരുമാന മാര്‍ഗ്ഗങ്ങളോ സാമ്പത്തിക സഹായമോ ലഭിക്കാതെ വരുമ്പോഴാണ് അപകട സാധ്യതയറിഞ്ഞും തൊഴിലാളികള്‍ കടലില്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നത്. അപകടത്തില്‍പ്പെടുന്നവരെ തത്സമയം രക്ഷിക്കാന്‍ പ്രത്യേക റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കണമെന്നും കാണാതായവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ച്ചയായ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും വികാരി ജനറല്‍ വ്യക്തമാക്കി.

തീരദേശവാസികളുടെ ജീവനും തൊഴിലിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ഡോ. ആന്റണി വാലുങ്കലും അഭിപ്രായപ്പെട്ടു. മണ്‍സൂണ്‍ കാലത്ത് വറുതിയിലാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണം. അതിനിടെ, അപകടങ്ങളില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി ഉപയോഗപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.

നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സേവനം വൈകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് പതിവാണെന്നും, ഭരണകൂടത്തിന്റെ ഈ ഉദാസീനത അവസാനിപ്പിക്കണമെന്നും ഐക്യവേദി കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam